എടക്കര: ഉരുൾപൊട്ടലിൽ വീട് മണ്ണെടുത്തിട്ട് രണ്ടര വർഷമായിട്ടും സ്വന്തം വീടെന്നത് സ്വപ്നമായി അവശേഷിച്ചതോടെ തല ചായ്ക്കാൻ ഇടമില്ലാതെ ആദിവാസി കുടുംബം വീടുകൾ മാറി അന്തിയുറങ്ങുന്നു. 2018 ആഗസ്റ്റ് 8ന് ചാലിയാർ പഞ്ചായത്തിലെ ചെട്ടിയൻപാറയിലുണ്ടായ ഉരുൾപ്പൊട്ടലിൽ വീട് നഷ്ടപ്പെട്ട ചെട്ടിയൻപാറ ആദിവാസി കോളനിയിലെ ചെറിയ വരകൻ, വിലാസിനി ദമ്പതികളാണ് ദുരിതം അനുഭവിക്കുന്നത്. ബാക്കി ഒമ്പത് കുടുംബങ്ങൾക്ക് വീടും സ്ഥലവും നൽകിയിട്ടും അന്ന് ദുരിതാശ്വാസ ക്യാമ്പിൽ എത്തിയിരുന്നില്ലെന്ന കാരണം പറഞ്ഞാണ് തങ്ങൾക്ക് വീട് നിഷേധിക്കുന്നതെന്ന് വിലാസിനി പറയുന്നു. ഉരുൾപൊട്ടലുണ്ടായ ദിവസം സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കൂലിപ്പണി ചെയ്യുകയായിരുന്നു. ഇതല്ലായിരുന്നെക്കിൽ വീട് ചോദിക്കാൻ ഭൂമിയിൽ തന്നെ തങ്ങൾ ഉണ്ടാവില്ലായിരുന്നു എന്ന് കണ്ണീരോടെ വിലാസിനി പറയുന്നു.
വീട്ടുനമ്പറുള്ള വീടും 10 സെന്റ് സ്ഥലവും ചെറിയ വീടും വിലാസിനിക്ക് ഉണ്ടായിരുന്നു. മന്ത്രിമാർ ഉൾപ്പെടെ ഇവിടെ സന്ദർശിച്ചതും ഇവരുടെ വീട് നഷ്ട്ടപ്പെട്ടത് ബോധ്യപ്പെട്ടതുമാണ്. വില്ലേജ് ഓഫീസർ, തഹസിൽദാർ, എം.എൽ.എ, കളക്ടർ അടക്കം എല്ലാവർക്കും പരാതിയും നൽകി. വിദ്യാർത്ഥിയായ മകനൊപ്പം കൂലിപ്പണി ചെയ്യുന്ന വീടുകളിലും പുഴയോരത്തും ബന്ധുവീടുകളിലുമായി ഒന്ന് തലചായ്ക്കാൻ ഇവർ ഓടി നടക്കുകയാണ് ഇപ്പോൾ.
ആദിവാസി ക്ഷേമത്തിനുള്ള ഐ.റ്റി.ഡി.പി ജില്ലാ ഓഫിസ് അടക്കം സ്ഥിതി ചെയ്യുന്ന നിലമ്പൂരിൽ നിന്നും അധികം ദൂരെയല്ല ഈ കുടുംബം ദുരിത ജീവിതം നയിക്കുന്നത്. അധികൃതർ അടിയന്തിരമായി ഇടപ്പെട്ടാൽ മാത്രമേ ഈ ആദിവാസി കുടുംബത്തിന്റെ സ്വന്തം വീട് എന്ന സ്വപ്നം യഥാർത്ഥ്യമാവൂ.