pv

മലപ്പുറം: വിവാദങ്ങളുടെ തോഴനാണ് നിലമ്പൂരിലെ ഇടതു സ്വതന്ത്ര എം.എൽ.എ പി.വി.അൻവർ. ഭൂമി കൈയേറ്റം മുതൽ തദ്ദേശ തിരഞ്ഞെടുപ്പിൽ മതം പറഞ്ഞ് വോട്ടുപിടിച്ചതടക്കം നിരവധി ആരോപണങ്ങൾ കൂടെയുണ്ട്. ഇതൊന്നും മലപ്പുറത്തെ സി.പി.എമ്മിന്റെ സ്വതന്ത്ര സ്ഥാനാർത്ഥി പരീക്ഷണത്തിലെ തുറുപ്പുചീട്ടായ അൻവറിന്റെ സ്ഥാനമിളക്കുന്നില്ല. അൻവറിന് വീണ്ടും അവസരമേകാനുള്ള നീക്കത്തിലാണ് സി.പി.എം.

പതിറ്റാണ്ടുകളായി കോൺഗ്രസ് ഭരിക്കുന്ന നിലമ്പൂ‌ർ നഗരസഭയിലെ ഭരണം ഇത്തവണ പിടിച്ചെടുക്കാനായതും അൻവറിന്റെ കരുത്തുകൂട്ടുന്നു. മലപ്പുറത്ത് കോൺഗ്രസിന് അദ്ധ്യക്ഷ സ്ഥാനമുള്ള ഏക നഗരസഭയായിരുന്നു ഇത്. എൽ.ഡി.എഫിന്റെ പ്രചാരണങ്ങളുടെ ചുക്കാൻ പിടിച്ചത് അൻവറായിരുന്നു.കോൺഗ്രസിന്റെ ഉറച്ച കോട്ടയായിരുന്നു 2016 വരെ നിലമ്പൂർ. മകനും തിരക്കഥാകൃത്തുമായ ഷൗക്കത്തിനായി ആര്യാടൻ മുഹമ്മദ് കളമൊഴിഞ്ഞപ്പോൾ, സി.പി.എം പരീക്ഷിച്ചത് കോൺഗ്രസ് പാരമ്പര്യമുള്ള അൻവറിനെ. 11,504 വോട്ടിന് ഞെട്ടിപ്പിച്ച ജയം. പ്രാദേശിക സി.പി.എം നേതൃത്വത്തിനും അൻവർ‌ സ്വീകാര്യനാണ്.

2011ൽ ഏറനാട് മണ്ഡലത്തിൽ മുസ്‌ലിം ലീഗിലെ പി.കെ.ബഷീറിനോട് സ്വതന്ത്രനായി മത്സരിച്ചാണ് അൻവറിന്റെ തുടക്കം. പരാജയപ്പെട്ടെങ്കിലും സി.പി.എമ്മിന്റെ പരോക്ഷ പിന്തുണയിൽ 41 % വോട്ട് നേടി. എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ സി.പി.ഐയുടെ അഷ്റഫ് കാളിയത്ത് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 2014ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ ഒരു മുന്നണിയുടെയും പിന്തുണയില്ലാതെ 37,123 വോട്ടുകൾ നേടിയതോടെ, നിലമ്പൂരിലേക്ക് അൻവറിന് നറുക്കുവീണു. പരിസ്ഥിതിലോല പ്രദേശത്ത് ആദിവാസികളുടെ കുടിവെള്ളം മുട്ടിച്ച് തടയണ കെട്ടി,​ വരവിൽ കവിഞ്ഞ സ്വത്ത് ,ബിസിനസിൽ പങ്കാളിയാക്കാമെന്ന വാഗ്ദാനമേകി പ്രവാസിയിൽ നിന്ന് കോടികൾ തട്ടി എന്നിങ്ങനെ ആരോപണ ശരങ്ങളുയർന്നെങ്കിലും സി.പി.എം കൈവിട്ടില്ല.

കോട്ട തിരിച്ചു പിടിക്കാനുള്ള ആവേശത്തേക്കാൾ, സ്ഥാനാ‌ർത്ഥിത്വം ഉറപ്പാക്കാനുള്ള പോരിലാണ് കോൺഗ്രസ്. ഉമ്മൻചാണ്ടിയുടെ വിശ്വസ്തനായ ഡി.ഡി.സി പ്രസിഡന്റ് വി.വി. പ്രകാശിനാണ് കൂടുതൽ സാദ്ധ്യത. ആര്യാടൻ ഷൗക്കത്തും ശക്തമായി രംഗത്തുണ്ട്.