മലപ്പുറം: പലവട്ടം മുടങ്ങിയ തെരുവുനായ വന്ധ്യംകരണം ഫെബ്രുവരി പകുതിയോടെ ജില്ലയിൽ വീണ്ടും പുനഃരാരംഭിക്കും. കോഴിക്കോട്ടെ കുടുംബശ്രീക്കാണ് എ.ബി.സി ( ആനിമൽ ബർത്ത് കൺട്രോൾ) പദ്ധതിയുടെ നടത്തിപ്പ് ചുമതല. പുതിയ ജില്ലാ പഞ്ചായത്ത് ഭരണസമിതി നിലവിൽ വന്നശേഷം ഇതുസംബന്ധിച്ച് മൃസംരക്ഷണ വകുപ്പുമായി മൂന്നുതവണ യോഗം ചേർന്നിരുന്നു. കുടുംബശ്രീയുടെ നേതൃത്വത്തിൽ വന്ധ്യംകരണത്തിന് താത്കാലികമായി രണ്ട് ഓപ്പറേഷൻ സെന്ററുകളൊരുക്കും. ആളൊഴിഞ്ഞ പ്രദേശമാവും തിരഞ്ഞെടുക്കുക. ജില്ലാ പഞ്ചായത്തിന്റെ നിർദ്ദേശം പരിഗണിച്ച് ആദ്യം തെരുവുനായ്ക്കളെ പിടികൂടേണ്ട സ്ഥലങ്ങളുടെ പട്ടിക തയ്യാറാക്കും.
രണ്ട് ഓപ്പറേഷൻ സെന്ററുകളിലായി ദിനംപ്രതി 40 നായ്ക്കളെ വന്ധ്യംകരിക്കാൻ സൗകര്യമുണ്ടാവും. ഒരു മാസം ആയിരം നായ്ക്കളെ വരെ വന്ധ്യംകരിക്കുകയാണ് ലക്ഷ്യം. ഒരു തെരുവുനായയെ പിടികൂടി വന്ധ്യംകരിച്ച് നാലു ദിവസം സംരക്ഷിച്ച് പിടികൂടിയ സ്ഥലത്തുതന്നെ കൊണ്ടുപോയി വിടുന്നതിന് കുടുംബശ്രീക്ക് 2,100 രൂപയാണ് നൽകുക. ഡോക്ടർമാർ, മെഡിസിൻ, ഓപ്പറേഷൻ തിയേറ്റർ ഒരുക്കൽ, നായ പിടുത്തക്കാർ എന്നിവയെല്ലാം കുടുംബശ്രീയാണ് ഒരുക്കേണ്ടത്. 2016 മുതൽ പാലക്കാട്, തൃശൂർ, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിൽ 35,000 നായകളുടെ വന്ധ്യംകരണത്തിന് നേതൃത്വമേകിയ അനുഭവ സമ്പത്തുമായാണ് മലപ്പുറത്തേക്കും പ്രവർത്തനം വ്യാപിപ്പിക്കുന്നത്. 75 നായപിടുത്തക്കാർ കുടുംബശ്രീ സംഘത്തിന് കീഴിലുണ്ട്. തമിഴ്നാട് സ്വദേശികളാണിവർ. സ്ഥിരമായി സഹകരിക്കുന്ന 25 ഡോക്ടർമാരുടെ പാനലുമുണ്ട്. ഓരോ പ്രദേശത്തിന്റെയും ആവശ്യകത അനുസരിച്ചാവും ഇവരുടെ സേവനം പ്രയോജനപ്പെടുത്തുക.
വേണം കൂടുതൽ ഫണ്ട്
2016ൽ പഞ്ചായത്തുകളുടെ പ്ലാൻ ഫണ്ടിൽ നിന്ന് ഒരു ലക്ഷവും മുനിസിപ്പാലിറ്റികളിൽ നിന്ന് അഞ്ചുലക്ഷം രൂപയും നീക്കിവച്ച് എ.ബി.സി പദ്ധതിക്കായി 1.24 കോടി കണ്ടെത്തിയിരുന്നു. ഇതിൽ 2,692 നായ്ക്കളെ വന്ധ്യംകരിച്ച വകയിൽ 42 ലക്ഷത്തോളം രൂപ ചെലവായി. 50 ലക്ഷം രൂപ സംസ്ഥാന സർക്കാർ പിൻവലിച്ചു. 21 ലക്ഷം രൂപയാണ് നിലവിൽ അക്കൗണ്ടിലുള്ളത്. സർക്കാർ പിൻവലിച്ച തുക തിരിച്ചുകിട്ടാനുള്ള ശ്രമത്തിലാണ് ജില്ലാ പഞ്ചായത്തും മൃഗസംരക്ഷണ വകുപ്പും. ഫണ്ട് കിട്ടിയില്ലെങ്കിൽ തദ്ദേശസ്ഥാപനങ്ങളുടെ പ്ലാൻ ഫണ്ടിൽ നിന്നും വീണ്ടും തുക വകയിരുത്താൻ ജില്ലാ പഞ്ചായത്ത് നിർദ്ദേശമേകിയേക്കും.
വരുന്നു, കൂടുതൽ സെന്ററുകൾ
നിലവിൽ ഈശ്വരമംഗലം, തിരൂർ എന്നിവിടങ്ങളിലാണ് തെരുവ് നായകളെ വന്ധ്യംകരിക്കുന്നതിനുള്ള എ.ബി.സി സെന്റർ പ്രവർത്തിക്കുന്നത്. സ്ഥലമുള്ള നാല് മൃഗാശുപത്രികളിൽ എ.ബി.സി സെന്ററുകൾ തുടങ്ങാൻ ജില്ലാ പഞ്ചായത്ത് ഭരണസമിതി 35 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. മങ്കട, ചീക്കോട്, തേഞ്ഞിപ്പലം, വണ്ടൂർ എന്നിവിടങ്ങളിൽ മൃഗാശുപത്രിയോട് ചേർന്ന സ്ഥലത്താണ് കെട്ടിടം നിർമ്മിക്കുക. ഓപ്പറേഷൻ തിയേറ്റർ ഉൾപ്പെടെ തെരുവുനായ വന്ധ്യംകരണത്തിനുള്ള മറ്റ് സംവിധാനങ്ങളും ഒരുക്കും.
തെരുവുനായ്ക്കളുടെ വന്ധ്യംകരണം നടപ്പാക്കുന്നതിലെ പരിചയ സമ്പത്താണ് കോഴിക്കോട്ടെ കുടുംബശ്രീയെ തിരഞ്ഞെടുക്കാൻ കാരണം. ജില്ലാ പഞ്ചായത്തും മൃഗസംരക്ഷണ വകുപ്പും ഒത്തൊരുമിച്ച് വേഗത്തിൽ തന്നെ പദ്ധതിയുടെ പ്രവർത്തനം ജില്ലയിൽ തുടങ്ങും.
ഡോ.ബി. സുരേഷ്, എ.ബി.സി നോഡൽ ഓഫീസർ, ഡെപ്യൂട്ടി ഡയറക്ടർ ,ജില്ലാ മൃഗസംരക്ഷണ വകുപ്പ്.