എടക്കര: കുത്തനെയുള്ള ചുരവും കയറ്റവും പ്രകൃതി രമണീയ കാഴ്ചകളുമായി സഞ്ചാരികളെ വിസ്മയിപ്പിച്ച് നാടുകാണി ചുരം അണിഞ്ഞൊരുങ്ങി. നാടുകാണി-പരപ്പനങ്ങാടി പാത നവീകരണവുമായി ബന്ധപ്പെട്ടുള്ള നിർമ്മാണ പ്രവൃത്തികൾ പൂർത്തിയായതോടെ ഇവിടം സഞ്ചാരികളുടെ പറുദീസയായി .
ചുരം വ്യൂ പോയിന്റുകളിൽ സന്ദർശകർ ഏറുകയാണ്. തിരക്കുകളിൽ നിന്നൊഴിഞ്ഞ് പച്ചപ്പിന്റെ നനവിൽ കോടമൂടിയ മലകളുടെ സൗന്ദര്യം ആവോളം നുകരാനാവുമെന്നതാണ് ചുരത്തിലെ വ്യൂ പോയിന്റുകളുടെ പ്രത്യേകത.
ഊട്ടി, മൈസൂർ, ഗുണ്ടൽപേട്ട്, ബാംഗ്ലൂർ, വയനാട് തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും കേരളത്തിലേക്കും ഉള്ള സഞ്ചാരികളാണ് വ്യൂ പോയിന്റിൽ വാഹനങ്ങൾ നിറുത്തി കാഴ്ചകൾ ആസ്വദിക്കുന്നത്. യാത്രക്കിടെ ഭക്ഷണം കഴിക്കുന്നതിനും വിശ്രമിക്കുന്നതിനും ഉള്ള ഇടത്താവളമായി വ്യൂ പോയിന്റുകൾ മാറി. ഇതിനു പുറമെ തദ്ദേശീയരായ ആളുകളും പതിവായെത്തുന്നു.
നീലഗിരി താഴ്വരയുടെ സൗന്ദര്യവും ഭൂമിയെ തഴുകും വിധം കടന്നു പോകുന്ന കോടമഞ്ഞും കുളിർത്തെന്നലും വിവിധ വർണങ്ങളിലൂടെ വിസ്മയിപ്പിക്കുന്ന നീലാകാശവും സഞ്ചാരികളുടെ മനം കവരുന്നു.
മലയിറങ്ങി റോഡിലെത്തുന്ന കാട്ടാനകൾക്ക് ചുരത്തിന്റെ താഴ്വാരങ്ങളിലേക്ക് പോകാനാവുന്നില്ലെന്ന കണ്ടെത്തലിനെ തുടർന്ന് 10 ആനത്താരകൾ ഒരുക്കിയിട്ടുണ്ട്.
ഉരുൾ പൊട്ടലിൽ തകർന്ന ജാറത്തിനു സമീപവും തേൻപാറയിലും തകരപ്പാടിയിലും റോഡിൽ കട്ട പതിച്ച് മനോഹരമാക്കി. നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.
പ്രളയക്കെടുതിയെ മറികടന്ന്
ഓരോ ജില്ലയിലും അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാൻ 2015-16 ബഡ്ജറ്റിലെ ഡിസ്ട്രിക് ഫ്ളാഗ് ഷിപ്പ് ഇൻഫ്രാ സ്ട്രക്ച്ചർ പ്രൊജക്ട് പ്രകാരമാണ് പരപ്പനങ്ങാടി-നാടുകാണി പാത നവീകരിക്കുന്നത്.
ഉരുളും പ്രളയവും കശക്കിയെറിഞ്ഞ ചുരം പാതയുടെ നിർമ്മാണം യുദ്ധകാലാടിസ്ഥാനത്തിലാണ് നടന്നത്.
ചുരം പാതയിൽ വഴിക്കടവ് ആനമറി മുതൽ 12 .5 കിലോമീറ്റർ ദൂരമാണ് സംസ്ഥാനത്തിന്റെ പരിധിയിലുള്ളത്.
നിർമ്മാണ പ്രവൃത്തി 90 ശതമാനവും പൂർത്തീകരിച്ച ഘട്ടത്തിലാണ് ആഗസ്റ്റ് എട്ടിന് ദുരന്തം പെരുമഴയായി പെയ്തിറങ്ങിയത്.
കോടിക്കണക്കിന് രൂപയുടെ നിർമ്മാണ പ്രവൃത്തി ഉരുളെടുത്തു.
എന്നാൽ അതിവേഗ പുനർ നിർമാണത്തിന് പൊതുമരാമത്ത് വകുപ്പു മന്ത്രി ജി സുധാകരന്റെ ഇടപെടൽ തുണയായി.