മഞ്ചേരി: മെഡിക്കൽ കോളേജിൽ കൊവിഡ് ഇതര ചികിത്സ പുനഃസ്ഥാപിക്കാൻ നടപടി ആരംഭിച്ചു. അത്യാഹിത വിഭാഗത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ കൊവിഡ് ഇതര ചികിത്സ ലഭ്യമാക്കി തുടങ്ങി. 18 മുതൽ ഒ.പികളും ആരംഭിക്കാനാവുമെന്നാണ് പ്രതീക്ഷ.
പത്തു മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് മഞ്ചേരി മെഡിക്കൽ കോളേജിൽ കൊവിഡ് ഇതര ചികിത്സ പുനരാരംഭിക്കാനുള്ള നടപടികൾ ആരംഭിച്ചത്. ആദ്യഘട്ടത്തിൽ ഓരോ ചികിത്സാവിഭാഗത്തിന് നിശ്ചിത ദിവസം ഒ.പി നടത്തും. ക്രമേണ എല്ലാ ചികിത്സാ വിഭാഗങ്ങളും തുടങ്ങാനാണ് ആലോചിക്കുന്നത്. അത്യാഹിത വിഭാഗത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ ചികിത്സ നൽകിത്തുടങ്ങി.
കൊവിഡ് ചികിത്സയ്ക്കും വാക്സിനേഷനുമായി പേ വാർഡും ബി ബ്ലോക്കും ഉപയോഗപ്പെടുത്താനാണ് തീരുമാനം. അത്യാഹിത വിഭാഗം പ്രവർത്തിക്കുന്ന ബ്ലോക്കും എ ബ്ലോക്കും ഉപയോഗിച്ചാണ് കൊവിഡ് ഇതര ചികിത്സ പുനരാരംഭിക്കുന്നത്. തീയതിയും മറ്റു ക്രമീകരണങ്ങളും ആയെങ്കിലും ജില്ലാ ഭരണകൂടം, ജില്ലാ ആരോഗ്യവകുപ്പ് എന്നിവരുടെ അനുമതിക്ക് കാത്തിരിക്കുകയാണ്. ചികിത്സ പുനഃസ്ഥാപിക്കുന്നതിന് മുന്നോടിയായി
ജില്ലയിലെ മറ്റ് ആശുപത്രികളിലേക്ക് മാറ്റിയ 40 ഡോക്ടർമാർ
രണ്ടാഴ്ച മുൻപ് മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് തിരിച്ചെത്തിയിരുന്നു.