online-cheating

മലപ്പുറം: ജില്ലയിലെ ഓൺലൈൻ വായ്പാ തട്ടിപ്പ് കേസുകൾ സംസ്ഥാന ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക ടീം അന്വേഷിക്കും. കേസ് വിവരങ്ങൾ ജില്ലാ സൈബർ സെൽ വൈകാതെ ക്രൈംബ്രാഞ്ചിന് കൈമാറും. ഇതു സംബന്ധിച്ച് ജില്ലാ പൊലീസ് മേധാവിക്ക് ഡി.ജി.പി നിർദ്ദേശമേകിയിട്ടുണ്ട്. അന്തർസംസ്ഥാന സംഘങ്ങളടക്കം വായ്പാ തട്ടിപ്പുകളിൽ കണ്ണികളായുണ്ട്. ജില്ലയിൽ അടുത്തിടെ മൂന്ന് കേസുകളും രണ്ടുമാസത്തിനിടെ പത്തു കേസുകളുമാണ് ജില്ലാ സൈബർ സെല്ലിൽ ലഭിച്ചത്. കാൻസർ ബാധിതയും നിർധനയുമായ എടവണ്ണ സ്വദേശിനി നാല് ഓൺലൈൻ ആപ്പുകളിൽ നിന്നായി 10,000 രൂപ വായ്പയെടുത്തപ്പോൾ രണ്ടുമാസം കൊണ്ട് തിരിച്ചടച്ചത് 1.40 ലക്ഷം രൂപയാണ്. നാട്ടുകാർ പിരിവെടുത്ത് നൽകിയ ചികിത്സാ സഹായമടക്കം തിരിച്ചടവിന് ഉപയോഗിച്ചിട്ടും കടം തീർന്നില്ല. ആപ്പ് എക്സിക്യൂട്ടീവിന്റെ നിരന്തര ഭീഷണിയും സോഷ്യൽ മീഡിയ വഴിയുള്ള അപകീർത്തിയും ആയതോടെ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകുകയായിരുന്നു. പെരിന്തൽമണ്ണ,​ വേങ്ങര സ്വദേശികളും സമാനമായ അനുഭവങ്ങളോടെ പൊലീസിന് പരാതി നൽകിയിട്ടുണ്ട്.

കുടുങ്ങിയാൽ ഊരാനാവില്ല
ആധാർ നമ്പറും ബാങ്ക് രേഖയും നൽകിയാൽ ഒരു മണിക്കൂറിനുള്ളിൽ കുറഞ്ഞ പലിശയിൽ വായ്പ ലഭിക്കുമെന്ന മോഹനവാഗ്ദാനമാണ് തട്ടിപ്പ് ആപ്പുകാരുടേത്. മൊബൈലിൽ ടെക്സ്റ്റ് മേസേജായി അയക്കുന്ന ലിങ്കിലൂടെ വായ്പാ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതോടെ ഉയർന്ന തുക പ്രതീക്ഷിച്ചവർക്കും ചെറിയ തുകയാവും വായ്പയായി ലഭിക്കുക. 5,​000 രൂപ വായ്പയെടുത്താൻ കൈയിൽ കിട്ടുക 3,500 മുതൽ 3,800 രൂപ വരെ. സർവീസ് ചാർജ്ജെന്ന പേരിൽ ഈടാക്കുന്ന നിരക്കുകൾ വിവിധ ആപ്പുകളിൽ വ്യത്യസ്തമാണ്. മൂന്നുമുതൽ അഞ്ചുമാസം വരെ കാലാവധിയിൽ തിരിച്ചടവ് മതിയെന്ന് ഉറപ്പേകുന്നവർ തുക നൽകി ഒരാഴ്ച്ചയ്ക്കകം തിരിച്ചടവ് ആവശ്യപ്പെട്ട് നിരന്തരം ഫോണിൽ ബന്ധപ്പെടാൻ തുടങ്ങും. പെട്ടെന്ന് തിരിച്ചടവ് സാധിക്കില്ലെന്ന് അറിയിക്കുന്നവർക്ക് മറ്റൊരു ആപ്പിന്റെ ലിങ്ക് അയച്ചുകൊടുക്കും. ഇതിൽ നിന്ന് വായ്പയെടുത്ത് ആദ്യത്തെ വായ്പാ ഘഡു തിരിച്ചടയ്ക്കാനാവും പറയുക. ഇത്തരത്തിൽ വിവിധ ആപ്പുകളിൽ നിന്ന് ലോണെടുത്ത് തീരാകടത്തിലാവും.

ലോൺ ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്നതോടെ ഫോണിലെ മുഴുവൻ കോൺടാക്ട് വിവരങ്ങളും ഫോട്ടോയും വ്യക്തിവിവരങ്ങളുമടക്കം ആപ്പ് ചോർത്തും. മുതലിന്റെ പലയിരട്ടി തിരിച്ചടച്ചാലും തീരാത്ത ലോണിൽ മനംമടുത്ത് അടവ് മുടക്കിയാൽ വായ്പയെടുത്ത ആളുടെ ചിത്രങ്ങൾ സഹിതം അപകീർത്തികരമായ സന്ദേശങ്ങൾ പലരുടെയും ഫോണിലേക്ക് അയക്കുകയാണ് ചെയ്യുന്നത്. ഇതോടെ ഏത് വിധേനയും ലോൺ തിരിച്ചടക്കാനുള്ള സമ്മർദ്ദത്തിലാവും വായ്പയെടുത്തവർ. നാണക്കേട് ഭയന്ന് പലരും ചൂഷണം പുറത്തറിയിക്കുന്നില്ല എന്നതിനാൽ തട്ടിപ്പുകാർ രക്ഷപ്പെടുകയാണ് ചെയ്യുന്നത്.

ഓൺലൈൻ തട്ടിപ്പ് കേസുകൾ ഉടൻ സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറും. സംസ്ഥാനതലത്തിൽ പ്രത്യേക ടീം രൂപവത്കരിച്ചാവും അന്വേഷണം. വായ്പാ തട്ടിപ്പുകൾക്കെതിരെ ജാഗ്രത പുലർത്തണം.

യു.അബ്ദുൾ കരീം ,​ ജില്ലാ പൊലീസ് മേധാവി