jjjjj

മലപ്പുറം: ജില്ലയിലെ എൽ.പി സ്കൂളുകളിൽ നികത്താതെ കിടക്കുന്നത് നാനൂറിലധികം അദ്ധ്യാപക ഒഴിവുകൾ. കഴിഞ്ഞ അദ്ധ്യയന വർഷം 420 ഒഴിവുകളാണ് നികത്തപ്പെടാതെ കിടന്നത്. വിദ്യാഭ്യാസ വകുപ്പിന്റെ കണക്കുപ്രകാരം 8000ത്തിലേറെ വിദ്യാ‌‌ർത്ഥികൾ ഈവർഷം അധികം ചേർന്നിട്ടുണ്ട്. ഇതുപ്രകാരം 200നടുത്ത് പുതിയ തസ്തികകളും സൃഷ്ടിക്കപ്പെടും. കൊവിഡ് കാരണം പ്രൈമറി സ്കൂളുകൾ തുറക്കാത്തതിനാൽ സ്റ്റാഫ് ഫിക്സേഷൻ തടസപ്പെട്ടതോടെ ഈ ഒഴിവുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇതിനു പുറമെ റിട്ടയർമെന്റ് ,​ എച്ച്.എം പ്രമോഷൻ,​ അടുത്ത മാസം നടക്കാൻ പോവുന്ന അന്തർ ജില്ലാ സ്ഥലംമാറ്റം എന്നിവ മുഖേനയും നിരവധി ഒഴിവുകളുണ്ടാവും. നേരത്തെ താത്കാലിക അദ്ധ്യാപകരെ നിയോഗിച്ചായിരുന്നു അദ്ധ്യയനം മുന്നോട്ടുകൊണ്ടുപോയിരുന്നത്. കൊവിഡോടെ താത്ക്കാലിക നിയമനങ്ങൾ നടന്നിട്ടില്ല. ഓൺലൈൻ ക്ലാസുകളായതിനാൽ അദ്ധ്യാപകരുടെ കുറവ് വലിയ തോതിൽ ബാധിച്ചിട്ടില്ല. സ്കൂളുകൾ വീണ്ടും തുറക്കുന്നതോടെ താത്ക്കാലിക നിയമനങ്ങളുമായാവും മുന്നോട്ടുപോവുക. സ്ഥിരം അദ്ധ്യാപകരുടെ കുറവ് കുട്ടികളുടെ പാഠ്യ,​ പാഠ്യേതര പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.

ലിസ്റ്റുണ്ട്,​ നിയമനം പാതിയിൽ
നിലവിലെ എൽ.പി.എസ്.എ റാങ്ക് ലിസ്റ്റ് റദ്ദായതിന് പിന്നാലെ പുതിയ റാങ്ക് ലിസ്റ്റിന്റെ ഷോർട്ട് ലിസ്റ്റ് പി.എസ്.സി പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിലവിൽ 1,​000 പേരെയാണ് ജില്ലയിൽ മെയിൻ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. റിപ്പോർട്ട് ചെയ്ത ഒഴിവുകളുടെ അഞ്ചിരട്ടി ആളുകളെങ്കിലും മെയിൻ ലിസ്റ്റിൽ ഉണ്ടാവേണ്ട സ്ഥാനത്താണിത്. 402 ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തതായി മലപ്പുറം ഡി.ഡി.ഇ ഓഫീസിൽ നിന്ന് ഉദ്യോഗാർത്ഥികൾക്ക് ലഭിച്ച വിവരാവകാശ രേഖയിൽ പറയുന്നു. ഇതുപ്രകാരം മാത്രം രണ്ടായിരം പേരെയെങ്കിലും മെയിൻ ലിസ്റ്റിൽ ഉൾപ്പെടുത്തേണ്ടതാണ്. മറ്റ് ഒഴിവുകൾ കൂടി പരിഗണിച്ചാൽ ഇതും മതിയാവാതെ വരും. യു.പി.എസ്.എ മെയിൻ റാങ്ക് ലിസ്റ്റിലും 1,​000 പേരെയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഈ രണ്ട് പട്ടികയിലും ഒരുപോലെ ഉൾപ്പെട്ടവർ നിരവധിപേരുണ്ട്. ഇവർ എൽ.പിക്ക് പകരം യു.പിയാവും തിരഞ്ഞെടുക്കുക. കഴിഞ്ഞ റാങ്ക് പട്ടികയിൽ ജില്ലയിൽ എൽ.പി.എസ്.എയിൽ 1,​179 നിയമനങ്ങളാണ് നടന്നിരുന്നത്.

എൽ.പി.എസ്.എ മെയിൻ റാങ്ക് പട്ടികയിൽ 3,​000 പേരെയെങ്കിലും ഉൾപ്പെടുത്തണം. ഒഴിവുകളുണ്ടായിട്ടും മുഖ്യറാങ്ക് പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലെന്ന കാരണത്താൽ അർഹരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് കഴിഞ്ഞ തവണ നിയമനം ലഭിച്ചിട്ടില്ല. ലിസ്റ്റ് ഇറങ്ങി വൈകാതെ റദ്ദാവുകയാണ്.

സി.ഉമ്മർ,​ കൺവീനർ ,​ ജില്ലാ എൽ.പി.എസ്.എ അസോസിയേഷൻ