മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിൽ ജനങ്ങളുമായി അടുത്ത ബന്ധമുള്ളവരെ സ്ഥാനാർത്ഥിയാക്കണമെന്ന് കോൺഗ്രസ് മുൻ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നിർദ്ദേശം. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ നിലമ്പൂർ നിയോജക മണ്ഡലത്തിൽ വിജയിച്ചവരുടെ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സ്ഥാനാർത്ഥി നിർണയം സുതാര്യമാവും. അനുഭവ സമ്പത്തുള്ളവരും പുതുമുഖങ്ങളും വരണം. അനുഭവ സമ്പന്നർ വർത്തമാനകാലത്തെയും പുതുമുഖങ്ങൾ ഭാവിയേയുമാണ് പ്രതിനിധീകരിക്കുന്നത്. അഴിമതിയും സ്വജനപക്ഷപാതവും മുഖമുദ്രയാക്കിയാണ് എൽ.ഡി.എഫ് ഭരിക്കുന്നത്. തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് തൂത്തുവാരും. യു.ഡി.എഫിന്റെ പ്രകടനപത്രിക സമസ്ത മേഖലകളിലെയും ജനവികാരം ഉൾക്കൊണ്ടതാവും. അധികാരത്തിലെത്തിയാൽ അതെല്ലാം പ്രാബല്യത്തിലാക്കും.നെഞ്ചളവ് 56 ഇഞ്ചുണ്ടെന്ന് അവകാശപ്പെടുന്ന പ്രധാനമന്ത്രി രാജ്യത്തിനായി എന്തു ചെയ്‌തു?. ചൈനയെന്ന് കേൾക്കുമ്പോൾ പ്രധാനമന്ത്രിയുടെ നെഞ്ചിടിപ്പ് കൂടുകയാണ്. മോദി ഭരണം ദുർബലമായതിനാലാണ് ചൈന ഇടയ്ക്കിടെ അതിർത്തി കടന്നെത്തുന്നത്. രാജ്യത്തിന്റെ പ്രദേശങ്ങൾ ചൈന കൈയടക്കുമ്പോഴും പുറത്ത് കടക്കാൻ പറയാൻ പ്രധാനമന്ത്രിക്ക് തന്റേടമില്ല. ഏതാനും മുതലാളിമാർക്കായുള്ള ഭരണമാണ് നടത്തുന്നത്. ഇതാണ് കർഷക സമരത്തെ ബി.ജെ.പി സർക്കാർ എതിർക്കാൻ കാരണമെന്നും രാഹുൽ പറഞ്ഞു.
കെ.ടി.കുഞ്ഞാൻ അദ്ധ്യക്ഷത വഹിച്ചു. കെ.സി.വേണുഗോപാൽ, ആര്യാടൻ മുഹമ്മദ്, എ.പി.അനിൽകുമാർ, പി.വി.അബ്ദുൾ വഹാബ്, വി.വി.പ്രകാശ് തുടങ്ങിയവർ പങ്കെടുത്തു.
ഇന്നലെ രാവിലെ 11ന് കരിപ്പൂരിലെത്തിയ രാഹുൽ മലപ്പുറത്ത് വിവിധ പരിപാടികളിൽ പങ്കെടുത്തു. ഇന്ന് വയനാട്ടിലാവും സന്ദർശനം.