ആധാർ നമ്പറും ബാങ്ക് രേഖയും മാത്രം മതി. നാമമാത്രമായ പലിശയിൽ ഉടനടി വായ്പ റെഡി. സമയമെടുത്ത് തിരിച്ചടച്ചാൽ മതി. ഓൺലൈൻ ആപ്പുകളുടെ വായ്പാ തട്ടിപ്പിന്റെ രീതിയാണിത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ മലപ്പുറത്ത് മാത്രം ഇത്തരത്തിൽ പത്തിലധികം കേസുകളാണ് സൈബർ സെല്ലിൽ റിപ്പോർട്ട് ചെയ്തത്. ഇതിന്റെ പല ഇരട്ടി വരും യഥാർത്ഥ കണക്കെങ്കിലും മാനഹാനിയും ഭീഷണിയും ഭയന്ന് പലരും പരാതി നൽകാൻ തയ്യാറാവുന്നില്ല. വായ്‌പ്പാത്തുകയുടെ പല ഇരട്ടി തിരിച്ചടച്ചവരാണ് തട്ടിപ്പിന് ഇരയായവരെല്ലാം. കാൻസർ ചികിത്സയ്ക്കായി നാല് ഓൺലൈൻ ആപ്പുകൾ വഴി 10,000 രൂപ കടമെടുത്ത എടവണ്ണ സ്വദേശി സബിത രണ്ട് മാസം കൊണ്ട് തിരിച്ചടച്ചത് 1.40 ലക്ഷം രൂപയാണ്. എന്നിട്ടും കടം തീർന്നില്ല. ചികിത്സയ്ക്കായി നാട്ടുകാർ സ്വരൂപിച്ച തുകയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ആഭരണങ്ങളും പണയം വെച്ചുമാണ് ഈ തുക തിരിച്ചടച്ചത്. ഒരു ആപ്പിൽ നിന്നും 4,000 രൂപ വായ്പയെടുത്താൽ സർവീസ് ചാർജ്ജെന്ന പേരിൽ ഇവർ ഈടാക്കുന്ന തുകയ്ക്ക് ശേഷം കൈയിൽ കിട്ടിയത് 2,800 രൂപയാണ്. ഏഴ് ദിവസത്തിനകം ഈ വായ്പ തിരിച്ചടയ്‌ക്കണം.
ഓൺലൈൻ ആപ്പ് മൊബൈലിൽ ഇൻസ്റ്റാൾ ചെയ്യുന്നതോടെ ഫോണിലെ മുഴുവൻ കോൺടാക്‌ട് നമ്പറുകളും ആപ്പ് വഴി തട്ടിപ്പു സംഘത്തിന് ലഭിക്കും. എത്ര തിരിച്ചടച്ചിട്ടും തീരാത്ത കടമായതോടെ മറ്റു വഴികളില്ലാത്തതിനാൽ വായ്പാ തിരിച്ചടവ് മുടങ്ങി. ഇതോടെയാണ് ആപ്പുകാരുടെ യഥാർത്ഥ മുഖം പുറത്തുവന്നത്. സബിതയുടെ ഫോണിലെ കോൺടാക്ട് നമ്പറിലേക്കെല്ലാം സബിത തട്ടിപ്പുകാരിയാണെന്ന തരത്തിൽ സന്ദേശങ്ങളെത്താൻ തുടങ്ങി. ഇതിനൊപ്പം ഫോൺ വഴിയുള്ള ഭീഷണികളും. ഇതോടെ അപമാനം ഭയന്ന് വായ്‌പാ തിരിച്ചടവിന് സബിത വഴികൾ തേടി. ഇതോടെ മറ്റൊരു ആപ്പിൽ നിന്നും വായ്‌പയെടുത്ത് നേരത്തെ എടുത്ത വായ്‌പ തിരിച്ചടയ്‌ക്കാമെന്ന നിർദ്ദേശവുമായി തട്ടിപ്പുസംഘം രംഗത്തെത്തി. ഇങ്ങനെ ഒരു ആപ്പിൽ നിന്നെടുത്ത വായ്‌പ തിരിച്ചടയ്‌ക്കാനായി ഒന്നിനു പിറകേ ഒന്നായി പല ആപ്പുകളിൽ നിന്നും വായ്‌പയെടുത്തു. വായ്‌പയെടുത്ത തുകയുടെ പലയിരട്ടി ഇതിനകം തിരിച്ചടച്ചിട്ടും അടവ് തീരില്ലെന്ന് മനസിലായതോടെ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകുകയായിരുന്നു സബിതയും കുടുംബവും. ആപ്പിനെതിരെ അന്വേഷണത്തിലാണ് പൊലീസ്.
