മലപ്പുറം: ആദ്യഘട്ട കുത്തിവയ്പ്പിനുള്ള കൊവിഡ‌് വാക്സിൻ ഇന്ന് ജില്ലയിൽ എത്തിച്ചേക്കും. 28,000 ഡോസ് വാക്സിനാണ് ജില്ലയ്ക്ക് അനുവദിച്ചിട്ടുള്ളത്. ഇന്നലെ രാവിലെ 11ഓടെ മുംബൈയിൽ നിന്നും പ്രത്യേക വിമാനത്തിൽ നെടുമ്പാശ്ശേരിയിൽ എത്തിച്ച വാക്സിൻ വാഹന മാർഗ്ഗം കോഴിക്കോട്ടെ റിജ്യണൽ വാക്സിൻ കേന്ദ്രത്തിൽ എത്തിച്ചിട്ടുണ്ട്. ഇവിടെ നിന്ന് പ്രത്യേകം ക്രമീകരിച്ച വാഹനത്തിൽ വാക്സിൻ ജില്ലാ വാക്സിൻ സ്റ്റോറിൽ എത്തിക്കും. പിന്നീട് സ്റ്റോറേജ് ബോക്സുകളിൽ ആശുപത്രികളിലേക്കും.
ജില്ലയിൽ ആദ്യഘട്ടത്തിൽ ഒമ്പത് വാക്സിനേഷൻ കേന്ദ്രങ്ങളാണ് ഒരുക്കിയിട്ടുള്ളത്. മഞ്ചേരി മെഡിക്കൽ കോളേജ്, തിരൂർ ജില്ലാ ആശുപത്രി, ജില്ലാ ആയുർവേദ ആശുപത്രി വളവന്നൂർ, നിലമ്പൂർ ജില്ലാ ആശുപത്രി, മലപ്പുറം താലൂക്ക് ആശുപത്രി, പൊന്നാനി താലൂക്ക് ആശുപത്രി, നെടുവ കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ, കൊണ്ടോട്ടി താലൂക്ക് ആശുപത്രി, കിംസ് അൽശിഫ പെരിന്തൽമണ്ണ എന്നിവയാണ് ഈ കേന്ദ്രങ്ങൾ. വരും ദിവസങ്ങളിൽ വാക്സിനിന്റെ ലഭ്യത അനുസരിച്ച് കൂടുതൽ കേന്ദ്രങ്ങൾ ഒരുക്കാനാണ് ജില്ലാ ആരോഗ്യ വകുപ്പിന്റെ തീരുമാനം.
കൊവിൻ ആപ്പിൽ പൊലീസ് ഉൾപ്പെടെയുള്ള കൊവിഡ‌് പ്രതിരോധ മുന്നണി പ്രവർത്തകരുടെ രജിസ്ട്രേഷനും തുടങ്ങിയിട്ടുണ്ട്. ആരോഗ്യപ്രവർകർക്ക് പുറമെ 400ഓളം പൊലീസുകാരുടെ രജിസ്ട്രേഷനും പൂർത്തിയാക്കി. കൂടുതൽ വാക്സിൻ എത്തുന്നതോടെ ഇവ ജില്ലയിലെ 117 കോൾഡ് ചെയിൻ പോയിന്റുകളിൽ സൂക്ഷിക്കും.
പ്രവർത്തനം ഇങ്ങനെ
23,850 പേർക്കാണ് ആദ്യഘട്ടത്തിൽ വാക്സിൻ നൽകുക.
സർക്കാർ, സ്വകാര്യ മേഖലകളിൽ പ്രവർത്തിക്കുന്നവരാണിവർ
വാക്സിനേഷന് ജില്ല പൂർണ്ണ സജ്ജമാണ്. വാക്സിനേഷൻ സെന്ററുകളിൽ എല്ലാ സൗകര്യങ്ങളും ഉറപ്പാക്കിയിട്ടുണ്ട്. വാക്സിൻ ലഭിക്കുന്ന മുറയ്ക്ക് കൂടുതൽ കേന്ദ്രങ്ങൾ തുടങ്ങാനാവും.
ഡോ. വി.പി രാജേഷ്, ജില്ലാ ആർ.സി.എച്ച് ഓഫീസർ, വാക്സിനേഷൻ നോഡൽ ഓഫീസർ