മലപ്പുറം: കാർഷിക കലണ്ടറിനെ താളം തെറ്റിച്ച് പെയ്ത മഴയുടെ കണക്കിൽ സംസ്ഥാനത്ത് രണ്ടാംസ്ഥാനത്താണ് മലപ്പുറം. ജനുവരിയിൽ 0.3 മില്ലീമീറ്റർ മഴയാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് പ്രവചിച്ചിരുന്നത്. എന്നാൽ ഒരാഴ്ച്ചക്കിടെ മാത്രം 10.5 മില്ലീമീറ്റർ മഴയാണ് ലഭിച്ചത്. പ്രതീക്ഷിച്ചതിന്റെ പലയിരട്ടിയാണിത്. കണ്ണൂരിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. 32.3 മില്ലീമീറ്റർ. 0.3 മില്ലീമീറ്റർ മഴയായിരുന്നു പ്രതീക്ഷിച്ചിരുന്നത്. പസഫിക് സമുദ്രത്തിൽ നിലവിലുള്ള ലാ നിന സാഹചര്യവും ആഗോള കാലാവസ്ഥാ പ്രതിഭാസമായ മാഡൻ - ജൂലിയൻ ഓസിലേഷൻ അനുകൂലമായി വന്നതുമാണ് ജനുവരിയിലെ പതിവ് തെറ്റിയുള്ള മഴയ്ക്ക് കാരണമെന്നാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അധികൃതർ പറയുന്നത്.
ഡിസംബറിൽ തുലാവർഷം പിൻവാങ്ങിയപ്പോഴും ജില്ലയിൽ മഴയിൽ 58 ശതമാനത്തിന്റെ കുറവുണ്ടായിരുന്നു. വേനൽ മഴയോടെ ഇതിന് പരിഹാരമാവുമെന്ന കണക്കുകൂട്ടിലിനിടെയാണ് എല്ലാം തെറ്റിച്ച് മഴയെത്തിയത്. ഒക്ടോബർ മുതൽ ഡിസംബർ വരെയാണ് തുലാമഴ ലഭിക്കുക. ഇക്കാലയളവിൽ 478.9 മില്ലീമീറ്റർ മഴ പ്രതീക്ഷിച്ചപ്പോൾ ലഭിച്ചത് 200.9 മില്ലീ മീറ്ററാണ്. സംസ്ഥാനത്ത് തുലാമഴയിൽ ഏറ്റവും പിന്നിൽ മലപ്പുറമായിരുന്നു. പാലക്കാട് - 45 ശതമാനം, തൃശൂർ - 43, തിരുവനന്തപുരം - 37, കൊല്ലം - 31 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ മഴയുടെ കുറവ്. കണ്ണൂർ, ഇടുക്കി, കോട്ടയം, കോഴിക്കോട്, എറണാകുളം ജില്ലകളിൽ 20 ശതമാനത്തിൽ താഴെയേ മഴക്കുറവുള്ളൂ.
ഇന്നലെ ജില്ലയിൽ വിവിധ മഴമാപിനികളിൽ രേഖപ്പെടുത്തിയ മഴ
പൊന്നാനി - 8.4 മില്ലീ മീറ്റർ
നിലമ്പൂർ - 1.8
അങ്ങാടിപ്പുറം - 1.2
പെരിന്തൽമണ്ണ - 1.4
കരിപ്പൂർ - 2.7