കുറ്റിപ്പുറം: കലിഗ്രഫിയിൽ കഴിവ് തെളിയിച്ചു ശ്രദ്ധേയമാകുകയാണ് പൊന്നാനി വിജയമാതാ സ്കൂളിലെ ഒമ്പതാം ക്ലാസുകാരി സജ്‌വ എന്ന കൊച്ചുമിടുക്കി. അക്ഷരങ്ങളുടെ പ്രത്യേക രീതിയിലുള്ള ക്രമീകരണത്തിലൂടെ മനോഹരമായ ചിത്രമാക്കി മാറ്റുന്ന കലയാണ് കലിഗ്രഫി. അറബിക് അക്ഷരങ്ങളാണ് സജ്‌വ ഉപയോഗിക്കുന്നത്. ആരെയും ആകർഷിപ്പിക്കും വിധമാണ് സജ്‌വയുടെ ഓരോ ചിത്രങ്ങളും. സ്‌കൂളിൽ ചിത്ര രചനാ മത്സരങ്ങളിൽ പങ്കെടുത്തിരുന്ന സജ്‌വ കൊവിഡ് ലോക്ക് ഡൗണിലാണ് കലിഗ്രഫിയിലേക്ക് ശ്രദ്ധ പതിപ്പിച്ചത്. ആദ്യം ഇത്തരം ചിത്രങ്ങൾ നോക്കി വരച്ചാണ് പരിശീലിച്ചത്. പെയിന്റ് ബ്രഷ് ഉപയോഗിച്ച് എ ഫോർ ഷീറ്റിലാണ് ചിത്ര രചന. വലിയ വാക്കുകൾ കൊണ്ട് വയലിൻ പോലുള്ള ഉപകരണങ്ങളുടെ ചിത്രങ്ങൾ മുതൽ ആളുകളുടെ മുഖച്ചിത്രങ്ങൾ വരെ ഈ മിടുക്കി വരയ്ക്കാറുണ്ട്. ലോക അറബിക് ദിനത്തോടാനുബന്ധിച്ചു യു.എ.ഇ ആസ്ഥാനമായുള്ള സംഘടന നടത്തിയ കലിഗ്രാഫി മത്സരത്തിൽ പങ്കെടുക്കാനുള്ള അവസരം സജ്‌വയ്ക്ക് ലഭിച്ചിരുന്നു.