വായ്പ്പാറപ്പടി ഡിവൈഡർ നിർമ്മാണം അശാസ്ത്രീയം
മഞ്ചേരി: അശാസ്ത്രീയമായി നിർമ്മിച്ച ഡിവൈഡറിൽ തട്ടി വായ്പ്പാറപടി വളവിൽ അപകടങ്ങൾ തുടർക്കഥയാകുന്നു. കഴിഞ്ഞ ദിവസവും രാത്രി ഇത്തരത്തിൽ കാർ അപകടത്തിൽ പെട്ടു.
അശാസ്ത്രീയമായ ഡിവൈഡറിൽ തട്ടി ഒരു മാസത്തിനിടെ പത്തോളം അപകടങ്ങളാണ് ഇവിടെയുണ്ടായത്. മലപ്പുറം റോഡിലെ വായ്പാറപ്പടി ഭാഗത്തെ വളവും സുരക്ഷാ സിഗ്നലുകളില്ലാത്ത ഡിവൈഡറും കാരണമാണ് വാഹനങ്ങൾ നിരന്തരം അപകടത്തിൽ പെടുന്നത്.
കഴിഞ്ഞ ദിവസം കൂട്ടിലങ്ങാടി സ്വദേശിയുടെ കാർ ആണ് അപകടത്തിൽ പെട്ടത്.കാറിൽ നാല് പേരുണ്ടായിരുന്നു. കാറിന്റെ എയർ ബാഗ് പ്രവർത്തിച്ചത് കാരണം യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
രാത്രിയിലാണ് അപകടങ്ങൾ കൂടുതലും സംഭവിക്കുന്നത്.
ചെറുതും വലുതുമായ വാഹനങ്ങൾ അപകടത്തിൽ പെടുന്നുണ്ട്.
മലപ്പുറം ഭാഗങ്ങളിൽ വരുന്ന വാഹനങ്ങളാണ് കൂടുതലും അപകടത്തിനിരയാവുന്നത്.
സിഗ്നൽ ലൈറ്റ് സ്ഥാപിക്കണം
വായ്പാറപ്പടി വളവു ഭാഗത്ത് രണ്ടുഡിവൈഡർകളാണ് ഉള്ളത്.
ഉയരകുറവും മുന്നറിയിപ്പ് ബോർഡുകളും ഇല്ലാത്തതിനാൽ ഒരു ഡിവൈഡർ കഴിഞ്ഞു പിന്നെയുള്ളത് പെട്ടെന്ന് കാണാൻ യാത്രക്കാർക്കാവില്ല.
എന്നാൽ അപകടങ്ങൾ തുടർക്കഥയായിട്ടും യാതൊരു നടപടിയും പൊലീസിന്റെയോ നഗരസഭയുടെയോ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല.
രണ്ടു ഡിവൈഡർകളും ഒന്നാക്കുകയും സിഗ്നൽ ലൈറ്റുകളും റിഫ്ളക്ടറുകളും സ്ഥാപിക്കുകയും ചെയ്യണമെന്നാണ് നാട്ടുകാരുടെ കാലങ്ങളായുള്ള ആവശ്യം.