cff
മലപ്പുറം ജില്ലാ പ‍ഞ്ചായത്ത് ഹാളിൽ നടന്ന വനിതാകമ്മിഷൻ സിറ്റിംഗിൽ നിന്നും

മലപ്പുറം: ജില്ലയിൽ വനിതാകമ്മിഷൻ മുമ്പാകെ എത്തുന്ന പരാതികളിൽ സ്വത്ത് സംബന്ധമായ പരാതികളാണ് കൂടുതൽ എത്തുന്നതെന്ന് വനിതാകമ്മിഷനംഗം ഇ.എം രാധ പറഞ്ഞു. ഇത് ഏറെ ആശങ്കാജനകമാണ്. വിവാഹ,​ കുടുംബ പ്രശ്നങ്ങളും സ്ത്രീധന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് നിരവധി കേസുകളാണ് മുമ്പ് അദാലത്തിലെത്തിയിരുന്നത്. എന്നാൽ അത്തരത്തിലുള്ള കേസുകളൊന്നും നിലവിൽ അധികം എത്തുന്നില്ലെന്നും കമ്മിഷൻ അറിയിച്ചു.
23 വർഷമായി സഹോദരനും സഹോദരിയും തമ്മിലുള്ള സ്വത്ത് തർക്കത്തിനും അദാലത്തിൽ പരിഹാരമായി. സഹോദരൻ 23 വർഷങ്ങൾക്ക് മുമ്പാണ് 6,​000 രൂപ പറ്റിച്ച് സഹോദരിയുടെ സ്വത്ത് തട്ടിയെടുത്തത്. അദാലത്തിൽ സ്വത്ത് തിരിച്ചു കൊടുക്കാൻ ധാരണയായി.
ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന അദാലത്തിൽ 80 കേസുകളാണ് കമ്മിഷൻ പരിഗണിച്ചത്. 26 കേസുകൾ തീർപ്പാക്കുകയും 12 കേസുകൾ പൊലീസിനോട് റിപ്പോർട്ട് തേടുകയും ചെയ്തു. മൂന്ന് കേസുകളിൽ കൗൺസലിംഗ് നിർദ്ദേശിച്ചു. 39 കേസുകൾ അടുത്ത അദാലത്തിൽ പരിഗണിക്കും. അഡ്വ.രാജേഷ് പുതുക്കാട്, അഡ്വ.ബീന കരുവാത്ത് പങ്കെടുത്തു.