നിലമ്പൂർ: അന്തർ സംസ്ഥാന റോഡിൽ വടപുറം പാലം മുതൽ വഴിക്കടവ് വരെയുള്ള റോഡിലെ കുഴികൾ നന്നാക്കാത്തതിൽ പ്രതിഷേധിച്ച് ഫെബ്രുവരി 9ന് വടപുറം, നിലമ്പൂർ, വഴിക്കടവ് റൂട്ടിൽ ബസ് സർവ്വീസ് നിർത്തി വെക്കാൻ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ തീരുമാനിച്ചു
നാടുകാണി പരപ്പനങ്ങാടി പാത നവീകരണ പ്രവർത്തി തുടങ്ങിയിട്ട് അഞ്ച് വർഷമായെങ്കിലും ഈ ഭാഗത്ത് പ്രവർത്തി നടക്കുകയോ റോഡ് അറ്റകുറ്റപ്പണി നടക്കുകയോ ചെയ്യാത്തത് റോഡിന്റെ ശോചനീയാവസ്ഥക്ക് കാരണമായിട്ടുണ്ട്. റോഡിലെ വലിയ കുഴികളിൽ ചെറിയ വാഹനങ്ങൾ കയറി ഇറങ്ങുന്നതിന് ഏറെ സമയമെടുക്കുന്നതിനാൽ പിന്നിൽ വരുന്ന ബസുകൾ സമയത്തിന് പോവാനും കഴിയുന്നില്ല.
വലിയ കുഴികളിൽ ചാടുന്ന ബസുകളുടെ ലീഫുകൾ പൊട്ടുകയും അറ്റകുറ്റപ്പണികൾ വഴിവെക്കുകയും ചെയ്യുന്നുണ്ട്. കൊവിഡ് മൂലമുള്ള പ്രതിസന്ധിയും ഡീസൽ വില വർദ്ധനവും മൂലം ബസ് സർവീസ് നടത്താൻ കഴിയാതെ തകർച്ചയിലാണെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. യോഗത്തിൽ താലൂക്ക് പ്രസിഡന്റ് മുസ്തഫ കളത്തുംപടിക്കൽ അദ്ധ്യക്ഷത വഹിച്ചു.
സെക്രട്ടറി സച്ചിദാനന്ദൻ യു.കെ.ബി, ശിശുപാലൻ എൻ.കെ, ഊരാളത്ത് അനിൽ, മരുന്നൻ ഷൗക്കത്ത്, പി.കെ. അസിസ്, ഇട്ടി മാത്യൂ, ടി.പി. ജലീൽ, ശിവാനന്ദൻ, അനിഷ് ചുങ്കത്ത്, ബാബു ചിത്രംപള്ളി പ്രസംഗിച്ചു.