അവസാന ശ്വാസത്തിനുള്ള പോരാട്ടത്തിലാണ് മലയാളിയുടെ ഗൃഹാതുരത സമ്പന്നമാക്കിയ നിളയെന്ന ഭാരതപ്പുഴ. പുഴയുടെ അടിയൂറ്റിയുള്ള മണൽ കൊള്ളയിൽ പാതിയായ ജീവനും ഇല്ലാതാക്കുകയാണ് അനുദിനം പടർന്ന് പന്തലിക്കുന്ന പുൽക്കാടുകൾ. വേനലെത്തും മുമ്പെ വറ്റിതുടങ്ങിയ നിളയുടെ നെഞ്ചകമാകെ പുൽക്കാടുകൾ നിറഞ്ഞിട്ടുണ്ട്. പുഴയാണോ കാടാണോ എന്ന് തിരിച്ചറിയാനാവാത്ത വിധം പലയിടങ്ങളിലും നിള മാറികഴിഞ്ഞു. മണലെടുത്ത ഇടങ്ങളിൽ ചെളി നിറഞ്ഞ് കിടക്കുന്നതിനാൽ പുൽക്കാടുകൾക്ക് തഴച്ചു വളരാൻ അനുകൂലമായ സാഹചര്യമാണ്. ഈ സ്ഥിതി തുടർന്നാൽ വൈകാതെ നിളയൊരു കാടായി മാറിയാലും അത്ഭുതപ്പെടാനില്ല.
നിളയുടെ പുനരുദ്ധാരണത്തിനായി നിരവധി പദ്ധതികൾക്ക് രൂപമേകിയെങ്കിലും ഒന്നും യഥാവിധി നടപ്പാക്കിയിട്ടില്ല. തടസ്സങ്ങളില്ലാതെ ഒഴുകാൻ നിളയെ സഹായിക്കുന്നതിന് മൂന്ന് വർഷം മുമ്പ് ബഡ്ജറ്റിൽ അഞ്ച് കോടി രൂപ വകയിരുത്തിയെങ്കിലും ചില യോഗങ്ങൾ ചേർന്നതല്ലാതെ മറ്റൊന്നും നടന്നില്ല. പുഴയിലെ പുൽക്കാടുകളും ചെളിയും നീക്കം ചെയ്യുമെന്നത് പ്രഖ്യാപനത്തിലൊതുങ്ങി. നിള കടന്നുപോവുന്ന മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിലെ റിവർ മാനേജ്മെന്റ് ഫണ്ടിലും കോടികളുണ്ടെങ്കിലും നിളയുടെ പുനരുദ്ധാരണത്തിനായി ഒരു തുക പോലും ചെലവഴിച്ചിട്ടില്ല. പുഴയിലെ കാടുകൾ വേനലിൽ സാമൂഹ്യ വിരുദ്ധർ തീയിടുന്നതും പതിവാണ്. ഈ ക്രൂരത കാരണം ഒട്ടേറെ മിണ്ടാപ്രാണികൾ ചത്തുപോകാറുണ്ട് . ചങ്ങണ കാടുകളിൽ മുട്ടയിടാറുള്ള കിളികൾക്കും എന്തിന് , സമീപത്തെ വീടുകൾക്കും തീയിടുന്നത് ഭീഷണി ഉയർത്തുന്നുണ്ട്. മണൽ കൊള്ളയടിക്കുന്നതിന് വേണ്ടിയാണ് കാടിന് തീയിടുന്നത്.
ഒറ്റപ്പാലം മുതൽ പൊന്നാനി വരെയുള്ള ഭാരതപ്പുഴയുടെ ഭാഗത്ത് കിലോമീറ്ററുകളോളം പുൽക്കാടുകൾ വളർന്നിട്ടുണ്ട്. തിരുനാവായ മുതൽ പൊന്നാനി വരെയുള്ള ഭാഗത്ത് പുഴയെ അരുവിയാക്കി മാറ്റും വിധത്തിലാണ് പുൽക്കാടുകളുടെ വളർച്ച. കുറ്റിപ്പുറം ചെമ്പിക്കൽ, ചമ്രവട്ടം, പൊന്നാനി കുറ്റിക്കാട് മേഖലകളിൽ പുൽക്കാടുകൾ വളർന്നതോടെ പുഴയുടെ ഒഴുക്ക് പോലും തടസപ്പെട്ടിട്ടുണ്ട്. പ്രളയങ്ങളിൽ അടിഞ്ഞ മണ്ണും ചെളിയും നീക്കം ചെയ്യാതിരുന്നതോടെ ഇവിടങ്ങളിൽ പുൽക്കാടുകൾ അതിവേഗത്തിലാണ് വളരുന്നത്. പലയിടങ്ങളിലും പുഴ ചെറുതോടായി മാറിയിട്ടുണ്ട്.
