ddd
ഓപ്പറേഷൻ സ്ക്രീനിന്റെ ഭാഗമായി പെരിന്തൽമണ്ണയിൽ വാഹനം പരിശോധിക്കുന്ന മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ

മലപ്പുറം: വാഹനത്തിൽ കൂളിംഗോ,​ കർട്ടനോ ഉണ്ടോ. എങ്കിൽ റോഡിലേക്ക് ഇറങ്ങും മുമ്പ് പറിച്ചു കളഞ്ഞില്ലെങ്കിൽ യാത്ര കൂളാവില്ല. സൂപ്രീംകോടതിയുടെ കർശന നിർദ്ദേശത്തിന് പിന്നാലെ വാഹനങ്ങളിലെ കൂളിംഗ് ഫിലിമുകളും കർട്ടനും നീക്കം ചെയ്യുന്ന ഓപ്പറേഷൻ സ്‌ക്രീൻ പദ്ധതിയിൽ ജില്ലയിൽ മോട്ടോർ വാഹന വകുപ്പ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഇന്നലെ മാത്രം നിയമം ലംഘിച്ച 111 വാഹനങ്ങൾ പിടികൂടി പിഴ ഈടാക്കി. ആദ്യഘട്ടത്തിൽ 250 രൂപയാണ് പിഴ ഈടാക്കുന്നത്. നിയമ ലംഘനം ആവർത്തിച്ചാൽ 1,250 രൂപ ഈടാക്കും. വീണ്ടും ആവർത്തിച്ചാൽ വാഹന രജിസ്‌ട്രേഷൻ റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കും. പിഴ ഈടാക്കുന്നതും തുടർനടപടികളുമെല്ലാം ഓൺലൈൻ ആയതിനാൽ ഒഴിവുകഴിവുകൾ പറഞ്ഞ് രക്ഷപ്പെടാനാവില്ല. ഇ - ചെലാൻ വഴി പിഴ മെസേജായി അയയ്ക്കുകയാണ് ചെയ്യുന്നത്. പരിശോധന സമയത്ത് തന്നെ പിഴ അടയ്ക്കാനാവും. നിശ്ചിത സമയത്തിനകം പിഴയടച്ചില്ലെങ്കിൽ കോടതി നടപടികളിലേക്ക് നീങ്ങും. വാഹനത്തെ കരിമ്പട്ടികയിലും ഉൾപ്പെടുത്തും. ഈ മാസം 31 വരെ ഇതുമായി ബന്ധപ്പെട്ട പരിശോധനകൾ തുടരും.

ആദ്യ ദിവസമായ ഞായറാഴ്ച്ച വ്യാപകമായ പരിശോധന നടന്നിരുന്നില്ല. എന്നാൽ ഇന്നലെ എൻഫോഴ്സ്‌മെന്റ് വിംഗിന്റെ മാത്രം ആറ് സ്‌ക്വാഡുകൾ പരിശോധനയ്ക്ക് ഇറങ്ങി. ചില വാഹനങ്ങളിൽ കൂളിംഗ് ഫിലിം അധികൃതർ തന്നെ ഒഴിവാക്കി നൽകി. ഇതിനുള്ള അധികാരം സുപ്രീം കോടതി നൽകിയിട്ടുണ്ട്. വിവിധ സർക്കാർ വകുപ്പുകൾ, തദ്ദേശ സ്ഥാപനങ്ങൾ തുടങ്ങിവയുടെ വാഹനങ്ങളും സൺഫിലിം, കർട്ടൺ എന്നിവ ഉപയോഗിക്കുന്നുണ്ട്. ഇത്തരം വാഹനങ്ങൾക്കെതിരെയും വരുംദിവസങ്ങളിൽ നടപടി ശക്തമാക്കും.

കൂളിംഗ് ഫിലിമുകളും കർട്ടനുകളും ഒഴിവാക്കുന്നതിനുള്ള പരിശോധന വരുംദിവസങ്ങളിലും ശക്തമാക്കും. ഫിലിമും കർട്ടനും നീക്കാൻ വിസമ്മതിച്ചാൽ വാഹന രജിസ്ട്രേഷൻ റദ്ദാക്കും.

ടി.ജി. ഗോകുൽ,​ എൻഫോഴ്സ്മെന്റ് ആർ.ടി.ഒ