വളാഞ്ചേരി: 15.5 ലിറ്റർ വിദേശമദ്യവുമായി പാലക്കാട് ചിറ്റൂർ സ്വദേശി വളാഞ്ചേരിപോലീസിന്റെ പിടിയിലായി. ആതവനാട് കരിപ്പോൾ ഹൈസ്‌കൂളിന് സമീപം കാറിൽ വച്ച് വിദേശമദ്യ വിൽപ്പന നടത്തുകയായിരുന്ന പാലക്കാട് ചിറ്റൂർ സ്വദേശി കിട്ടൂ നിവാസ് നന്ദകുമാർ (23 ) എന്നയാളെയാണ് വളാഞ്ചേരി എസ്.ഐ എം.കെ. മുരളീകൃഷ്ണനും സംഘവും പിടികൂടിയത്. 31 ബോട്ടിലുകളിലായി പതിനഞ്ചര ലിറ്റർ വിദേശമദ്യമാണ് ആതവനാട്ടും പരിസരങ്ങളിലും കാറിൽ വിതരണം ചെയ്യാനിരുന്നത്. മദ്യവിതരണത്തിന് ഉപയോഗിച്ച മാരുതി ആൾട്ടോ കാറും കസ്റ്റഡിയിലെടുത്തു. പ്രതിയെ വീഡിയോ കോൺഫറൻസ് വഴി കോടതിയിൽ ഹാജരാക്കി മഞ്ചേരി സബ് ജയിലിൽ റിമാൻഡ് ചെയ്തു. എസ്.ഐ. മുരളീകൃഷ്ണനെ കൂടാതെ സ്റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ച് ഓഫീസർ നസീർ തിരൂർക്കാട്, എസ്.സി.പി.ഒ മനോജ്, സി.പി.ഒമാരായ രമേശ്, അബ്ദുറഹ്മാൻ ,ദീപക് , അനീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.