2018ലെ പ്രളയത്തിൽ മലമ്പുഴ അണക്കെട്ട് തുറന്നതോടെയാണ് ഭാരതപ്പുഴ കര കവിഞ്ഞതെങ്കിൽ കഴിഞ്ഞ രണ്ട് വർഷവും സാധാരണ ഗതിയിലുള്ള മൺസൂൺ മഴയെ പോലും ഉൾകൊള്ളാൻ നിളയ്ക്കാവുന്നില്ല. മണ്ണടിഞ്ഞും അനധികൃത മണൽ കടത്തും മൂലം രൂപപ്പെട്ട വൻഗർത്തങ്ങളും നിളയുടെ ഒഴുക്കിന്റെ വേഗതയെ ബാധിച്ചിട്ടുണ്ട്. വെള്ളം താങ്ങാനുള്ള ശേഷി കുറഞ്ഞതോടെ കരകവിഞ്ഞ് പ്രളയ സമാനമായ സ്ഥിതിയുണ്ടായി. നിരവധിയിടങ്ങളിൽ വീടുകളിൽ വെള്ളം കയറി. പുഴയുടെ അടിത്തട്ടിലെ മണൽ വിതാനം കഴിഞ്ഞ 30 വർഷത്തിനിടെ മൂന്ന് മീറ്റർ വരെ താഴ്ന്നിട്ടുണ്ട്. അതേസമയം, ചെളിയും മണ്ണും കുമിഞ്ഞുകൂടി കിടക്കുന്ന ഭാഗങ്ങളുടെ വ്യാപ്തിയും ഉയരവും ഓരോ കാലവർഷത്തിന് ശേഷവും വികസിക്കുകയാണ്. ചെളിയോട് ചേർന്ന് രൂപപ്പെട്ട പൊന്തക്കാടുകൾ നിളയുടെ ഒഴുക്കിന്റെ ഗതിയെ കാര്യമായി മാറ്റിയിട്ടുണ്ട്.
വേണം ശാസ്ത്രീയ നടപടികൾ
നിളയുടെ ഒഴുക്ക് കൂട്ടാൻ പുഴയിലെ മൺത്തിട്ടയും പൊന്തക്കാടുകളും ശാസ്ത്രീയമായി നീക്കം ചെയ്യുകയാണ് വേണ്ടതെന്ന് പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. അടിഞ്ഞുകൂടിയ മണൽ ശാസ്ത്രീയമായി നീക്കം ചെയ്ത് പുഴയൊഴുക്കിന്റെ വ്യാപ്തി കൂട്ടണമെന്ന നിർദ്ദേശം മെട്രോമാൻ ഇ. ശ്രീധരൻ സർക്കാരിന് മുന്നിൽവെച്ചിരുന്നു. കാലാകാലങ്ങളിൽ ഇത്തരത്തിൽ നിരവധി പദ്ധതികൾ സമർപ്പിക്കപ്പെടുകയും പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും ഒന്നും നടപ്പായില്ലെന്നതാണ് യാഥാർത്ഥ്യം. മൂന്ന് ജില്ലകളിലെ എണ്ണമറ്റ കുടിവെള്ള പദ്ധതികൾ നിളയെ ആശ്രയിച്ചാണ് മുന്നോട്ടുപോവുന്നത്. നിലവിലെ അവസ്ഥ തുടർന്നാൽ വേനലെത്തും മുമ്പെ തന്നെ കുടിവെള്ള വിതരണം മുടങ്ങും.ജല സംഭരണത്തിനായി ചെക്ക് ഡാമുകൾ നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെ നടപടിയായിട്ടില്ല. കുടിവെള്ളവും ജലസേചന വിതരണവും ലക്ഷ്യമിട്ട് നടപ്പാക്കിയ വമ്പൻ പദ്ധതിയായ ചമ്രവട്ടം റെഗുലേറ്റർ കം ബ്രിഡ്ജിലെ ചോർച്ച മൂലം വർഷങ്ങളായി പദ്ധതി നോക്കുകുത്തിയാണ്. നിളയുടെ പുനരുദ്ധാരണത്തിനായി സർക്കാർ സംവിധാനങ്ങൾ ഉണർന്ന് പ്രവർത്തിച്ചില്ലെങ്കിൽ മൂന്ന് ജില്ലകളിലെ കുടിവെള്ളമടക്കം മുട്ടിപ്പോകുന്ന സ്ഥിതിയാവും.