മലപ്പുറം: ആരോഗ്യ പ്രവർത്തകർക്കുള്ള 28,880 ഡോസ് കൊവിഡ് വാക്സിൻ ജില്ലയിലെത്തി. കോഴിക്കോട് റീജ്യണൽ വാക്സിൻ സ്റ്റോറിൽ നിന്ന് ഇന്നലെ ഉച്ചയോടെ സിവിൽ സ്റ്റേഷനിലെ ജില്ലാ വാക്സിൻ സ്റ്റോറിലെത്തിച്ചു. ഇവിടെ നിന്ന് പ്രത്യേക വാഹനത്തിൽ ഒമ്പത് വാക്സിനേഷൻ സെന്ററുകളിലെത്തിച്ച് നാളെ മുതൽ വാക്സിൻ നൽകിത്തുടങ്ങും.
ജില്ലയിൽ 23,880 ആരോഗ്യപ്രവർത്തകരാണ് ആദ്യഘട്ടത്തിൽ വാക്സിൻ സ്വീകരിക്കാൻ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇവരിൽ നിന്ന് 13,000 പേർക്ക് രണ്ട് ഡോസ് വീതം നൽകാനുള്ള വാക്സിനാണ് എത്തിയിട്ടുള്ളത്. മഞ്ചേരി മെഡിക്കൽ കോളേജ്, മലപ്പുറം, കൊണ്ടോട്ടി, പൊന്നാനി താലൂക്ക് ആശുപത്രികൾ, നിലമ്പൂർ, തിരൂർ ജില്ലാ ആശുപത്രികൾ, നെടുവ സാമൂഹികാരോഗ്യ കേന്ദ്രം, വളവന്നൂർ ജില്ലാ ആയുർവേദ ആശുപത്രി, പെരിന്തൽമണ്ണ കിംസ് അൽഷിഫ ആശുപത്രി എന്നിവിടങ്ങളിലാണ് വാക്സിൻ നൽകുന്നത്.
വാക്സിൻ നൽകാനാവശ്യമായ 50,400 സിറിഞ്ചുകളും വാക്സിനോടൊപ്പം എത്തിച്ചിട്ടുണ്ട്. ആദ്യ ഡോസ് സ്വീകരിച്ച് 28 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് രണ്ടാമത്തെ ഡോസ് നൽകുക. കൊവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്ത ആരോഗ്യ പ്രവർത്തകർക്ക് എസ്.എം.എസ് മുഖേന വാക്സിൻ എടുക്കേണ്ട സെന്ററും എത്തേണ്ട സമയവും അറിയിക്കും.
കൊവിഡ് വാക്സിനേഷനുള്ള ഒരുക്കങ്ങൾ ജില്ലയിൽ പൂർത്തിയായിട്ടുണ്ട്. രജിസ്റ്റർ ചെയ്ത ബാക്കി ആരോഗ്യ പ്രവർത്തകർക്ക് നൽകാനുള്ള വാക്സിൻ അടുത്ത ദിവസം തന്നെ ജില്ലയിലെത്തും.
ഡോ. കെ.സക്കീന, ജില്ലാ മെഡിക്കൽ ഓഫീസർ