മലപ്പുറം: മന്ത്രിമാരായ ഡോ.കെ.ടി ജലീൽ, എ.കെ ശശീന്ദ്രൻ, ടി.പി രാമകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ ജില്ലയിൽ 'സാന്ത്വന സ്പർശം' എന്ന പേരിൽ പൊതുജന പരാതി പരിഹാര അദാലത്ത് ഫെബ്രുവരി എട്ട്, ഒമ്പത്, 11 തീയതികളിൽ നടത്തുമെന്ന് ജില്ലാകളക്ടർ കെ.ഗോപാലകൃഷ്ണൻ അറിയിച്ചു. യഥാക്രമം പൊന്നാനിയിലും കൊണ്ടോട്ടിയിലും നിലമ്പൂരിലുമാണ് അദാലത്ത്. പരാതികൾ ജനുവരി 27 മുതൽ ഫെബ്രുവരി രണ്ട് വരെ ഓൺലൈനായോ അക്ഷയകേന്ദ്രങ്ങൾ വഴിയോ സമർപ്പിക്കാം. അപേക്ഷാഫീസില്ല. അക്ഷയ സെന്ററുകൾക്കുള്ള ഫീസ് സർക്കാർ നൽകും. ആദിവാസികൾക്കടുത്തേക്ക് പോയി പരാതി സ്വീകരിക്കും.അദാലത്തിൽ ലഭിക്കുന്ന പരാതികൾ റവന്യൂ, സിവിൽ സപ്ലൈസ്, തദ്ദേശസ്വയംഭരണ വകുപ്പ്, സാമൂഹ്യനീതി, കൃഷി എന്നീ അഞ്ച് വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥരടങ്ങുന്ന സമിതിയാണ് പരിശോധിക്കുക.ഓൺലൈനിൽ നടന്ന ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗത്തിൽ സാങ്കേതികമായോ നിയമപരമായോ തടസങ്ങളില്ലാത്ത മുഴുവൻ പരാതികളും അടിയന്തരമായി പരിഹരിക്കാൻ കളക്ടർ നിർദ്ദേശം നൽകി. ജില്ലാതലത്തിൽ പരിഹരിക്കാൻ കഴിയാത്തവ സംസ്ഥാന തലത്തിലേക്ക് അയക്കും. പരിഹരിക്കാൻ കഴിയാത്തവയിൽ കാരണം വ്യക്തമാക്കണം