പൊന്നാനി: ഭാരതപ്പുഴയോര പാതയായ പൊന്നാനി കർമ്മ റോഡിന്റെ നവീകരണത്തിന് പത്ത് കോടിയുടെ പ്രവൃത്തികൾക്ക് ടെണ്ടറായി. ഭാരതപ്പുഴയോരത്തു കൂടിയുള്ള ഏറ്റവും നീളം കൂടിയ പുഴയോര പാതയായ കർമ്മ പുഴയോര പാതയുടെ ബി എം ബി സി നവീകരണത്തിനും രണ്ടു പ്രളയങ്ങളിൽ ബലക്ഷയം നേരിട്ട പാർശ്വ ഭിത്തി ബലപ്പെടുത്തുന്നതിനും, പാർക്കിംഗ് അടക്കമുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിനുമുള്ള പ്രവർത്തികൾക്കാണ് ടെണ്ടറായത്.
കഴിഞ്ഞ രണ്ടു പ്രളയങ്ങളിലായി തകർന്നടിഞ്ഞ റോഡ് ഗതാഗത യോഗ്യമല്ലാത്ത അവസ്ഥയിലാണ്.
ചമ്രവട്ടംകടവ് മുതൽ ചാണ വരെയുള്ള റോഡിന്റെ നവീകരണമാണ് നടക്കുക. കർമ്മ റോഡിൽ നിന്ന് കനോലി കനാലിന് കുറുകെ ഫിഷിംഗ് ഹാർബറിനെ ബന്ധിപ്പിക്കുന്ന പാലത്തിന്റെ പ്രവൃത്തി പുരോഗമിക്കുകയാണ്. പാലം നിർമ്മാണം പൂർത്തിയാകുന്നതോടെ പൊന്നാനി ടൗണിൽ നിന്നുള്ള ബൈപ്പാസായി കർമ്മ റോഡ് മാറും. നഗരത്തിലെ ഗതാഗത കുരുക്കിന് ഇത് ശാശ്വത പരിഹാരമാകും. ചമ്രവട്ടം പാലത്തിലേക്കും കുറ്റിപ്പുറം ഭാഗത്തേക്കും സുഗമമായ യാത്ര സാധ്യമാകും.
ഊരാളുങ്കൽ ലേബർ കോൺട്രാക്ടർസ് സൊസൈറ്റിക്കാണ് ടെണ്ടർ ലഭിച്ചിരിക്കുന്നത്. കരാർ നടപടികൾ പൂർത്തിയാക്കി റോഡ് നവീകര പ്രവൃത്തികൾ ഉടൻ തുടങ്ങാൻ നിയമസഭ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.