lllll

മലപ്പുറം: രാജ്യത്തെ തന്നെ ഏറ്റവും പഴക്കമുള്ള രണ്ടാമത്തെ അർദ്ധ സൈനിക വിഭാഗമായ മലബാർ സ്പെഷൽ പൊലീസ് (എം.എസ്.പി) ശതാബ്ദി നിറവിൽ. സെപ്തംബർ 30ന് എം.എസ്.പിക്ക് നൂറ് വയസ്സ് തികയും. ഇതിന്റെ ഭാഗമായി ഒരുവർഷത്തോളം നീളുന്ന ആഘോഷ പരിപാടികൾക്ക് ഇന്ന് തുടക്കമാവും. പൊലീസ് പരേഡിൽ എം.എസ്.പിയുടെ പ്രത്യേക ബാൻഡ് ഷോ അരങ്ങേറും. ബ്രീട്ടീഷ് ഭരണകാലത്ത് മലബാറിലെ സാഹചര്യങ്ങൾ നേരിടാൻ 1884ൽ രൂപവത്കരിച്ച മലപ്പുറം സ്‌പെഷൽ പൊലീസിനെ 1921ലാണ് മലബാർ സ്‌പെഷൽ പൊലീസാക്കി മാറ്റിയത്. അസം റൈഫിൾ കഴിഞ്ഞാൽ രാജ്യത്തെ ഏറ്റവും പഴക്കമുള്ള അർദ്ധ സൈനിക വിഭാഗമാണിത്.

സ്വാതന്ത്ര്യ സമയത്ത് ഹൈദരാബാദിനെ ഇന്ത്യയോട് ചേർക്കുന്ന നടപടികളിൽ എം.എസ്.പി സേനയും ഭാഗമായിട്ടുണ്ട്. നാഗാലാൻഡിലെ ഒളിപ്പോരാളി കലാപം നേരിടാൻ 1962 മുതൽ ആറ് വർഷക്കാലം എം.എസ്.പി സേനാംഗങ്ങൾ അവിടെ സേവനമനുഷ്ടിച്ചു. ഇന്ത്യാ - ചൈന യുദ്ധസമയത്ത് നാഗാലാൻഡിന്റെ സുരക്ഷയ്ക്കായും നിലയുറപ്പിച്ചു. രണ്ടാം ലോക മഹായുദ്ധ സമയത്ത് ജപ്പാൻ വിമാനങ്ങൾ ബോംബ് വർഷിച്ച മദ്രാസ് തുറമുഖവും എം.എസ്.പിക്ക് കീഴിലായിരുന്നു. സംസ്ഥാന രൂപവത്കരണ ശേഷം എം.എസ്.പിയെ കേരളവും തമിഴ്നാടും രണ്ടായി പങ്കിട്ടെടുത്തു. മലപ്പുറം എം.എസ്.പിയിൽ ഇതുവരെ 28 ബാച്ചുകൾ പരിശീലനം പൂർത്തിയാക്കിയിട്ടുണ്ട്. 1,240 സേനാംഗങ്ങളുണ്ട്.

