cffff
അരുൺകുമാർ കൃഷിയിടത്തിൽ. മാതാവ് മാധവിക്കുട്ടിയമ്മ സമീപം

മലപ്പുറം: സ്വന്തമായി ഒരു ഗ്ലാസ് വെള്ളം കുടിക്കാൻ പോലും വിറയ്ക്കുന്ന കൈ അരുണിനെ സമ്മതിക്കില്ല. കാലുകൾക്ക് ശേഷിയില്ലാത്തതിനാൽ കൈകൾ നിലത്തൂന്നി മുട്ടിൽ നിരങ്ങി വേണം സഞ്ചരിക്കാൻ.

വ്യക്തമായി സംസാരിക്കാനുമറിയില്ല. ഈ പരിമിതികളെയെല്ലാം മണ്ണിലിറങ്ങി തോൽപ്പിച്ച

ഊരകം പുലഞ്ചാലിലെ കാരാട്ട് അരുൺ കുമാറെന്ന 52കാരനെ തേടിയെത്തിയത് ഭിന്നശേഷി വിഭാഗത്തിലെ മികച്ച കർഷകനുള്ള സംസ്ഥാന പുരസ്‌കാരം.ഇത് പ്രകൃതി എനിക്ക് നൽകിയ പുരസ്കാരമാണെന്ന് അരുൺകുമാർ പറയുന്നു. അതെ മണ്ണ് അവൻ ചോദിക്കുന്നതെന്തും തരുന്ന കാമധേനുവാണെന്ന് അരുണിന്റെ ജീവിതം തെളിയിക്കുന്നു. അരുണിന്റെ ജീവിതത്തെക്കുറിച്ച് കേരളകൗമുദി നേരത്തേ വീഡിയോ സ്റ്റോറി ചെയ്തിരുന്നു.

വീടിനടുത്ത് സുഹൃത്ത് അബ്ദുൾ ലത്തീഫ് പാട്ടത്തിനെടുത്ത ഭൂമിയിലെ കുറച്ചു ഭാഗത്താണ് അരുൺ വാഴക്കൃഷി ചെയ്യുന്നത്. അതിരാവിലെ തൂമ്പയുമായി കൃഷിയിടത്തിലെത്തുന്ന അരുൺ പരസഹായമില്ലാതെ കുഴിയെടുത്താണ് വാഴക്കന്നുകൾ നടുന്നതും അവയെ പരിപാലിക്കുന്നതും. കൃഷിയിടത്തിലിറങ്ങുമ്പോൾ അരുണിന് എന്തെന്നില്ലാത്ത ഉൗർജമാണെന്ന് വീട്ടുകാർ പറയുന്നു. കുടിവെള്ളവുമായി അമ്മയും സഹോദരന്റെ ഭാര്യയും ഒപ്പമുണ്ടാവുമെങ്കിലും കൃഷി ചെയ്യാൻ ആരുടെയും സഹായം തേടില്ല. ഭിന്നശേഷി മൂലം സ്‌കൂൾ വിദ്യാഭ്യാസം നേടാനായില്ല. വീട്ടിൽ വെറുതെയിരിക്കാൻ അരുണിനും മടി. കൃഷിയിൽ താത്പര്യം കൂടിയതോടെ പതിനഞ്ചാം വയസിൽ ആദ്യമായി തൂമ്പയെടുത്ത് വീട്ടുവളപ്പിലിറങ്ങി. വാഴയും​ ചേനയും ചേമ്പും നട്ടുപിടിപ്പിച്ചു. മികച്ച വിളവുണ്ടായതോടെ കൃഷി വ്യാപിപ്പിക്കണമെന്ന ആഗ്രഹത്തിന് മുന്നിൽ വീടിന്റെ സ്ഥലപരിമിതി തടസമായി. ഇതോടെയാണ് പാട്ടകൃഷിയിലേക്ക് തിരിഞ്ഞത്. കൃഷിയോടുള്ള സ്നേഹമറിഞ്ഞ് സൗജന്യമായാണ് പലരും കൃഷി ചെയ്യാൻ ഭൂമി നൽകിയത്.

പത്ത് വർഷമായി കൃഷി തുടങ്ങിയിട്ട്. വാഴക്കൃഷിയാണ് പ്രധാനമായും ചെയ്യുന്നത്. 2014ൽ ഊരകം പഞ്ചായത്തിന്റെ കർഷകശ്രീ അവാർഡ് നേടിയിരുന്നു.

വീടിനടുത്താണ് കൃഷിയിടമെങ്കിലും ഒരു റോഡും തോടും മുറിച്ച് കടക്കണമെന്നതിനാൽ മറ്റുള്ളവരുടെ സഹായം വേണം. സഞ്ചരിക്കാൻ ഇലക്ട്രോണിക് മുച്ചക്ര വാഹനമെന്ന അരുണിന്റെ സ്വപ്നമറിഞ്ഞ കാസർകോട് സ്വദേശി ഇതു വാഗ്ദാനം ചെയ്തിട്ടുണ്ട്. കൂടുതൽ സ്ഥലത്ത് കൃഷി ചെയ്യാനാണ് അരുണിന്റെ പദ്ധതി. പരേതനായ നാരായണൻ നായരുടെയും മാധവിക്കുട്ടിയമ്മയുടെയും നാല് മക്കളിൽ മൂന്നാമനാണ് അരുൺ.