boat
ബോട്ട് എഞ്ചിൻ മോഷണം അന്വേഷണ സംഘം പ്രതിയുമായി

താനൂർ: മത്സ്യബന്ധനത്തിനുപയോഗിക്കുന്ന വള്ളങ്ങളിലെ എൻജിനുകൾ മോഷ്ടിച്ചയാൾ അറസ്റ്റിൽ. കോർമൻ കടപ്പുറം സ്വദേശി പാണച്ചിന്റെ പുരക്കൽ സഹദ് ആണ് പിടിയിലായത്.
ഡിസംബർ 11ന് കോർമൻ കടപ്പുറം സ്വദേശി വടക്കയിൽ അബ്ദുള്ളക്കോയയുടെ ഉടമസ്ഥതയിലുള്ള ഒരു ലക്ഷത്തിന്റെ ബോട്ട് എൻജിനും ജനുവരി ഏഴിന് എളാരം കടപ്പുറം സ്വദേശി കോട്ടിൽ ഷിഹാബിന്റെ ഉടമസ്ഥതയിലുള്ള 1.​36 ലക്ഷം വിലവരുന്ന യമഹ ബോട്ട് എൻജിനും നഷ്ടമായിരുന്നു.
അന്വേഷണത്തിന്റെ ഭാഗമായി 150ലേറെ സിസി ടിവി കാമറകൾ പരിശോധിച്ചു. സംശയിക്കപ്പെടുന്ന നൂറോളം വ്യക്തികളെ ചോദ്യം ചെയ്തു. തിരുവനന്തപുരം മുതൽ കണ്ണൂർ വരെയുള്ള യമഹ എൻജിൻ വിൽക്കുന്ന വ്യാപാരസ്ഥാപനങ്ങൾ പരിശോധിക്കുകയും വ്യാപാരികളെ ചോദ്യം ചെയ്യുകയും ചെയ്തു.
അന്വേഷണത്തിനൊടുവിൽ താനൂർ കോർമൻ കടപ്പുറത്തുള്ള സഹദാണ് എൻജിൻ മോഷ്ടാവ് എന്ന് അന്വേഷണസംഘം കണ്ടെത്തി. താനൂർ ബീച്ചിൽ നിന്നുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ പതിനഞ്ചോളം എൻജിനുകൾ മോഷ്ടിച്ചതായി പ്രതി സമ്മതിച്ചു.
എസ്.എച്ച്.ഒ പി. പ്രമോദ്, പ്രിൻസിപ്പൽ എസ്‌.ഐ എൻ. ശ്രീജിത്ത്, എസ്‌ഐ ഗിരീഷ്, എസ്.സി.പി.ഒ കെ. സലേഷ്, സി.പി.ഒ എം.പി സബറുദ്ദീൻ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
പ്രതിയെ പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കി. കൂടുതൽ അന്വേഷണത്തിനായി പ്രതിയ കസ്റ്റഡിയിൽ വാങ്ങും