പൊന്നാനി: സംസ്ഥാനത്തെ ഏറ്റവും വലിയ റിവർ മ്യൂസിയം നിള നദിക്കരയിൽ ഒരുങ്ങുന്നു. പൊന്നാനി കർമ്മ റോഡിൽ പുഴയോരത്ത് നിർമ്മിക്കുന്ന നിള മ്യൂസിയത്തിന്റെ ക്യൂറേഷൻ പ്രവൃത്തികൾ അവസാന ഘട്ടത്തിലാണ്.
മ്യൂസിയത്തിന്റെ ലാന്റ് സ്‌കേപ്പിംഗ് അടക്കമുള്ള അവസാന ഘട്ട പ്രവൃത്തികൾക്ക് നാലു കോടി രൂപ അനുവദിച്ച് ഭരണാനുമതിയായി.
മ്യൂസിയത്തിന്റെ കാമ്പസ് പ്രവൃത്തികളും ലാന്റ് സ്‌കേപ്പിംഗും അടങ്ങിയ ഡി.പി.ആറിന് ഇന്നലെ തിരുവനന്തപുരത്ത് ചേർന്ന ടൂറിസം വർക്കിംഗ് ഗ്രൂപ്പിലാണ് അംഗീകാരം ലഭിച്ചത്. ഇതോടെ കർമ്മ പുഴയോരപാത മുതൽ നിള മ്യൂസിയം വരെ ലാന്റ് സ്‌കേപ്പ് ചെയ്ത കാമ്പസും ചുറ്റുമതിലും കവാടവും ഒരുക്കും. മുറ്റത്ത് ഓപ്പൺ ഓഡിറ്റോറിയവും ഖവ്വാലി പാർക്കുമുണ്ടാകും.
കാമ്പസിന്റെ ഒരു ഭാഗത്ത് സ്വാഭാവിക വനം രൂപപ്പെടുത്തുന്ന 'മിയാവാക്കി ഫോറസ്റ്റ്' ക്രമീകരിക്കും. മ്യൂസിയം മാർച്ചിന് മുമ്പേ തുറക്കാനുള്ള പരിശ്രമത്തിലാണ് ടൂറിസം വകുപ്പ്. ഊരാളുങ്കൽ ലേബർ കോൺട്രാക്ടേഴ്സ് സൊസൈറ്റിക്കാണ് നിർമ്മാണ ചുമതല. കർമ്മ റോഡിലെ ചമ്രവട്ടം പ്രൊജക്ട് ഓഫീസ് കോമ്പൗണ്ടിൽ 17,000 ചതുരശ്ര വിസ്തീർണ്ണത്തിലാണ് മ്യൂസിയത്തിന്റെ പ്രധാന കെട്ടിടം. ഇൻഡോ ഡച്ച് വാസ്തു മാതൃകയിലാണ് നിർമ്മാണം. പരമ്പരാഗത സങ്കൽപ്പത്തിൽ നിന്നുമാറി വിവിധ കാലങ്ങളുടെ സംഗ്രഹാലയമെന്ന നിലയിലാണ് പദ്ധതി തയ്യാറാകുന്നത്. ആസ്വാദനവും അറിവും ഗവേഷണവും സംയോജിപ്പിച്ചുള്ള സങ്കൽപ്പമാണിത്.
പത്ത് ലക്ഷത്തിൽപരം ഡിജിറ്റൽ പുസ്തക ശേഖരവും ഓപ്പൺ ആർക്കേവ് ശേഖരവും മ്യൂസിയത്തിലുണ്ടാകും.
ടെലിസ്‌ക്രീനുകളുടെ സഹായത്തോടെയാണ് പ്രദർശനം. സ്‌ക്രീനിൽ ത്രിമാന കാഴ്ച്ചകൾ ഒരുക്കും. പൊന്നാനിയുടെ പഴയകാല വ്യാപാര പൗഢി പ്രകടമാക്കുന്ന തരത്തിൽ പാണ്ടികശാല മ്യൂസിയത്തിൽ പുനഃസൃഷടിക്കും. നിളയൊഴുക്കിന്റെ വിവിധ ഭാവങ്ങൾ, 1900ത്തിൽ അച്ചടിച്ച ബ്രിട്ടീഷ് സർവേയുടെ ഭാഗമായുള്ള പൊന്നാനിയുടെ ഭൂപടം, കെ.സി.എസ് പണിക്കർ, ടി.കെ. പത്മിനി എന്നിവരുടെ വിഖ്യാത വരകൾ, ആർടിസ്റ്റ് നമ്പൂതിരിയുടെ സമകാലിക വരകൾ എന്നിവയുണ്ടാകും.