അടിമുടി നവീകരണം

എം.എസ്.പിയിൽ വിവിധ നവീകരണ പ്രവർത്തനങ്ങളാണ് നടക്കുക. ആധുനികവത്ക്കരണത്തിന്റെ ഭാഗമായുള്ള ശതാബ്ദി കവാടത്തിന്റെ നിർമ്മാണം പൂർത്തിയായിട്ടുണ്ട്. ബയോ ഡൈവേഴ്സിറ്റി പാർക്കും മ്യൂസിയവും സ്ഥാപിച്ച് പൊതുജനങ്ങൾക്ക് പ്രവേശനമേകും. നൂറ്റാണ്ടുകൾ പഴക്കമുള്ള ആയുധങ്ങളും മറ്റു ഉപകരണങ്ങളുമുണ്ടിവിടെ. എം.എസ്.പി ആശുപത്രിയിൽ കൂടുതൽ സൗകര്യങ്ങളൊരുക്കും. മലബാറിൽ പൊലീസിന് വേണ്ടി ബ്രിട്ടീഷുകാർ നിർമ്മിച്ച ഏക ആശുപത്രിയാണിത്. പൊതുജനങ്ങൾക്ക് സൗജന്യമായാണ് ഇവിടെ ചികിത്സയേകുന്നത്. പൊലീസിന്റെ നിയന്ത്രണത്തിലുള്ള കേരളത്തിലെ ഏക സ്കൂളായ എം.എസ്.പി എച്ച്.എസ്.എസിൽ ഓപ്പൺ ഓഡിറ്റോറിയം നി‌ർമ്മിക്കും. പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കും വിധത്തിലാവുമിത്. നിലവിൽ പൊലീസ് അക്കാദമിയിലും എം.എസ്.പിക്ക് കീഴിലെ മേൽമുറി ക്യാമ്പിലുമാണ് ലോംഗ് റേഞ്ച് ഷൂട്ടിംഗ് പഠിക്കാൻ സൗകര്യമുള്ളത്. ഇത് നവീകരിക്കും. അരീക്കോട്, ക്ലാരി, മേൽമുറി, നിലമ്പൂർ എന്നിവിടങ്ങളിൽ എം.എസ്.പിക്ക് സബ് ക്യാമ്പുകളുണ്ടായിരുന്നെങ്കിൽ നിലവിൽ ക്ലാരിയിലേത് ദ്രുതകർമ്മ സേനയ്ക്കും പാണ്ടിക്കാട്ടേത് ഇന്ത്യ റിസർവ് ബറ്റാലിയനുമാക്കി മാറ്റിയിട്ടുണ്ട്. എം.എസ്.പിയുടെ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് വിവിധ സ്ഥലങ്ങളിൽ നാടകം അവതരിപ്പിക്കും. പ്രത്യേക സ്റ്റാമ്പും ലോഗോയും പുറത്തിറക്കും. ഒരുകാലത്ത് മലബാറിലെ മുഴുവൻ പൊലീസ് വാഹനങ്ങളുടെയും അറ്റകുറ്റപ്പണി എം.എസ്.പിയിലായിരുന്നു.

കളി പഠിപ്പിച്ച ക്യാമ്പ്

എം.എസ്.പി മൈതാനത്തെ ബ്രിട്ടീഷുകാരുടെ ഫുട്‌ബാൾ കളി കണ്ടാണ് മലപ്പുറത്തിന് സോക്കർ പ്രേമം തലയ്ക്കുപിടിച്ചത്. തുകൽ പന്തുണ്ടാക്കി പന്ത് തട്ടിപടിച്ചവരുടെ നാട്ടിൽ നിന്നും ദേശീയ ടീമിന്റെ തലപ്പത്ത് വരെയെത്തി. മുൻ ദേശീയ ടീമിന്റെ ക്യാപ്റ്റൻ കൂടിയായിരുന്നു എം.എസ്.പി കമാൻഡന്റായിരുന്ന യു.ഷറഫലി. സന്തോഷ് ട്രോഫി കേരള ടീമിന്റെ ക്യാപ്റ്റനായിരുന്നു മുൻ ഡെപ്യൂട്ടി കമൻഡാന്റ് കുരികേശ് മാത്യു. ഇങ്ങനെ എം.എസ്.പിയിൽ നിന്നും അഭിമാനതാരങ്ങളായി വളർന്നവർ നിരവധി. സുബ്രതോ കപ്പിൽ എം.എസ്.പി ഹയർസെക്കൻഡറി ടീം ബ്രസീലിനെ വരെ വിറപ്പിച്ചിട്ടുണ്ട്. നിലവിലുള്ള ഫുട്ബാൾ അക്കാദമിയുടെ പ്രവർത്തനങ്ങളും വിപുലപ്പെടുത്താൻ തീരുമാനമായിട്ടുണ്ട്.

രാജ്യത്തിന് തന്നെ അഭിമാനമായ നിരവധി പ്രവർത്തനങ്ങൾ എം.എസ്.പിക്ക് നടത്തിയിട്ടുണ്ട്. ശതാബ്ദിയുടെ ഭാഗമായി ആധുനികവത്കരണമടക്കം വിവിധ പദ്ധതികൾ നടപ്പാക്കും.

പി.പ്രകാശ്,​ ആംഡ് ബറ്റാലിയൻ ഡി.ഐ.ജി

കവളപ്പാറ ദുരന്തമുണ്ടായപ്പോൾ ഏറെ പ്രശംസനീയമായ പ്രവർത്തനങ്ങളാണ് എം.എസ്.പി നടത്തിയിരുന്നത്. എന്നും ജനങ്ങൾക്കൊപ്പം നിന്ന് പ്രവർത്തിച്ച പാരമ്പര്യമാണ് എം.എസ്.പിക്കുള്ളത്.

യു.അബ്ദുൾ കരീം,​ ജില്ലാ പൊലീസ് മേധാവി,​ എം.എസ്.പി കമൻഡാന്റ്