പൊന്നാനി: തിരുവനന്തപുരം- കാസർകോട് തീരദേശ ഇടനാഴിയുടെ ഭാഗമായി അഴിമുഖത്തിന് കുറുകെ നിർമ്മിക്കുന്ന കേബിൾ സ്റ്റേയ്ഡ് സസ്‌പെൻഷൻ ബ്രിഡ്ജിന്റെ ആഗോള ടെൻഡർ നടപടികൾ തുടങ്ങി. നിർവ്വഹണ ഏജൻസിയായ റോഡ്സ് ആന്റ് ബ്രിഡ്ജസ് കോർപ്പറേഷൻ കേരളയാണ് ടെൻഡർ ക്ഷണിച്ചിരിക്കുന്നത്.
282 കോടി രൂപയാണ് പ്രതീക്ഷിക്കുന്ന ചെലവ്. എൽ ആന്റ് ടി കമ്പനിയാണ് ഡി.പി.ആർ തയ്യാറാക്കിയത്. മാർച്ച് ആദ്യവാരം ടെൻഡർ തുറന്നു പദ്ധതി തുടങ്ങാനാവും വിധമാണ് പദ്ധതി ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.
പൊന്നാനി എം.ഇ.എസ് കോളേജ് മുതൽ പടിഞ്ഞാറെക്കരയിൽ നിന്ന് 800 മീറ്റർ അകലം വരെ 4.8 കിലോമീറ്റർ ദൈർഘ്യത്തിലാണ് പാലം രൂപകൽപ്പന. അഴിമുഖത്തിന് കുറുകെ 400 മീറ്ററിലാണ് സസ്‌പെൻഷൻ ബ്രിഡ്ജ് ഉണ്ടാവുക. പൊന്നാനി ഭാഗത്തേക്ക് 2.5 കിലോമീറ്റർ മേൽപ്പാലം നീണ്ടു കിടക്കും. എം.ഇ.എസ് കോളേജിന് സമീപംവച്ചാണ് ദേശീയപാതയോട് ചേരുക.
അഴിമുഖത്തിന് കുറുകെ നാലുവരിയിലായിരിക്കും പാലം. 24 മീറ്ററാണ് വീതി. രണ്ടുവരി ഗതാഗതത്തിനുപയോഗിക്കും. ബാക്കി സ്ഥലത്ത് സൈക്കിൾ ട്രാക്കും വ്യൂഗാലറിയും ഒരുക്കും. 2045ഓടെ ഗതാഗത രംഗത്തുണ്ടാകുന്ന തിരക്ക് കണക്കിലെടുത്ത് നാലുവരിപാതയായി ഇതിനെ മാറ്റാം. ഈ ഘട്ടത്തിൽ സൈക്കിൾ ട്രാക്കും വ്യൂ പോയിന്റും പാലത്തിന് താഴേക്ക് മാറ്റാനാവും.
കപ്പലുകൾക്ക് വരെ കടന്നു പോകാവുന്ന തരത്തിൽ ജലനിരപ്പിൽ നിന്ന് 16 അടി ഉയരത്തിലാണ് പാലം നിർമ്മിക്കുക. ജലഗതാഗതത്തിനായി 200 മീറ്റർ വിടവിലാണ് അഴിമുഖത്ത് പാലത്തിന്റെ തൂൺ സ്ഥാപിക്കുക. ഇരുകരകളിലായി പാർക്ക് വിഭാവനം ചെയ്യുന്നുണ്ട്. പാലത്തിൽ നിന്ന് ലിഫ്റ്റ് മാർഗ്ഗം പാർക്കിലെത്താം. പടിഞ്ഞാറെക്കരയിൽ നിലവിലെ പാർക്ക് വികസിപ്പിക്കും. പൊന്നാനിയിൽ പുതുതായി നിർമ്മിക്കും. പാലത്തിന് താഴെ ബ്രിഡ്ജ് കഫെയും ഡിസൈനിലുണ്ട്.
പൊന്നാനി ഭാഗത്തേക്കുള്ള പാലത്തിന്റെ ഭാഗത്തിനായി സ്ഥലം ഏറ്റെടുക്കേണ്ടതില്ല. പടിഞ്ഞാറെക്കര ഭാഗത്തെ 800 മീറ്ററിനായി നാലേക്കർ സ്ഥലം ഏറ്റെടുക്കേണ്ടി വരും. അഴിമുഖത്തോടു ചേർന്ന് മത്സ്യ ബന്ധനവുമായി ബന്ധപ്പെട്ടും അനുബന്ധമായുമുള്ള യാതൊരു സൗകര്യങ്ങൾക്കും പദ്ധതി കോട്ടമുണ്ടാക്കില്ല. കാര്യമായ പാരിസ്ഥിതിക ആഘാതവും ഉണ്ടാകില്ല. പാലം പൊന്നാനി ഭാഗത്ത് ദേശീയപാതയിലേക്ക് ചേരേണ്ടത് സംബന്ധിച്ച് കൂടുതൽ ചർച്ചകൾ നടത്തും. ഡിസൈനിൽ തിരുത്തലുകൾക്ക് കൂടുതൽ അവസരങ്ങൾ നൽകും.