പൊന്നാനി: പണത്തിന് അതിൽ രേഖപ്പെടുത്തിയ മൂല്യത്തേക്കാൾ കൂടുതൽ മൂല്യമുണ്ടാകുന്ന ചില സന്ദർഭങ്ങളുണ്ട്. അത്തൊരമൊരു സന്ദർഭത്തിനാണ് പൊന്നാനിയിൽ ഒരു വിവാഹ വീട് സാക്ഷ്യം വഹിച്ചത്. ഈശ്വരമംഗലം പുഴ പുറമ്പോക്കിൽ താമസിക്കുന്ന അറക്കൽ ഹംസ, റസിയ ദമ്പതികളുടെ മകളായ സുൽഫത്തിന്റെ വിവാഹ വേദിയാണ് സഹജീവി സ്നേഹത്തിന്റേയും കാരുണ്യത്തിന്റേയും ഉദാത്ത മാതൃകകൾ സൃഷ്ടിച്ചത്. വിവാഹ വേദിൽ വെച്ച് പൊന്നാനി നഗരസഭാ ഡയാലിസിസ് സെന്ററിന് ധന സഹായം കൈമാറിയാണ് വിവാഹം വ്യത്യസ്തമായത്.
ഈശ്വരമംഗലം പുഴ പുറമ്പോക്കിൽ താമസിക്കുന്ന ഓട്ടോഡ്രൈവറായ ഹംസയുടെ മകളുടെ വിവാഹം സുമനസുകളുടെ കൂടി സഹായത്തോടെയാണ് നടന്നത്. വിവാഹത്തിനായി ഒരുകൂട്ടി വെച്ചതിൽ നിന്നും തന്നാലാകുന്ന തുകയാണ് ഡയാലിസിസ് ഫണ്ടിലേക്ക് നൽകിയത്. നിർധനരായ വൃക്കരോഗികൾക്ക് സൗജന്യ ചികിത്സ നൽകുന്ന ഡയാലിസിസ് സെന്ററിന് പണം നൽകുന്നത് കൂടുതൽ പേർക്ക് പ്രചോദനമാകുമെന്ന വിശ്വാസത്തിലാണ് കുടുംബം. ചാവക്കാട് ചേറ്റുവ സ്വദേശി ഷാഫിയാണ് വരൻ. വധൂഗൃഹത്തിൽ വെച്ച് സംഘടിപ്പിച്ച ലളിതമായ വിവാഹ സൽക്കാരത്തിൽ വെച്ച് നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം തുക ഏറ്റുവാങ്ങി. കൗൺസിലർ കെ.വി ബാബു സംബന്ധിച്ചു. ഈ വർഷത്തെ ഡയാലിസിസ് സെന്റർ പ്രവർത്തന ധനസമാഹരണം നടത്താനിരിക്കുകയാണ് നഗരസഭ. പ്രവാസികളിൽ നിന്നും സന്നദ്ധ സംഘടനകളിൽ നിന്നും വ്യക്തികളിൽ നിന്നുമാണ് നഗരസഭ ഫണ്ട് കണ്ടെത്തുന്നത്. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് കഴിഞ്ഞ വർഷം വിപുലമായി ഡയാലിസിസ് ഫണ്ട് ശേഖരിക്കാൻ കഴിഞ്ഞില്ല. കടുത്ത സാമ്പത്തിക പ്രതിസന്ധികളിലൂടെ കടന്ന് പോകുന്ന സെന്ററിന് ഇവർ നൽകിയ മാതൃക കാരുണ്യ പ്രവർത്തന മേഖലയിൽ കൂടുതൽ ശക്തി പകരുമെന്ന് ചെയർമാൻ പറഞ്ഞു. സെന്ററിന്റെ പ്രവർത്തനത്തിനാവശ്യമായ തുക കണ്ടെത്താൻ മുഴുവനാളുകളും മുന്നോട്ട് വരണമെന്നും ചെയർമാൻ അഭ്യർത്ഥിച്ചു.