തിരൂരങ്ങാടി : ചെറുമുക്ക് കക്കാട് റോഡിൽ ആത്യക്കാട് വയലോരത്ത് ബാർബർ ഷോപ്പ് മാലിന്യം തള്ളിയിരുന്നയാളെ ഒടുവിൽ നാട്ടുകാർ പിടികൂടി. തള്ളിയ മാലിന്യത്തിൽ നിന്നും കടയുടെ വൈദ്യുതി ബിൽ കിട്ടിയതാണ് ആളെ തിരിച്ചറിയാൻ സഹായമായത്. കഴിഞ്ഞ മാസം തള്ളിയ മാലിന്യം ഇയാളെ ക്കൊണ്ടു തന്നെ തിരിച്ചെടുപ്പിച്ചു.
രാത്രിയുടെ മറവിൽ ബാർബർ ഷോപ്പ് മാലിന്യം ഇവിടെ തള്ളിയിരുന്നത് പതിവായിരുന്നു. ഇന്നലെ രാവിലെ വീണ്ടും ബാർബർ മാലിന്യം പ്ലാസ്റ്റിക്ക് കവറിൽ കെട്ടിയ നിലയിൽ കാണപ്പെട്ടു. പ്രദേശവാസിയും നന്നമ്പ്ര പഞ്ചായത്ത് അഞ്ചാം വാർഡ് അംഗവുമായ ഒള്ളക്കൻ സിദ്ധീഖിന്റെ നേതൃത്വത്തിൽ
കവർ തുറന്ന് നോക്കിയപ്പോഴാണ് വൈദ്യുതി ബില്ല് കിട്ടിയത്. ഉടൻ താനൂർ പൊലീസിൽ പരാതി നൽകി. വൈദ്യുതി ജീവനക്കാരുടെ സഹായത്താൽ പ്രതിയെ പിടികൂടി താനൂർ പൊലീസിന്റെ സഹായത്തോടെ ഇയാളെ സ്ഥലത്തെത്തിച്ച് മാലിന്യം തിരിച്ചെടുപ്പിച്ചു.
കക്കാട് ചുള്ളിപ്പാറ, കരുമ്പിൽ ഭാഗത്തെ വയലോര പ്രദേശങ്ങളിൽ താമസിക്കുന്നവർ മാലിന്യം തള്ളൽമൂലം പൊറുതിമുട്ടുകയാണ്. വലിയ ദുർഗന്ധമാണിവിടെ. രാത്രിസമയങ്ങളിൽ ആളൊഴിഞ്ഞ ഭാഗം നോക്കിയാണ് സാമൂഹ്യദ്രോഹികൾ മാലിന്യം തള്ളുന്നത് . കഴിഞ്ഞ വർഷം ഏക്കറുകണക്കിന് വ്യാപിച്ചുകിടക്കുന്ന ചെറുമുക്ക് പള്ളിക്കത്താഴം വയലിൽ കതിരിടാറായ ഞാറിൽ രാത്രിയുടെ മറവിൽ കക്കൂസ് മലിന്യം തള്ളിയിരുന്നു.