മലപ്പുറം: വിവിധ വകുപ്പുകളിലെ ഡ്രൈവർ തസ്തികകളിൽ അനധികൃത താത്കാലിക നിയമനം വ്യാപകമായതോടെ നിയമനം ലഭിക്കാതെ ഉദ്യോഗാർത്ഥികൾ. ഡ്രൈവർ ഗ്രേഡ് രണ്ട് (ലൈറ്റ് ഡ്യൂട്ടി വെഹിക്കിൾ ) റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട പത്ത് ശതമാനത്തിൽ താഴെ പേർക്ക് മാത്രമാണ് കാലാവധി അവസാനിക്കാറായിട്ടും ജില്ലയിൽ നിയമനം ലഭിച്ചത്. റാങ്ക് ലിസ്റ്റിൽ 322 പേർ ഉൾപ്പെട്ടപ്പോഴാണിത്. സംസ്ഥാനത്ത് ഏറ്റവും കുറവ് നിയമനം നടന്ന ജില്ലകളിൽ മുന്നിലാണ് മലപ്പുറം. വിവിധ വകുപ്പുകളിൽ നിരവധി ഒഴിവുകൾ ഉണ്ടായിരിക്കെയാണ് ഉദ്യോഗാർത്ഥികളുടെ ജോലിയെന്ന സ്വപ്നം ഇല്ലാതാവുന്നത്. കഴിഞ്ഞ റാങ്ക് ലിസ്റ്റിൽ മിക്ക ജില്ലകളിലും നൂറ് ശതമാനം നിയമനം നടന്നിരുന്നു. മലപ്പുറത്ത് 156 പേർക്ക് ജോലി ലഭിച്ചു.
നിലവിൽ ജില്ലയിലെ വിവിധ വകുപ്പുകളിലായി 134 താത്കാലിക ജീവനക്കാരുള്ളതായി ഉദ്യോഗാർത്ഥികൾ ചൂണ്ടിക്കാട്ടുന്നു. പഞ്ചായത്ത് വകുപ്പിൽ മാത്രം 79 താത്ക്കാലിക ജീവനക്കാരുണ്ട്. പി.എസ്.സി 2014ൽ നോട്ടിഫിക്കേഷൻ വിളിച്ച ഡ്രൈവർ റാങ്ക് ലിസ്റ്റ് 2018ലാണ് നിലവിൽ വന്നത്. ഇതിനിടെ നിപ്പ, രണ്ട് പ്രളയങ്ങൾ, കൊവിഡ് എന്നിവ നിയമനത്തിൽ വലിയ പ്രതിസന്ധി തീർത്തു. ഇക്കാര്യങ്ങൾ പരിഗണിച്ച് റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടണമെന്നാണ് ഉദ്യോഗാർത്ഥികളുടെ ആവശ്യം. മുൻ റാങ്ക് ലിസ്റ്റിന്റെ കാലാവധി നാലര വർഷം വരെ നീട്ടിയിരുന്നു.
നിയമനങ്ങൾ തോന്നിയപോലെ
അടുത്തിടെ പഞ്ചായത്ത് വകുപ്പിൽ അമ്പതിലധികം താത്ക്കാലിക ജീവനക്കാരെ സർക്കാർ സ്ഥിരപ്പെടുത്തിയിരുന്നു. ഇത്തരം നടപടികൾ അവസാനിപ്പിച്ച് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരെ നിയമിക്കണമെന്നാണ് ഉദ്യോഗാർത്ഥികളുടെ ആവശ്യം. ആറ് മാസത്തിലധികം ജോലി സാദ്ധ്യതകളുള്ള തസ്തികകൾ പി.എസ്.സിക്ക് വിടണമെന്നതും ആറ് മാസം വരെയുള്ള നിയമനങ്ങൾ എംപ്ലോയ്മെന്റ് എക്ചേഞ്ച് വഴി മാത്രമേ നടത്താവൂ എന്നാണ് നിയമമെങ്കിലും ഇത് കാറ്റിൽ പറത്തിയാണ് പല വകുപ്പുകളും പ്രവർത്തിക്കുന്നത്. മാറിമാറി വരുന്ന ഭരണ സമിതികൾ പഞ്ചായത്തുകളിൽ തങ്ങളുടെ ഇഷ്ടക്കാരെ ഡ്രൈവർമാരായി നിയമിക്കുന്ന രീതി വ്യാപകമാണ്. താത്കാലിക ഡ്രൈവർമാരെ 15 ദിവസത്തിൽ കൂടുതൽ നിയമിക്കരുതെന്ന ഉത്തരവുള്ളപ്പോഴാണിത്.