fff
നിലമ്പൂർ ഗവൺമെന്റ് ആശുപത്രിക്ക് അനുവദിച്ച വെന്റിലേറ്ററുകൾ ഉൾപ്പെടെയുള്ള ചികിത്സാസാമഗ്രികൾ കൈമാറാനെത്തിയ രാഹുൽ ഗാന്ധിയുമൊത്ത് സെൽഫിയെടുക്കുന്ന ആശുപത്രിയിലെ ആരോഗ്യപ്രവർത്തകർ

മലപ്പുറം: ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കാൻ കോൺഗ്രസ് മുൻ അദ്ധ്യക്ഷനും വയനാട് എം.പിയുമായ രാഹുൽ ഗാന്ധി ജില്ലയിലെത്തി. രാവിലെ പതിനൊന്നോടെ കരിപ്പൂരിലിറങ്ങിയ രാഹുൽ ഗാന്ധിയെ കോൺഗ്രസ്, ലീഗ് നേതാക്കൾ സ്വീകരിച്ചു. രാഷ്ട്രീയ കൂടിക്കാഴ്ച്ചയ്ക്ക് ശേഷം വണ്ടൂർ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെത്തി. പുതുതായി പണികഴിപ്പിച്ച പ്രവേശന കവാടവും മതിലും ക്ലാസ് റൂം ഉദ്ഘാടനവും വി.എച്ച്.എസ്.ഇ കെട്ടിടത്തിന്റെ ശിലാസ്ഥാപനവും രാഹുൽ ഗാന്ധി നിർവഹിച്ചു. ചടങ്ങിൽ എ.പി അനിൽ കുമാർ എം.എൽ.എ അദ്ധ്യക്ഷനായി. കെ.സി വേണുഗോപാൽ എം.പി മുഖ്യാതിഥിയായി. എം.എൽ.എ ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപ ചെലവഴിച്ചാണ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നിർമ്മാണ പ്രവൃത്തികൾ നടത്തിയത്. സ്‌കൂളിലെ പ്ലസ്ടു ഹ്യൂമാനിറ്റീസ് വിദ്യാർത്ഥിനി മുഫീദ അഫ്ര രാഹുൽ ഗാന്ധിയുടെ പ്രസംഗം മലയാളത്തിലേക്ക് തർജ്ജമ ചെയ്ത് താരമായി. കുട്ടികളോട് സംവദിക്കാനും അദ്ദേഹം സമയം കണ്ടെത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മയിൽ മൂത്തേടം, വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി.കുഞ്ഞിമുഹമ്മദ്, ജില്ലാ പഞ്ചായത്ത് അംഗം കെ.ടി അജ്മൽ തുടങ്ങിയവർ പങ്കെടുത്തു.

വണ്ടൂർ നിയോജക മണ്ഡലത്തിലെ അഞ്ച് സ്‌കൂളുകൾക്ക് എം.എൽ.എ ഫണ്ടിൽ നിന്ന് അനുവദിച്ച സ്‌കൂൾ ബസുകളുടെ താക്കോൽദാനവും ഫ്ളാഗ് ഓഫും രാഹുൽ ഗാന്ധി എം.പി നിർവഹിച്ചു. വണ്ടൂർ മണലിമ്മൽ ബസ് സ്റ്റാൻഡിൽ നടന്ന ചടങ്ങിൽ എ.പി അനിൽ കുമാർ എം.എൽ.എ അദ്ധ്യക്ഷനായി. ജി.എച്ച്.എസ്.എസ് വാണിയമ്പലം, ജി.എച്ച്.എസ്.എസ് പോരൂർ, ജി.എൽ.പി.എസ് പൂക്കളം, ജി.എൽ.പി.എസ് കൂരിപൊയിൽ, ഗവൺമെന്റ് ബസാർ യുപിഎസ് കാളികാവ് എന്നീ സ്‌കൂളുകൾക്കാണ് ബസ് അനുവദിച്ചത്. 82 ലക്ഷം രൂപയാണ് ഇതിനായി ചെലവഴിച്ചത്. നിലമ്പൂർ ജില്ലാ ആശുപത്രിയിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി പ്രദേശിക വികസന ഫണ്ടിൽ നിന്ന് 1.25 കോടിയുടെ ഉപകരണങ്ങൾ രാഹുൽ ഗാന്ധി എം.പി കൈമാറി. എട്ട് അഡൽട്ട് വെന്റിലേറ്റർ ഐ. സി.യു, രണ്ട് പോയിന്റ് ഒഫ് കെയർ എ.ബി.ജി മെഷീൻ, രണ്ട് വെന്റിലേറ്റർ, ഏഴ് ഐ.സി.യു കോഡ്, ഏഴ് മൾട്ടി പാര മോണിറ്റർ, ഏഴ് ഓക്സിജൻ കോൺസെൻട്രേറ്റർ, രണ്ട് ഡെഫിബ്രിലേറ്റർ വിത്ത് കാർഡിയാക് മോണിറ്റർ എന്നിവയാണ് നൽകിയത്. ഇതിനിടെ സെൽഫിയെടുക്കണമെന്ന ആഗ്രഹവുമായി എത്തിയ ആരോഗ്യപ്രവർത്തകരെ രാഹുൽ നിരാശരാക്കിയില്ല.