മലപ്പുറം: വയനാട് പാർലമെന്റ് മണ്ഡലത്തിലെ വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിനായി രാഹുൽ ഗാന്ധി എം.പി നാളെ മലപ്പുറം ജില്ലയിലെത്തും. ഉച്ചയ്ക്ക് 12ന് വണ്ടൂർ ഗേൾസ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ എം.എൽ.എ ഫണ്ടിൽ നിന്നും നിർമ്മിച്ച കെട്ടിടത്തിന്റെയും പ്രവേശന കവാടത്തിന്റെയും ഉദ്ഘാടനം നിർവഹിക്കും. തുടർന്ന് 12.30ന് വണ്ടൂർ ബസ് സ്റ്റാന്റ് ഓഡിറ്റോറിയത്തിൽ എം.എൽ.എ ഫണ്ടിൽ നിന്നും അനുവദിച്ച വിവിധ സ്‌കൂളുകൾക്ക് നൽകുന്ന അഞ്ച് സ്‌കൂൾ ബസുകളുടെ താക്കോൽദാനം നിർവഹിക്കും.
ഉച്ചയ്ക്ക് രണ്ടിന് മമ്പാടിൽ വണ്ടൂർ നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് ത്രിതല പഞ്ചായത്ത് സ്ഥാനാർത്ഥി സംഗമത്തിൽ പങ്കെടുത്ത ശേഷം മൂന്നിന് നിലമ്പൂർ ഗവൺമെന്റ് ആശുപത്രിക്ക് അനുവദിച്ച വെന്റിലേറ്ററുകൾ ഉൾപ്പെടെയുള്ള ചികിത്സ സാമഗ്രികൾ കൈമാറും.
തുടർന്ന് ഒ.സി.കെ ഓഡിറ്റോറിയത്തിൽ നടക്കുന്ന നിലമ്പൂർ നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് ത്രിതല പഞ്ചായത്ത് സ്ഥാനാർത്ഥി സംഗമത്തിൽ പങ്കെടുത്ത ശേഷം വൈകിട്ട് 4.30ന് അരീക്കോടിൽ ഏറനാട് നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് ത്രിതല പഞ്ചായത്ത് സ്ഥാനാർത്ഥി സംഗമം ഉദ്ഘാടനം ചെയ്യുമെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ.വി.വി പ്രകാശ് അറിയിച്ചു.