1
എടക്കരയിൽ ജനവാസ കേന്ദ്രത്തോട് ചേർന്ന് കാട്ടാനകൾ എത്തിയപ്പോൾ

എടക്കര: ജനവാസ കേന്ദ്രത്തോട് ചേർന്ന വനാതിർത്തിയിൽ കാട്ടാനകളുടെ സ്ഥിരസാന്നിധ്യം പ്രദേശവാസികളെ ഭീതിയിലാക്കുന്നു. കരിയംമുരിയം വനത്തോട് ചേർന്ന് അറന്നാടംപാടം ചങ്ങലക്ക് സമീപമാണ് കൊമ്പനും മോഴയും ഭീതിപടർത്തുന്നത്. ഏറെ കുടുംബങ്ങൾ താമസിക്കുന്ന പ്രദേശത്ത് വഴിവിളക്കുകളില്ലാത്തതും ഇവരുടെ ദുരിതം ഇരട്ടിയാക്കുന്നു. രാപകൽ വ്യത്യാസമില്ലാതെ സദാസമയത്തും ഇവിടെ ആനകൾ നിലയുറപ്പിക്കുന്നതിനാൽ സന്ധ്യാസമയങ്ങളിൽ നാട്ടുകാർ പുറത്തിറങ്ങാൻ ഭയക്കുകയാണ്. കുട്ടികൾ അടക്കമുള്ളവരെ വീടിന് പുറത്തിറക്കാൻ പോലും വീട്ടുകാർക്ക് കഴിയുന്നില്ല. വനാതിർത്തിയുള്ള ഫെൻസിങ്ങിന് സമീപം വരെ ആനകൾ എത്തുന്നുണ്ട്. മോഴയാന പൊതുവെ നിരുപദ്രവകാരിയാണെങ്കിലും കൊമ്പൻ മനുഷ്യഗന്ധം പിന്തുടർന്ന് എത്തുന്നതാണ് ഇപ്പോൾ നാട്ടുകാരിൽ ഭീതി സൃഷ്ടിക്കുന്നത്. ശനിയാഴ്ച രാവിലെ മുതൽ കൊമ്പൻ വനാതിർത്തിയിലെ ഗ്രൗണ്ടിലായിരുന്നു നിലയുറപ്പിച്ചിരുന്നത്. മനുഷ്യഗന്ധം മനസിലാക്കി ചിന്നം വിളിച്ച് അടുത്തെത്താൻ ശ്രമിച്ചതായും പ്രദേശവാസികൾ പറയുന്നു. നിലവിൽ മൂന്ന് ലൈനുള്ള ഫെൻസിങ് അഞ്ച് ലൈനാക്കി ഉയർത്തണമെന്നും ജനവാസ കേന്ദ്രത്തോട് ചേർന്ന് നിലയുറപ്പിച്ച കാട്ടാനകളെ ഉൾകാട്ടിലേക്ക് തുരത്താൻ നടപടി വേണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.