കല്യാണം മുടങ്ങി, അപമാന ഭാരവും
ഓൺലൈൻ ആപ്പ് വഴി വായ്പ്പാത്തട്ടിപ്പിന് ഇരയായ പെരിന്തൽമണ്ണ സ്വദേശിയായ 24കാരന്റെ വിവാഹം മുടക്കി നാട്ടിൽ തലയുയർത്തി നടക്കാനാവാത്ത വിധത്തിൽ നാറ്റിച്ചിട്ടുണ്ട് ഓൺലൈൻ ആപ്പുകാർ. ലോക്‌ഡൗൺ കാലയളവിൽ സാമ്പത്തികമായി തീർത്തും പ്രയാസത്തിലായതോടെയാണ് മൊബൈലിൽ എത്തിയ വായ്‌പാ സന്ദേശത്തിൽ യുവാവ് കുരുങ്ങിയത്. മൂന്നുമാസത്തെ തിരിച്ചടവ് കാലാവധിയിൽ കുറഞ്ഞ പലിശയിൽ ഉയർന്ന തുക വായ്പാ ലഭിക്കുമെന്നായിരുന്നു സന്ദേശം. ആധാർ നമ്പറും മറ്റുരേഖകളും നൽകി ആപ്പിൽ വായ്‌പയ്‌ക്കായി അപേക്ഷിച്ചപ്പോൾ അനുവദിച്ചത് 5,000 രൂപ മാത്രം. പ്രോസസിംഗ് ചാർജ് കിഴിച്ച ശേഷം ലഭിച്ചത് 3,750 രൂപയും. തുക അക്കൗണ്ടിലെത്തിയതിന് പിന്നാലെ ഒരാഴ്ച്ചയ്ക്കകം വായ്‌പ തിരിച്ചടക്കണമെന്ന സന്ദേശവും എത്തി. എന്നാൽ നാല് ദിവസമായപ്പോഴേക്കും ആപ്പിന്റെ എക്‌സിക്യൂട്ടീവിന്റെ വിളിയെത്തി. പെട്ടെന്ന് ലോൺ തിരിച്ചടക്കാൻ മാർഗമില്ലെന്ന് അറിയിച്ചതോടെ മറ്റ് രണ്ട് ആപ്പുകളിൽ നിന്ന് ലോണെടുത്ത് ആദ്യത്തേത് വീട്ടാനായി നിർദ്ദേശം. കൊള്ളപ്പലിശ ആയിരുന്നു ഈ ആപ്പുകൾ ഈടാക്കിയിരുന്നത്. എത്ര അടച്ചാലും ലോൺ തീരില്ലെന്നത് യുവാവ് മനസിലാക്കിയതോടെ തിരിച്ചടവ് മുടങ്ങി. ഇതോടെ ലോൺ ഉടൻ തിരിച്ചടച്ചില്ലെങ്കിൽ നാറ്റിക്കുമെന്നായി ആപ്പ് എക്‌സിക്യൂട്ടിവിന്റെ ഭീഷണി. പറഞ്ഞതു പോലെ ചെയ്യുകയും ചെയ്തു. ലോൺ ആപ്പ് വഴി യുവാവിന്റെ ഫോണിലെ കോൺടാക്ട് നമ്പറുകളെല്ലാം ഇതിനകം തന്നെ ആപ്പുകാർ കൈക്കലാക്കിയിരുന്നു. ഈ നമ്പറുകളിലേക്കെല്ലാം യുവാവ് തട്ടിപ്പുകാരനാണെന്നും ലോണെടുത്ത് തിരിച്ചടച്ചില്ലെന്നും മറ്റും കാണിച്ച് പരമാവധി മാനഹാനി വരുത്തുന്ന വിധത്തിൽ പ്രചാരണം അരങ്ങേറി. ഇത് വാട്‌സ് ആപ്പിലേക്കും ഫേസ്ബുക്കിലും വരെ നീണ്ടതോടെ നാട്ടിൽ നിന്ന് കടംവാങ്ങിയും മറ്റും ലോൺ തിരിച്ചടവ് തുടങ്ങി. സിമന്റ് വ്യാപാരരംഗത്ത് പ്രവർത്തിക്കുന്ന യുവാവിന്റെ വിവാഹം ഒരുവർഷം മുമ്പ് തീരുമാനിച്ചിരുന്നു. പെൺകുട്ടിയുടെ പിതാവ് ഗൾഫിൽ നിന്ന് തിരിച്ചെത്താൻ കാത്തുനിൽക്കുകയായിരുന്നു. യുവാവ് കടത്തിലാണെന്ന് അറിഞ്ഞതോടെ പെൺകുട്ടിയുടെ വീട്ടുകാർ വിവാഹത്തിൽ നിന്ന് പിന്മാറി. ഇതോടെ സാമ്പത്തികമായും മാനസികമായും തകർന്ന യുവാവ് പെരിന്തൽമണ്ണ പൊലീസിൽ പരാതി നൽകുകയായിരുന്നു.
ഇത്തരത്തിൽ നിരവധി തട്ടിപ്പുകളാണ് ഇതിനകം നടന്നത്. വേങ്ങര സ്വദേശിയായ യുവാവ് 3,000 രൂപ ലോണെടുത്തപ്പോൾ ഇതിനകം തിരിച്ചടച്ചത് 1.80 ലക്ഷം രൂപ. ഇനിയും 30,000 രൂപയോളം അടക്കാനുണ്ട്. ഇയാളുടെ ഫോൺ നമ്പറെല്ലാം ആപ്പ് വഴി ചോർത്തി വാട്‌സ്ആപ്പ് ഗ്രൂപ്പുണ്ടാക്കി യുവാവ് കള്ളനും തട്ടിപ്പുകാരനുമാണെന്ന തരത്തിലെ പ്രചാരണമാണ് ആപ്പ് അണിയറക്കാർ നടത്തിയത്. മാനഹാനി തുടർന്നതോടെ നാട്ടിൽ നിൽക്കാൻ പറ്റാത്ത അവസ്ഥയിലാണ് പൊലീസിൽ പരാതിപ്പെട്ടത്.
പെടുന്നത് യുവാക്കൾ
ഓൺലൈൻ തട്ടിപ്പുകളിലെ ഇരകളിൽ കൂടുതലും യുവാക്കളാണ്. നാമമാത്രമായ പലിശയിൽ അതിവേഗത്തിൽ വായ്പ ലഭിക്കുമെന്ന സന്ദേശം മൊബൈലിൽ ലഭിക്കുന്നതോടെ മറ്റൊന്നും ചിന്തിക്കാതെ ലോണിന് അപേക്ഷിക്കുന്നവരെയാണ് തട്ടിപ്പ് സംഘം വലയിൽ വീഴ്‌ത്തുന്നതെന്ന് സൈബർ പൊലീസ് പറയുന്നു. അനധികൃതമായി പ്രവർത്തിക്കുന്ന ഇത്തരം ആപ്പുകളെ എത്ര വലിയ ആവശ്യമുണ്ടായാലും സമീപിക്കരുതെന്നും പൊലീസ് മുന്നറിയിപ്പേകുന്നു. ഓൺലൈൻ തട്ടിപ്പുകളിൽ പരാതി നൽകാൻ മടിക്കുന്നതും കുറ്റവാളികളെ പിടികൂടുക ശ്രമകരമാണെന്നതും ഇത്തരം തട്ടിപ്പുകൾ അനുദിനം വർദ്ധിക്കാൻ ഇടയാക്കുന്നുണ്ട്. ജാഗ്രതയാണ് ഓൺലൈൻ തട്ടിപ്പുകൾ തടയാൻ വേണ്ടതെന്ന മുന്നറിയിപ്പാണ് ഈ തട്ടിപ്പ് കഥകൾ നമ്മുക്കേകുന്നത്.