കുറ്റിപ്പുറം :കണ്ണൂർ, തലശ്ശേരി ഭാഗങ്ങളിൽ കല്യാണവേളകളിലും മറ്റു സന്ദർഭങ്ങളിലും പ്രസിദ്ധമായ ജനകീയ കലാരൂപമായ കൈമുട്ടിപ്പാട്ട് ജില്ലയിലും ചുവടുറപ്പിക്കുന്നു. വിവാഹവേളകളിൽ വധുവിനെയും വരനെയും വർണ്ണിച്ചുകൊണ്ട് പാടുന്ന കലാരൂപമാണിത്.
പൊന്നാനി ഭാഗത്ത് ഷാഫി എന്ന യുവാവിന്റെ നേതൃത്വത്തിലുള്ള എട്ടംഗസംഘമാണ് ജില്ലയിൽ കൈമുട്ടിപ്പാട്ടിന് ജീവൻ നൽകുന്നത്. ഒരാൾ പാടുന്നതിനൊത്ത് സംഘാഗങ്ങളും കൈക്കൊട്ടി പാടും. മാപ്പിളപാട്ടുകളാണ് സാധാരണ പാടുക. വധുവിനെയും വരനെയും വർണ്ണിച്ചുള്ള പഴയ മാപ്പിളപാട്ടുകൾക്കൊപ്പം നാടൻപാട്ടുകളും ഹിന്ദിപ്പാട്ടുകളും പാടാറുണ്ട്. പീർ മുഹമ്മദ്, എരഞ്ഞോളി മൂസ, കണ്ണൂർ ഷരീഫ്, സീനത്ത് കണ്ണൂർ എന്നിവരുടെ പാട്ടുകൾക്കൊപ്പം പുതിയ കാലത്തെ ഗായകരായ കൊല്ലം ഷാഫിയുടെയും താജുദ്ധീൻ വടകരയുടെയും പാട്ടുകളും വരികളായി ഉപയോഗിക്കുന്നു. ട്രിപ്പിൾ ഡ്രം, കോൽക്കളിയുടെ കോൽ, ചിലങ്ക തുടങ്ങിയവ വാദ്യങ്ങൾക്കായ് ഉപയോഗിക്കുന്നു. മുൻകാലങ്ങളിൽ തബലയും ഹാർമോണിയവും ഉപയോഗിച്ചിരുന്നെങ്കിലും തങ്ങൾ ഈ പുതിയ വാദ്യോപകരണങ്ങളാണ് ഉപയോഗിക്കുന്നതെന്ന് ഷാഫി പറഞ്ഞു . 2019ലാണ് ഷാഫി ജില്ലയിൽ ഈ കലാരൂപം പരീക്ഷിക്കുന്നത്. അന്യം നിന്നു പോകുന്ന ഒരു കലയെ പുതിയ രീതിയിൽ മാറ്റങ്ങളോടെ ജനങ്ങളിൽ എത്തിക്കുകയാണ് ലക്ഷ്യം. സഫീർ, ഷജീർ, ഷഹീർ, സക്കീർ, ഷഫീർ, അഷ്റഫ്, ആദിൽ എന്നിവരാണ് ഈ സംഘത്തിലെ ആളുകൾ