പറയിപെറ്റ പന്തിരുകുലത്തെ പുനരാവിഷ്‌ക്കരിക്കുന്ന മാതൃകയൊരുക്കുന്നുണ്ട്. മ്യൂസിയത്തിലെ നടുമുറ്റത്ത് കയർ നിർമ്മാണശാല, പഴയ കാല ചന്ത, വാഹന ഗതാഗതം എന്നിവയൊരുക്കും.പുനർജ്ജനി ഗുഹയുടെ മാതൃകയുമുണ്ട്. പൊന്നാനി വലിയപള്ളിയുടെയും തൃക്കാവ് ക്ഷേത്രത്തിന്റെയും പൂമുഖങ്ങൾ പുനഃസൃഷ്ടിച്ച് വാസ്തു സമാനതകൾ അറിയാൻ സൗകര്യമൊരുക്കും. തിരുനാവായ നവാമുകുന്ദ ക്ഷേത്രവും വേദപാഠശാലയും ഒരുക്കും. മാധവ ജ്യോതിഷത്തെ പ്രമേയമാക്കിയുള്ള പഠന ഇടവുമുണ്ടാകും.
പൊന്നാനിക്കളരിയെ ശിൽപ്പചാരുതയോടെ ഒരുക്കുന്നുണ്ട്. സാഹിത്യ പ്രതിഭകളായ ഉറൂബ്, ഇടശ്ശേരി, വി.ടി ഭട്ടതിരിപ്പാട്, എം. ഗോവിന്ദൻ, കടവനാട് കുട്ടികൃഷ്ണൻ, കെ.ദാമോദരൻ, അക്കിത്തം എന്നിവരുടെ ശിൽപ്പങ്ങളോടെയാണ് പൊന്നാനിക്കളരി ഒരുക്കുന്നത്.
പ്രഭാഷണ പരമ്പര, സംഗീത സായാഹ്നങ്ങൾ, ശിൽപശാലകൾ എന്നിവ തുടർച്ചയായി നടക്കും.ആഗോള മ്യൂസിയം സമ്പ്രദായങ്ങൾക്കനുസൃതമായി പെർമെനന്റ് എക്സിബിഷനും ലോൺ എക്സിബിഷനുമുണ്ടാകും.
ഭിന്നശേഷി സൗഹൃദം
രാജ്യത്തെ ആദ്യ ഭിന്നശേഷി സൗഹൃദ മ്യൂസിയമെന്നതാണ് പ്രധാന സവിശേഷത. കാഴ്ചശക്തിയില്ലാത്തവർക്കായി വിപുലമായ സൗകര്യങ്ങളുണ്ട്. വീൽചെയറിൽ സഞ്ചരിക്കാവുന്ന തരത്തിൽ ടാക്ട് ടൈലുകളാണ് നിലത്ത്പാകിയിരിക്കുന്നത്. ഓരോ കാഴ്ചകളും വിവരിക്കാൻ കിയോസ്‌ക്കുകളുണ്ടാകും. മ്യൂസിയം ഹാളിൽ ചക്രക്കസേര കയറാവുന്ന റാമ്പുകളാണുള്ളത്. ഇവർക്കായി പ്രത്യേക ശൗചാലവുമുണ്ട്. ചക്രകസേരയിലിരുന്ന് ഉപയോഗിക്കാവുന്ന ഡിജിറ്റൽ ലൈബ്രറിയുണ്ടാകും.സഞ്ചാരത്തിനായി ശബ്ദമാർഗ്ഗദർശിയുണ്ടാകും. മുഴുവൻ തൂണുകളിലും ബ്രെയ്‌ലി ലിപി ആലേഖനം ചെയ്യും.