പോക്സോ കേസിലെ ഇരയായ പെൺകുട്ടി വീണ്ടും 32 തവണ ലൈംഗികാതിക്രമത്തിന് ഇരയാകുക, അതും അഞ്ച് വർഷത്തിനിടെ പലരാൽ പലയിടങ്ങളിൽ വെച്ച്. എന്നിട്ടും പെൺകുട്ടിയുടെ സുരക്ഷ ഉറപ്പാക്കേണ്ട അധികൃതർ മാത്രം ഒന്നുമറിഞ്ഞിട്ടില്ല. മലപ്പുറം പാണ്ടിക്കാടിലെ പോക്‌സോ കേസ് ഇരയായ 17കാരിയാണ് മനസാക്ഷിയെ ഞെട്ടിപ്പിക്കുംവിധം കൊടിയ ലൈംഗിക ചൂഷണത്തിന് ഇരയായത്. 44 പേരാണ് പ്രതികൾ. കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് അരഡസൻ വകുപ്പുകളും അതിശക്തമായ പോക്സോ നിയമവും ഉള്ളപ്പോഴാണ് ഈ ദുരവസ്ഥ. പോക്സോ കേസിലെ ഇരകളെ നിരീക്ഷിക്കുന്നതിനും തുടർകൗൺസലിംഗ് നൽകുന്നതിനുമായി ശിശുക്ഷേമ സമിതി, ചൈൽഡ് ലൈൻ, പൊലീസ് തുടങ്ങി വകുപ്പുകൾക്ക് ഒരു കുറവുമില്ല. പാലക്കാട്ടെ സഹോദരിമാരുടെ മരണം ഇപ്പോഴും ചോദ്യ ചിഹ്നമായി തുടരുന്നതും അധികൃതരുടെ ഈ അലംഭാവത്തിന്റെ തുടർച്ചയാണ്.
പേരിനൊരു കൗൺസിലിംഗ്
13-ാം വയസിൽ നാലുപേരാൽ ലൈംഗികമായി പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയാണ് പാണ്ടിക്കാട് സ്വദേശിനി. കുഞ്ഞുമനസിൽ ഈ മുറിവുണ്ടാക്കിയ ആഴമെത്രയാവുമെന്നത് ഊഹങ്ങൾക്കും അപ്പുറമാണ്. കൃത്യമായ കൗൺസിലിംഗും സുരക്ഷിതത്വ ബോധവുമേകി അവളെ ജീവിതത്തിലേക്ക് കൈപ്പിടിക്കേണ്ടവർ തന്നെ പാതിവഴിയിൽ ഉപേക്ഷിച്ചാൽ എന്താവും പ്രത്യാഘാതമെന്നതിന്റെ നേർസാക്ഷ്യമാണ് അവളുടെ ജീവിതം. സാമ്പത്തികമായി ഏറെ പിന്നാക്കം നിൽക്കുന്ന കുടുംബമാണ് പെൺകുട്ടിയുടേത്. കോളനിയിലെ നാലുസെന്റിലെ വീട്ടിലാണ് താമസം. മാതാവും പിതാവും രണ്ട് തവണ വിവാഹിതരായവരും. ഇതിലായി ആറ് മക്കളുമുണ്ട്. ചെറുപ്പം മുതലേ പെൺകുട്ടിയെ വേണ്ടവിധത്തിൽ ശ്രദ്ധിക്കാൻ മാതാപിതാക്കൾക്കായിട്ടില്ല. ഇത് അവസരമാക്കിയാണ് കടയിലേക്ക് സാധനങ്ങൾ വാങ്ങാൻ പോയ പെൺകുട്ടിയെ നാലുപേർ ചേർന്ന് ലൈംഗികമായി പീഡിപ്പിച്ചത്.
പോക്സോ കേസെടുത്ത പാണ്ടിക്കാട് പൊലീസ് കുട്ടിയെ മഞ്ചേരിയിലെ നിർഭയ ഹോമിലാക്കി. എന്നാൽ ആറുമാസത്തിനുള്ളിൽ കുട്ടിയെ ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഒരുവർഷത്തിനകം ശിശുക്ഷേമ സമിതിയുടെ കൗൺസലിംഗിൽ കുട്ടിയെ ഒരാൾ ഉപദ്രവിച്ചെന്ന വിവരം പുറത്തുവന്നതോടെ വീണ്ടും നിർഭയ ഹോമിലാക്കി. വീട്ടിൽ കുട്ടിയെ താമസിപ്പിക്കുന്നത് സുരക്ഷിതമല്ലെന്ന ചൈൽഡ് പ്രൊട്ടക്‌ഷൻ ഓഫീസറുടെ റിപ്പോർട്ടിനെ തുടർന്നായിരുന്നു നടപടി. എന്നാൽ ഇതെല്ലാം അവഗണിച്ച് മാസങ്ങൾക്കകം കുട്ടിയെ സഹോദരനും ഭാര്യയ്ക്കുമൊപ്പം വീണ്ടും പറഞ്ഞയച്ചു. സഹോദരന്റെ വീടും പരിസരവും സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തിയാണ് കുട്ടിയെ വിട്ടയച്ചതെന്നാണ് അധികൃതരുടെ വാദം. സഹോദരന്റെ വീട്ടിൽ നിന്ന് വൈകാതെ പെൺകുട്ടി പാണ്ടിക്കാട്ടെ സ്വന്തം വീട്ടിലേക്ക് പോയി. ഇതിനു ശേഷമായിരുന്നു പീഡനങ്ങളെല്ലാം നടന്നത്. പോക്സോ കേസിലെ ഇരയെന്ന നിലയിൽ പെൺകുട്ടിയുടെ കാര്യം അന്വേഷിക്കാൻ ചുമതലപ്പെട്ട ചൈൽഡ് പ്രൊട്ടക്‌ഷൻ ഓഫീസറും നിർഭയ ഷെൽട്ടർ ഹോമിലെ ഫീൽഡ് വർക്കറും പാണ്ടിക്കാട് പൊലീസും ഉത്തരവാദിത്വം മറന്നപ്പോൾ കഴുക കണ്ണുമായി അവൾക്ക് ചുറ്റും പറന്നവർക്ക് അത് കൊത്തിക്കീറാനുള്ള അവസരമായി.
