മലപ്പുറം: പാലത്തിങ്ങലിൽ പുതിയ പാലം അടുത്തമാസം ഉദ്ഘാടനം ചെയ്യും. കൈവരിയുടെ പ്രവൃത്തി കൂടിയാണ് പൂർത്തീകരിക്കാനുള്ളത്.ഇടുങ്ങിയതും കാലപ്പഴക്കം ചെന്നതുമായ പാലത്തിങ്ങലിലെ പഴയ പാലത്തിലൂടെ കടലുണ്ടി പുഴ മുറിച്ചുകടക്കേണ്ട യാത്രക്കാരുടെ ആശങ്കയ്ക്ക് ഇതോടെ അറുതിയാവും. പരപ്പനങ്ങാടി തിരൂരങ്ങാടി റൂട്ടിലുള്ള 14.5 കോടിയുടെ പുതിയപാലം ഉദ്ഘാടനം ചെയ്യുന്നതോടെ ബസും ലോറിയും ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾക്കും സുഗമമായി സഞ്ചരിക്കാം.2018 ഏപ്രിൽ നാലിന് പാലം നിർമ്മാണ പ്രവൃത്തി തുടങ്ങി. നാൽപ്പതോളം തൊഴിലാളികൾ ഇവിടെ രാവും പകലും ജോലിയിലുണ്ട്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണ് പദ്ധതി നിർവഹണ ചുമതല. 2017 നവംബർ 26ന് മന്ത്രി ജി.സുധാകരനാണ് പാലത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചത്.
മോടി കൂടും
ഡിസ്ട്രിക്ട് ഫ്ളാഗ് ഷിപ്പ് ഇൻഫ്രാസ്ട്രെക്ച്ചർ പ്രൊജക്ടിൽ ഉൾപ്പെടുത്തി നാടുകാണി പരപ്പനങ്ങാടി റോഡ് നവീകരണത്തിനായി സംസ്ഥാന സർക്കാർ അനുവദിച്ച 450 കോടി രൂപയിൽ നിന്ന് 14.5 കോടി രൂപ വിനിയോഗിച്ചാണ് പാലത്തിങ്ങലിൽ പുതിയ പാലം പണിതത്.
നാടുകാണി മുതൽ പരപ്പനങ്ങാടി വരെയുള്ള മേഖലകളിൽ റോഡ് നവീകരണം, ഡ്രൈനേജുകളുടെ നിർമ്മാണം, നവീകരണം, സൗന്ദര്യവത്കരണം എന്നീ പ്രവൃത്തികളാണ് നടത്തുന്നത്.