palam
ഓരാടംപാലം

പെരിന്തൽമണ്ണ: അങ്ങാടിപ്പുറം ദേശീയപാതയിലെ ഓരാടൻ പാലത്തിന്റെ ഇരുവശത്തെയും കൈവരികൾ തകർന്നതോടെ വാഹനയാത്രയ്ക്കൊപ്പം കാൽനടയാത്രയും അപകടകരമായി. പെരിന്തൽമണ്ണ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ഇടതുവശം ചേർന്ന് തുടർച്ചയായി അപകടത്തിൽപെട്ടതോടെ കൈവരി ഭാഗികമായി തകർന്നിരുന്നു. പിന്നീട് സ്ഥാപിച്ച ഇരുമ്പുകൈവരിയും അപകടത്തിൽ തകർന്നു. ഇരുമ്പുതകിട് ഷീറ്റും പ്ലാസ്റ്റിക്ക് റിബ്ബണും കെട്ടിയാണ് താത്കാലിക പരിഹാരം കണ്ടത്. കഴിഞ്ഞ മാസം വലിയ കണ്ടെയ്നർ ലോറി പാലത്തിന്റെ വലതു കൈവരി തകർത്ത് പുഴയിലേക്ക് കൂപ്പ് കുത്തിയിരുന്നു. ഈ ഭാഗത്തെ കൈവരി ഏതാണ്ട് പൂർണ്ണമായും തകർന്നതോടെ ഇവിടെയും പ്ലാസ്റ്റിക്ക് റിബ്ബണുകൾ സ്ഥാനംപിടിച്ചു. വാഹനത്തിരക്കുള്ള പാലത്തിലൂടെ വിദ്യാർത്ഥികളും സ്ത്രീകളും വയോധികരും അടക്കം നിരവധി പേർ കാൽനടയായി സഞ്ചരിക്കാറുണ്ട്. നിലവിലെ അവസ്ഥയിൽ കാൽനടയാത്രക്കാർക്ക് അരിക് ചേർന്ന് നിൽക്കാൻ പോലും പ്രയാസമുണ്ട്. പലരും പുഴയിൽ വീഴാതെ തലനാരിഴയ്ക്കാണ് രക്ഷപ്പെടുന്നത്. നിരന്തരമായുള്ള അപകടങ്ങൾ വഴി പാലത്തിനും ബലക്ഷയമുണ്ട്. പാലത്തിനടിയിലെ രണ്ട് ഭീമുകൾക്ക് വിള്ളലും ചിലയിടത്ത് തകർച്ചയും നേരിടുന്നു. പാലത്തിന്റെ ബലക്ഷയം തീർത്ത് കൈവരികൾ പുനഃസ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മേഖലയിലെ വാഹനക്കുരുക്കിന് ശാശ്വത പരിഹാരമായി ഓരാടൻ പാലം- മാനത്ത് മംഗലം ബൈപാസ് നിർമ്മാണം ഉടൻ ആരംഭിക്കണമെന്നും ആവശ്യമുയരുന്നുണ്ട്.