മലപ്പുറം: സാമ്പത്തിക വർഷം അവസാനിക്കാൻ രണ്ടരമാസം മാത്രം ശേഷിക്കെ, നടപ്പു വർഷത്തെ പദ്ധതിത്തുകയിൽ പകുതിയും ചെലവഴിക്കാതെ തദ്ദേശ സ്ഥാപനങ്ങൾ. 2020-21 സാമ്പത്തികവർഷം 7,275 കോടി വകയിരുത്തിയപ്പോൾ, ഇന്നലെ വരെ ചെലവഴിച്ചത് 3756 കോടി മാത്രം. 3519 കോടി ബാക്കി.
കൊവിഡും ട്രഷറികളിൽ ബില്ല് പാസാവാതിരുന്നതും തദ്ദേശ തിരഞ്ഞെടുപ്പും പദ്ധതികളുടെ വേഗം കുറച്ചു. നിലവിൽ ട്രഷറികളിൽ ബില്ലുകൾ മാറിക്കിട്ടുന്നുണ്ട്. പുതിയ ഭരണസമിതികൾ അതിവേഗം നടപടിയെടുത്തില്ലെങ്കിൽ കോടികളുടെ ഫണ്ടാവും പാഴാവുക. മുൻ ഭരണസമിതികൾ സമർപ്പിച്ച പദ്ധതികളിൽ ഈ മാസം 25നകം ഭേദഗതി വരുത്തി ജില്ലാ ആസൂത്രണ സമിതിക്ക് സമർപ്പിക്കാനാവും.
അതേസമയം, 2021-22 സാമ്പത്തിക വർഷത്തേക്കുള്ള പദ്ധതികളുടെ സമർപ്പണം ഫെബ്രുവരി 21നകം വേണമെന്ന് സർക്കാരിന്റെ നിർദ്ദേശമുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ, പെരുമാറ്റച്ചട്ടം അവസാനിച്ച ശേഷമേ പദ്ധതി രൂപീകരണം സാദ്ധ്യമാകൂ.
ഫണ്ട് ചെലവഴിക്കുന്നതിൽ കോർപറേഷനുകളാണ് പിന്നിൽ. 1,129 കോടി വകയിരുത്തിയപ്പോൾ ചെലവഴിച്ചത് വെറും 386 കോടി. 34.23 % . കൊല്ലം കോർപറേഷനാണ് ഏറ്റവും പിന്നിൽ. 158 കോടിയിൽ ചെലവിട്ടത് 37 കോടി മാത്രം. 23.78 %. കോഴിക്കോടാണ് മുന്നിൽ, 42.89%.
231 പഞ്ചായത്തുകൾ പകുതിത്തുക പോലും ചെലവഴിച്ചിട്ടില്ല. പാലക്കാട്ടെ നെല്ലിയാമ്പതിയാണ് ഏറ്റവും പിന്നിൽ. 16.33%. കാസർകോട്ടെ ഈസ്റ്റ് ഏളേരിയാണ് തുക ചെലവഴിക്കലിൽ മുന്നിൽ. 88.11 %.
87 മുനിസിപ്പാലിറ്റികളിൽ 29 എണ്ണവും പകുതിയിൽ താഴെ തുക ചെലവഴിച്ചവയാണ്. 67.29 ശതമാനവുമായി കുന്നംകുളമാണ് മുന്നിൽ. 10.51 ശതമാനവുമായി മലപ്പുറമാണ് ഏറ്റവും പിന്നിൽ. ബ്ലോക്ക് പഞ്ചായത്തുകളിൽ തിരുവനന്തപുരത്തെ കിളിമാനൂരാണ് ഏറ്റവും പിന്നിൽ. 35.49%. കൊല്ലത്തെ മുഖത്തലയാണ് മുന്നിൽ. 83.73 %. ജില്ലാ പഞ്ചായത്തുകളിൽ തൃശൂരാണ് മുന്നിൽ. 63.91 %. വയനാട് പിന്നിലും. 44.25 %.
വാർഷിക പദ്ധതി
ചെലവഴിക്കൽ
(കോടിയിൽ)
കോർപറേഷനുകൾ:
വകയിരുത്തിയത് - 1,129.25
ചെലവഴിച്ചത് - 386.53
ശേഷിക്കുന്നത് - 742.72
ജില്ലാ പഞ്ചായത്ത്:
വകയിരുത്തിത് - 864.75
ചെലവഴിച്ചത് - 466.70
ശേഷിക്കുന്നത് - 397.55
ബ്ലോക്ക് പഞ്ചായത്ത് :
വകയിരുത്തിയത് - 864.75
ചെലവഴിച്ചത് - 499.49
ശേഷിക്കുന്നത് - 365.26
മുനിസിപ്പാലിറ്റി :
വകയിരുത്തിയത് - 1070.56
ചെലവഴിച്ചത് - 545.89
ശേഷിക്കുന്നത് - 524.67
ഗ്രാപഞ്ചായത്ത്:
വകയിരുത്തിയത് - 3,346.61
ചെലവഴിച്ചത് - 1,856.32
ശേഷിക്കുന്നത് - 1,490. 29