മലപ്പുറം: ജില്ലയിൽ മുൻഗണന റേഷൻ കാർഡിനായി അപേക്ഷ സമർപ്പിച്ച് കാത്തിരിക്കുന്നത് 9,010 പേർ. നേരത്തെ ബി.പി.എൽ കാർഡ് കൈവശം വച്ചിരുന്നവരും പുതിയ റേഷൻ കാർഡിൽ മുൻഗണനാ വിഭാഗത്തിൽ നിന്ന് പുറത്തായവരും ഇക്കൂട്ടത്തിലുണ്ട്. സംസ്ഥാനത്ത് 2,00,566 പേരാണ് മുൻഗണനാ കാർഡിനായി അപേക്ഷ സമർപ്പിച്ചിട്ടുള്ളത്. ജില്ലയിൽ ആകെ 4,43,188 പേരാണ് മുൻഗണനാ കാർഡിൽ ഉൾപ്പെട്ടിട്ടുള്ളത്. എ.എ.വൈ - 52,600, പി.എച്ച്.എച്ച് - 3,90,588
കാർഡുകളുമുൾപ്പെടെയാണിത്. തിരുവനന്തപുരം കഴിഞ്ഞാൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർ മുൻഗണനാ പട്ടികയിൽ ഉൾപ്പെട്ടത് മലപ്പുറത്താണ്. തിരുവനന്തപുരത്ത് 4,71,651 പേരാണ് ഉൾപ്പെട്ടിട്ടുള്ളത്. സംസ്ഥാനത്ത് ആകെ 38,36,005 പേരാണ് മുൻഗണനാ പട്ടികയിലുള്ളത്.
മുൻഗണനാ കാർഡിൽ ഉൾപ്പെടുത്താനുള്ള അപേക്ഷകളിൽ തുടർനടപടി എടുക്കണമെങ്കിൽ നിലവിൽ അനധികൃതമായി മുൻഗണനാലിസ്റ്റിൽ ഉൾപ്പെട്ടവരെ കണ്ടെത്തി പുറത്താക്കേണ്ടതുണ്ട്. ഇതു സംബന്ധിച്ച പ്രവർത്തനങ്ങളിലാണ് ജില്ലാ സിവിൽ സപ്ലൈസ് വകുപ്പ് അധികൃതർ. ജില്ലയിൽ ഇതുവരെ 59,738 പേരെ മുൻഗണനാ കാർഡിൽ നിന്ന് പുറത്താക്കി. തിരുവനന്തപുരം, കൊല്ലം, തൃശൂർ ജില്ലകളിലാണ് ഏറ്റവും കൂടുതൽ പേരെ പുറത്താക്കിയത്. സംസ്ഥാനത്ത് ആകെ 5.80 ലക്ഷം പേരെ പുറത്താക്കിയിട്ടുണ്ട്.
ആയിരം സ്‌ക്വയർഫീറ്റിൽ കൂടുതൽ വിസ്തീർണ്ണമുള്ള വീടുള്ളവരുടെയും മരണപ്പെട്ടവരുടെയും വിവരങ്ങൾ തദ്ദേശ സ്വയംഭരണ വകുപ്പിൽ നിന്നും നാലുചക്ര വാഹനം സ്വന്തമായുള്ളവരുടെ വിവരങ്ങൾ മോട്ടോർ വാഹന വകുപ്പിൽ നിന്നും ശേഖരിച്ച് അനർഹമായ കുടുംബങ്ങളെ കണ്ടെത്തി ഒഴിവാക്കുന്ന പ്രക്രിയയാണിപ്പോൾ പ്രധാനമായും നടക്കുന്നത്. മൂന്നുമാസം റേഷൻ വാങ്ങാത്തവരെയും പുറത്താക്കുന്നുണ്ട്. താലൂക്ക് സപ്ലൈ ഓഫീസർമാരും റേഷനിംഗ് ഇൻസ്‌പെക്ടർമാരും ഉൾപ്പെട്ട സ്‌ക്വാഡ് വീടുകൾ തോറും പരിശോധന നടത്തി അനർഹമായ റേഷൻ കാർഡുകൾ കണ്ടെത്തി റദ്ദാക്കുന്നുണ്ട്. റേഷൻ സാധനങ്ങളുടെ കമ്പോളവില പിഴയായും ചുമത്തും. തീർത്തും നിർധനരായ നിരവധി കുടുംബങ്ങൾ മുൻഗണനാ പട്ടികയിൽ പുറത്തുനിൽക്കുമ്പോഴാണ് നിരവധിപേർ അനധികൃതമായി ഇടംപിടിച്ചിട്ടുള്ളത്.
അനർഹമായി മുൻഗണനാ പട്ടികയിൽ ഉൾപ്പെട്ടവരെ കണ്ടെത്തി പുറത്താക്കാനുള്ള നടപടികൾ ജില്ലയിൽ പുരോഗമിക്കുന്നുണ്ട്. പരിശോധന ശക്തമായി തുടരും.
ജില്ലാ സിവിൽ സപ്ലൈസ് അധികൃതർ