kkkk

മലപ്പുറം: വലിയ പ്രഖ്യാപനങ്ങളൊന്നുമില്ലാതെ കഴിഞ്ഞ ബഡ്ജറ്റിലെ പ്രധാന പദ്ധതികളുടെ പൂർത്തീകരണമാണ് ഇത്തവണ സംസ്ഥാന ബഡ്ജറ്റിൽ ജില്ലയ്ക്കായി കരുതിവച്ചത്. എൽ.ഡി.എഫ് സർക്കാരിന്റെ അവസാന ബഡ്ജറ്റിൽ നാമമാത്രമായ പുതിയ പദ്ധതികളാണ് ജില്ലയ്ക്കായുള്ളത്. ഇടുക്കി, വയനാട്, കുട്ടനാട് എന്നിവയ്ക്കായി പ്രത്യേക പാക്കേജുകൾ ഒഴിച്ചുനിറുത്തിയാൽ ജില്ലാ അടിസ്ഥാനത്തിൽ പരിഗണിച്ച പദ്ധതികൾ ചുരുക്കമാണ് . പ്രധാന സർവകലാശാലകൾക്ക് 125 കോടി വീതവും മറ്റുള്ളവയ്ക്ക് 75 കോടിയും അനുവദിക്കുമെന്ന പ്രഖ്യാപനം കോഴിക്കോട് സർവകലാശാലയുടെ വികസനത്തിനും തിരൂർ മങ്ങാട്ടിരിയിൽ സ്വന്തം കാമ്പസിനായി നടപടികൾ തുടങ്ങിയ മലയാളം സർവകലാശാലയ്ക്കും പ്രതീക്ഷയേകുന്നു. മലയാളം സർവകലാശാലയ്ക്കായി ഏറ്റെടുത്ത ഭൂമിയിൽ കെട്ടിടം നിർമ്മിക്കുന്നതിന് ആദ്യഘഡുവായി കഴിഞ്ഞ ബഡ്ജറ്റിൽ ഒമ്പത് കോടി രൂപ വകയിരുത്തിയിരുന്നു. നിർമ്മാണം തുടങ്ങിയിട്ടില്ല. കാമ്പസ് നിർമ്മാണത്തിനായി 80 കോടി രൂപയുടെ എസ്റ്റിമേറ്റും സർക്കാരിന് സമർപ്പിച്ചിരുന്നു.

ഏകോപിത പ്രവാസി തൊഴിൽ പദ്ധതിക്ക് 100 കോടി വകയിരുത്തിയത് ഏറ്റവും കൂടുതൽ പ്രവാസികളുള്ള ജില്ലയ്ക്ക് ആശ്വാസമാണ്. ജൂലൈയിൽ എല്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും പ്രവാസി ഓൺലൈൻ സംഗമങ്ങളും നടത്തും. തിരിച്ചുവരുന്ന പ്രവാസികളുടെ തൊഴിൽ വൈദഗ്ദ്ധ്യം പ്രയോജനപ്പെടുത്താൻ പദ്ധതികൾ ആവിഷ്‌ക്കരിക്കുമെന്ന വാഗ്ദാനവും ബഡ്ജറ്റേകുന്നുണ്ട്. ഉന്നത വിദ്യാഭ്യാസ മേഖലയ്ക്കായി വിവിധ പദ്ധതികൾ പ്രഖ്യാപിച്ചതിനൊപ്പം മഞ്ചേരി മെഡിക്കൽ കോളേജിൽ നഴ്സിംഗ് കോളേജ് ആരംഭിക്കുമെന്ന പ്രഖ്യാപനവും ജില്ലയിലെ പ്രധാന ആതുരാലയത്തിന്റെ വികസനത്തിന് വേഗമേകും. ആയുർവേദത്തെ പ്രോത്സാഹിപ്പിക്കുന്നതിനും സാദ്ധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനുമായി പ്രഖ്യാപിച്ച പദ്ധതിയിൽ ജില്ലയും ഇടംപിടിച്ചിട്ടുണ്ട്. കോട്ടയ്ക്കൽ ആയുർവേദ സ്റ്റഡീസ് റിസർച്ച് സൊസൈറ്റിക്ക് അഞ്ച് കോടി രൂപ അനുവദിച്ചു. ഈ പദ്ധതി മാത്രമാണ് പ്രധാനമായും ജില്ലയിൽ നിന്ന് ഉൾപ്പെട്ടിട്ടുള്ളത്.

2021- 22ൽ പുതുതായി ഏറ്റെടുക്കുന്ന പ്രധാനപ്പെട്ട ഏതാനം പാലങ്ങളുടെ പദ്ധതികളിൽ പൊന്നാനി ഹൗറ മോഡൽ പാലവും ഉൾപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ബഡ്ജറ്റിൽ ഉൾപ്പെടുത്തിയ പാലമാണിത്. മലയോര ഹൈവേയുടെ പന്ത്രണ്ട് റീച്ചുകളുടെ പൂർത്തീകരണവും ബഡ്ജറ്റ് ചൂണ്ടിക്കാട്ടുന്നുണ്ട്. വനഭൂമിയിലൂടെ റോഡ് നിർമ്മാണം അനുവദിക്കില്ലെന്ന വനം വകുപ്പിന്റെ നിലപാടിൽ നിലമ്പൂർ മേഖലയിൽ മലയോര ഹൈവേയുടെ നിർമ്മാണം തടസപ്പെട്ടിട്ടുണ്ട്. ഇതു മറികടക്കാൻ സർക്കാർ തലത്തിൽ നടപടികളെടുക്കണമെന്ന ആവശ്യമുയർന്നിട്ടുണ്ട്. മലയോര ഹൈവേ വേഗത്തിൽ യാഥാർത്ഥ്യമാക്കുമെന്ന പ്രഖ്യാപനം ബഡ്ജറ്റിൽ ഇടംപിടിച്ചതോടെ ഈ തടസ്സം മറികടക്കാനാവുമെന്ന പ്രതീക്ഷയിലാണ് മലയോരം. ഇതിന് പുറമെ എം.എൽ.എമാർ സമർപ്പിച്ച പദ്ധതികളും ഇടംപിടിച്ചിട്ടുണ്ട്. മിക്കതും ടോക്കൺ പദ്ധതിയായാണ് ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.