മലപ്പുറം: കൊവിഡ് വാക്സിൻ കുത്തിവയ്പ്പ് എടുത്തവരിൽ ആർക്കും തന്നെ ഗുരുതരമായ പാർശ്വഫലങ്ങൾ ഉണ്ടായിട്ടില്ല. ചിലർക്ക് നേരിയ പനി ഉണ്ടായി. ഇത് ഏത് കുത്തിവയ്പ്പ് എടുത്താലും ഉണ്ടാകുന്ന സ്വാഭാവിക പ്രതികരണമാണ്. കുത്തിവയ്പ്പിനു ശേഷം എന്തെങ്കിലും പ്രശ്നം ഉണ്ടാവുകയാണെങ്കിൽ അത് പരിഹരിക്കുന്നതിനുള്ള എല്ലാ സംവിധാനവും എല്ലാ കുത്തിവയ്പ്പ് കേന്ദ്രങ്ങളിലും ഒരുക്കിയതായി ജില്ലാ മെഡിക്കൽ ഓഫീസർ കെ.സക്കീന അറിയിച്ചു.
രണ്ടാംദിനം 656 പേർ
കൊവിഡ് വാക്സിനേഷൻ രണ്ടുദിനം പിന്നിടുമ്പോൾ ജില്ലയിൽ മികച്ച പ്രതികരണമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന അറിയിച്ചു. ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ നിന്നായി 656 പേർ രണ്ടാംദിനം വാക്സിൻ സ്വീകരിച്ചു. രണ്ടാംദിനത്തിൽ വാക്സിൻ സ്വീകരിക്കാൻ 900 ആരോഗ്യ പ്രവർത്തകരാണ് രജിസ്റ്റർ ചെയ്തത്. രജിസ്റ്റർ ചെയ്തവരിൽ ചിലർ സ്ഥലം മാറിപ്പോവുകയും കുറച്ചുപേർ കൊവിഡ് പോസിറ്റീവ് ആവുകയും ചെയ്ത സാഹചര്യത്തിലാണ് രണ്ടാംദിനം വാക്സനേഷൻ 100 ശതമാനമാവാതെ പോയത്. ആദ്യ ദിനം 155 പേരാണ് വാക്സിൻ സ്വീകരിച്ചത്.
ഒന്നാം ഘട്ടത്തിൽ വാക്സിൻ സ്വീകരിക്കുന്നതിന് ജില്ലയിലെ സർക്കാർ, സ്വകാര്യ മേഖലയിലെ 23,880 ആരോഗ്യ പ്രവർത്തകരാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇവരിൽ 13,000 പേർക്ക് രണ്ടു ഡോസ് വീതം നൽകാനുള്ള വാക്സിൻ ജില്ലയിൽ ലഭ്യമാണ്. ബാക്കിയുള്ളത് അടുത്ത ദിവസം തന്നെ എത്തും.
മഞ്ചേരി മെഡിക്കൽ കോളേജ്, തിരൂർ, നിലമ്പൂർ ജില്ലാ ആശുപത്രികൾ, വളവന്നൂർ ജില്ലാ ആയുർവേദ ആശുപത്രി, പൊന്നാനി, മലപ്പുറം, കൊണ്ടോട്ടി താലൂക്ക് ആശുപത്രികൾ, നെടുവ സാമൂഹ്യാരോഗ്യ കേന്ദ്രം, പെരിന്തൽമണ്ണ കിംസ് അൽശിഫ ആശുപത്രി എന്നിവിടങ്ങളിലാണ് നിലവിൽ കുത്തിവയ്പ്പ് നൽകുന്നത്. ഒരു സ്ഥലത്ത് രജിസ്റ്റർ ചെയ്തവർ പൂർത്തിയാകുന്ന മുറയ്ക്ക് വേറൊരു കേന്ദ്രത്തിലേക്ക് കുത്തിവയ്പ്പ് മാറ്റും. തിങ്കൾ, ചൊവ്വ, വ്യാഴം, വെള്ളി എന്നീ ദിവസങ്ങളിൽ ആണ് കുത്തിവയ്പ്പ് ഉണ്ടാവുക.
കുത്തിവയ്പ്പെടുത്ത് ജില്ലാ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും
ആരോഗ്യപ്രവർത്തകർക്ക് ആത്മവിശ്വാസം പകർന്ന് ജില്ലാ ആരോഗ്യവകുപ്പ് ജീവനക്കാർ കൊവിഡ് പ്രതിരോധ കുത്തിവയ്പ്പെടുത്തു. ജില്ലാ മെഡിക്കൽ ഓഫീസിൽ നിന്ന് 25 പേരും എൻ.എച്ച്.എം ഓഫീസിൽ നിന്ന് ആറുപേരുമാണ് വാക്സിൻ സ്വീകരിച്ചത്. മലപ്പുറം താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയിൽ നിന്ന് ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർമാരായ ഡോ. കെ മുഹമ്മദ് ഇസ്മായിൽ, ഡോ. അഹമ്മദ് അഫ്സൽ, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.എ. ഷിബുലാൽ, ജില്ലാ മാസ് മീഡിയ ഓഫീസർ പി. രാജു, മറ്റേണൽ ആൻഡ് ചൈൽഡ് ഹെൽത്ത് ഓഫീസർ ടി. യശോദതുടങ്ങിയവർ കുത്തിവയ്പ്പെടുത്തു.