പൊന്നാനി: സാമൂഹ്യ പരിഷ്ക്കർത്താക്കളും അധിനിവേശ വിരുദ്ധ പോരാളികളുമായ പൊന്നാനിയിലെ മഖ്ദൂം പരമ്പരയുടെ ചരിത്രം പൊതു സമൂഹത്തിന് പകർന്നു നൽകാൻ മഖ്ദൂം സ്മാരകം വരുന്നു. സംസ്ഥാന ബഡ്ജറ്റ് മറുപടി പ്രസംഗത്തിലാണ് 50 ലക്ഷം രൂപ സ്മാരകത്തിന് വകയിരുത്തിയ കാര്യം മന്ത്രി തോമസ് ഐസക് അറിയിച്ചത്.
മഖ്ദൂം പരമ്പരയിൽ പ്രമുഖനും വിശ്വ പ്രസിദ്ധ പണ്ഡിതനും ചരിത്രകാരനുമായ സൈനുദ്ദീൻ മഖ്ദൂം രണ്ടാമന് പൊന്നാനിയിൽ സ്മാരകം വേണമെന്ന ദീർഘനാളത്തെ ആവശ്യത്തിനാണ് വഴിതുറന്നിരിക്കുന്നത്. പൊന്നാനി കർമ്മമണ്ഡലമായി തിരഞ്ഞെടുത്ത സൈനുദ്ദീൻ മഖ്ദൂം രചിച്ച ചരിത്ര ഗ്രന്ഥമായ തുഹ്ഫത്തുൽ മുജാഹിദീൻ, കർമ്മശാസ്ത്ര ഗ്രന്ഥമായ ഫത്ഹുൽ മുഈൻ ഉൾപ്പെടെയുള്ള ഗ്രന്ഥങ്ങൾ അന്താരാഷ്ട്ര സർവ്വകലാശാലകളിൽ ഉൾപ്പെടെ പാഠ്യവിഷയമാണ്. പോർച്ചുഗീസ് അധിനിവേശത്തിനെതിരെ പോരാട്ടത്തിന് ആഹ്വാനം ചെയ്ത ആദ്യ ചരിത്ര ഗ്രന്ഥമായ തുഹ്ഫത്തുൽ മുജാഹിദ്ദീൻ 38 ഭാഷകളിലേക്ക് പരിഭാഷ ചെയ്തിട്ടുണ്ട്. ലോകം ആദരിക്കുന്ന മഹാപ്രതിഭയ്ക്ക് കർമ്മമണ്ഡലമായ പൊന്നാനിയിൽ ഇതുവരെയും അനുയോജ്യമായ സ്മാരകം ഉയർന്നിട്ടില്ല.
മഖ്ദൂം രണ്ടാമന്റെ പേരിലുള്ള ചരിത്രസ്മാരകം പൊന്നാനിയിൽ നിർമ്മിക്കാൻ നേരത്തെ ആലോചനകൾ നടന്നിരുന്നു. വർഷങ്ങളായി മആവശ്യമുയരുന്നുണ്ടെങ്കിലും വ്യക്തമായ ഇടപെടൽ സാദ്ധ്യമായിരുന്നില്ല. സ്വകാര്യ ട്രസ്റ്റുകളുടെ നേതൃത്വത്തിൽ സ്മാരകത്തിനായി നീക്കങ്ങൾ നടന്നിരുന്നെങ്കിലും പാതിവഴിയിൽ നിലച്ചു.
മഖ്ദൂമിന്റെ വീട് ഇന്നില്ല. മഖ്ദൂം സ്മാരകത്തിനായി കെട്ടിട നിർമ്മാണം ആരംഭിച്ചെങ്കിലും വർഷങ്ങളായി പാതിവഴിയിൽ നിലച്ച നിലയിലാണ്. കേന്ദ്ര വ്യോമയാന മന്ത്രിയായിരുന്ന സി.എ ഇബ്രാഹിമിന്റെ നേതൃത്വത്തിലുള്ള ട്രസ്റ്റിന്റെ സഹായത്തോടെ സ്മാരക മന്ദിരം നിർമ്മിക്കാനാണ് ആലോചിച്ചിരുന്നത്. എന്നാലത് സാദ്ധ്യമായില്ല. മഖ്ദൂം സ്മാരകത്തിനായുള്ള പ്രൊപ്പോസൽ സർക്കാരിന് മുന്നിലുണ്ട്. നിയമസഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണന്റെ ഓഫീസ് മുഖേന സംസ്ഥാന ബഡ്ജറ്റിന്റെ പരിഗണനയ്ക്ക് സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് 50 ലക്ഷം രൂപ അനുവദിച്ചിരിക്കുന്നത്. നിലവിൽ സാംസ്കാരിക വകുപ്പിന് മുന്നിൽ പുതിയൊരു പ്രൊപ്പോസൽ സമർപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്.
മഖ്ദൂമിന്റെ ചരിത്ര ഗ്രന്ഥങ്ങൾ പ്രദർശിപ്പിക്കുന്ന മ്യൂസിയം, ചരിത്ര ഗവേഷണ കേന്ദ്രം എന്നിവ ഉൾകൊള്ളിച്ചുള്ള സ്മാരകമന്ദിരമാണ് ആലോചിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ പ്രത്യേക ട്രസ്റ്റിന് രൂപം നൽകുന്നതിനെ കുറിച്ചും ആലോചനയുണ്ട്. സംസ്ഥാനത്ത് ആരംഭിക്കുന്ന അറബിക് സർവ്വകലാശാലയ്ക്ക് സൈനുദ്ദീൻ മഖ്ദൂമിന്റെ പേര് നൽകണമെന്ന ആവശ്യവുമായി നിരവധി സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.
മഖ്ദൂം പരമ്പരയിലെ ഒട്ടുമിക്കവരും വ്യത്യസ്തങ്ങളായ സംഭാവനകൾ അർപ്പിച്ചവരാണ്. മഖ്ദൂം ഒന്നാമനാണ് പൊന്നാനിയിലെ വലിയ പള്ളി സ്ഥാപിച്ചത്. മഖ്ദൂം മൂന്നാമനും നാലാമനും നിരവധി ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്.