dddd

മലപ്പുറം: പാണ്ടിക്കാട് ഒറവമ്പുറത്ത് തദ്ദേശ തിരഞ്ഞെടുപ്പ് വിജയത്തെ ചൊല്ലി സി.പി.എം - മുസ്‌ലിം ലീഗ് പ്രവർത്തകർ തമ്മിലുണ്ടായ പ്രശ്നങ്ങൾ കുടുംബവഴക്കിലേക്ക് നീങ്ങിയതോടെ അകന്ന ബന്ധുവിന്റെ കുത്തേറ്റ് യൂത്ത് ലീഗ് പ്രവർത്തകൻ മരിച്ചു. ഒറവമ്പുറം ആലിങ്ങലിലെ ആര്യാടൻ ഹസ്സൻകുട്ടിയുടെ മകൻ മുഹമ്മദ് സമീർ (26) ആണ് ബുധനാഴ്ച രാത്രി പത്തോടെ ഒറവമ്പുറം അങ്ങാടിയിലുണ്ടായ സംഘർഷത്തിൽ കൊല്ലപ്പെട്ടത്.

ഗുരുതരമായി പരിക്കേറ്റ സമീറിനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പുലർച്ചെ മൂന്നോടെ മരിച്ചു. സംഭവത്തിൽ ഒറവമ്പുറം കിഴക്കുംപറമ്പിൽ മോയിൻ ബാപ്പു (47)​,​ മകൻ കിഴക്കുംപറമ്പിൽ നിസാം (22)​,​ ബാപ്പുവിന്റെ സഹോദരൻ കിഴക്കുംപറമ്പിൽ മജീദ് (39)​, നിസാമിന്റെ സുഹൃത്ത് ഐലക്കര യാസർ (21)​ എന്നിവരെ പാണ്ടിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെല്ലാം സി.പി.എം പ്രവർത്തകരാണ്. കത്തി കൊണ്ട് വയറ്റിൽ ആഴത്തിലേറ്റ മുറിവാണ് മരണകാരണം. നിസാമാണ് കുത്തിയത്.

ഒറവമ്പുറത്ത് സഹോദരനൊപ്പം പച്ചക്കറിക്കട നടത്തുകയായിരുന്ന സമീറിന്റെ കല്യാണം കഴിഞ്ഞിട്ട് എട്ടു മാസമേയായുള്ളൂ. സമീറിന്റെ ബന്ധുവായ ലീഗുകാരനും പ്രതികളും തമ്മിൽ തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തർക്കം നടന്നിരുന്നു. വിജയാഹ്ളാദ പ്രകടനത്തിനിടെ പ്രതികളുടെ വീട്ടിലേക്ക് സമീറിന്റെ ബന്ധു പടക്കമെറിഞ്ഞിരുന്നു. ഇരുകൂട്ടരും തമ്മിൽ ബുധനാഴ്ച രാത്രി തർക്കമുണ്ടായതറിഞ്ഞ് പിടിച്ചു മാറ്റാനെത്തിയപ്പോഴാണ് സമീ‌റിന് കുത്തേറ്റത്.
യു.ഡി.എഫിന്റെ ആഹ്ലാദ പ്രകടനത്തിനിടയിലേക്ക് സി.പി.എമ്മുകാർ തള്ളിക്കയറാൻ ശ്രമിച്ചെന്നാരോപിച്ച് പാണ്ടിക്കാട് സ്റ്റേഷനിൽ ലീഗ് കേസ് നൽകിയിരുന്നു. ഈ തർക്കമാണ് കുടുംബപ്രശ്നത്തിലേക്ക് വഴിമാറിയത്. നാല് ദിവസം മുമ്പുവരെ പൊലീസും പള്ളിക്കമ്മിറ്റിയും രണ്ട് കൂട്ടരുമായും അനുനയ ചർച്ച നടത്തിയിരുന്നു.

കീഴാറ്റൂരിലേത് രാഷ്ട്രീയ കൊലപാതകമാണെന്ന് ഇപ്പോൾ പറയാനാവില്ലെന്ന് ജില്ലാ പൊലീസ് മേധാവി യു.അബ്ദുൾ കരീം പറഞ്ഞു. സി.പി.എമ്മിന് വാർഡുകളിൽ ഭൂരിപക്ഷം കുറഞ്ഞതു മൂലമുള്ള രാഷ്ട്രീയ വിരോധമാണ് കൊലപാതകത്തിന് കാരണമെന്ന് സമീറിന്റെ ബന്ധുക്കളും മുസ്‌ലിം ലീഗ് നേതാക്കളും ആരോപിക്കുന്നു. എന്നാൽ, കൊലപാതകം കുടുംബവഴക്കിനെ തുടർന്നാണെന്നും രാഷ്ട്രീയവത്കരിക്കാനുള്ള നീക്കം അപലപനീയമാണെന്നും സി.പി.എം ജില്ലാ സെക്രട്ടറി ഇ.എൻ.മോഹൻദാസ് പറഞ്ഞു.

അക്രമത്തിന് പിന്നിൽ സി.പി.എം ആണെന്നും അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. വാർഡിൽ തോറ്റതിലെ അരിശമാണ് ആസൂത്രിതമായ കൊലപാതകത്തിലേക്ക് എത്തിച്ചതെന്ന് മുസ്‌ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. കൊലപാതകത്തിൽ പ്രതിഷേധിച്ച് മഞ്ചേരി നിയോജക മണ്ഡലത്തിൽ യു.ഡി.എഫ് ഉച്ചയ്ക്ക് രണ്ടുമുതൽ വൈകിട്ട് ആറുവരെ ഹർത്താൽ ആചരിച്ചു.

സമീറിന്റെ ഭാര്യ: ഷിഫ്ന കുട്ടശ്ശേരി. സഹോദരങ്ങൾ: മുനീർ,​ സഫീർ. മഞ്ചേരി മെഡിക്കൽ കോളേജിലെ പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ഒറവമ്പുറം ജുമാമസ്ജിദിൽ കബറടക്കി.