2020 ഡിസംബറിൽ കുട്ടിയെ കാണാതായെന്ന പരാതിയിൽ പൊലീസ് പാലക്കാട് നിന്നും പെൺകുട്ടിയെ സുഹൃത്തിനൊപ്പം കണ്ടെത്തിയിരുന്നു. തുടർന്ന് പൊലീസ് പെൺകുട്ടിയെ വീണ്ടും മഞ്ചേരിയിലെ നിർഭയ ഹോമിലേക്ക് മാറ്റി. ശിശുക്ഷേമ സമിതിയുടെ കൗൺസലിംഗിലാണ് അഞ്ച് വർഷത്തിനിടെ പല തവണ പീഡനത്തിനിരയായതായി പെൺകുട്ടി വെളിപ്പെടുത്തിയത്. കൃത്യമായ കൗൺസിലിംഗും സംരക്ഷണവും നൽകിയിരുന്നെങ്കിൽ ഇതൊന്നും ആവർത്തിക്കില്ലായിരുന്നു.
എല്ലാം അവളുടെ കുറ്റം
പോക്സോ കേസിലെ ഇര പലവട്ടം പീഡനത്തിന് ഇരയായത് വലിയ വിവാദമായതോടെ കുറ്റം മുഴുവൻ പെൺകുട്ടിയുടെ തലയിൽ ചാർത്താനുള്ള പെടാപാടിലായിരുന്നു ശിശുക്ഷേമ സമിതിയും പൊലീസും. പ്ലസ്‌വൺ വിദ്യാർത്ഥിയായ പെൺകുട്ടി മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നു എന്നതാണ് പ്രധാന ആരോപണം. പെൺകുട്ടിക്ക് പലരുമായി ബന്ധമുണ്ടെന്ന് വരുത്തി തീർക്കാനും ശ്രമങ്ങളുണ്ടായി. പോക്സോ കേസിലെ മുൻ ഇരയും നിലവിൽ 18 വയസ് കഴിഞ്ഞതുമായ മറ്റൊരു പെൺകുട്ടിയുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്നു. പീഡനക്കേസിൽ ഉൾപ്പെട്ടിട്ടുള്ളത് സുഹൃത്തുക്കളും പരിചയക്കാരുമാണ് എന്നിങ്ങനെ പലവിധ ആരോപണങ്ങൾ ഒളിഞ്ഞും തെളിഞ്ഞും ഉന്നയിച്ചു. പതിമൂന്നാം വയസിൽ ക്രൂരമായി പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയുടെ മാനസികാവസ്ഥയും അത് അവളുടെ തുടർജീവിതത്തെ എങ്ങനെ മാറ്റിമറിക്കുമെന്ന് പോലും ചിന്തിക്കാനും കൗൺസിലിംഗിലൂടെ അവളെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാനും ശ്രമിക്കാത്തവരാണ് ബാലിശമായ ഇത്തരം ആരോപണങ്ങളുമായി രംഗത്തുവന്നിട്ടുള്ളത്.
തലതാഴ്ത്താം നമുക്ക്
കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ ഓരോവർഷവും വർദ്ധിച്ചുവരികയാണ്. അഞ്ച് വർഷത്തിനിടെ സംസ്ഥാനത്ത് 18,456 കുട്ടികളാണ് അതിക്രമങ്ങൾക്ക് ഇരയായത്. കഴിഞ്ഞ വർഷം 2,726 പോക്സോ കേസുകൾ റിപ്പോർട്ട് ചെയ്തു. പ്രതികളിൽ അധികവും അടുത്ത ബന്ധുക്കളും പരിചയക്കാരുമാണെന്നത് ഞെട്ടിപ്പിക്കുന്ന യാഥാർത്ഥ്യമാണ്. ഭീഷണിയും സമ്മർദ്ദങ്ങളും മൂലം റിപ്പോർട്ട് ചെയ്യപ്പെടാത്ത സംഭവങ്ങളും നിരവധിയുണ്ടാവും. പോക്സോ കേസിലെ ഇരയെ പോലും സംരക്ഷിക്കാൻ ചെറുവിരൽ അനക്കാത്ത അധികൃതർ ഇത്തരം പരാതികൾക്ക് നേരെ കണ്ണടച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ.
പോക്സോ കേസുകൾ
2016 - 2,122
2017 - 2,697
2018 - 3,180
2019 - 3,609
2020 - 2,729