മലപ്പുറം: ഓർത്തഡോക്സ് സഭാ നേതൃത്വത്തെ പാണക്കാട്ടെത്തിച്ച് നടത്തിയ അപൂർവ ചർച്ചയിലൂടെ മുസ്ളിം ലീഗ് നേതൃത്വം ലക്ഷ്യമിട്ടത് സി.പി.എമ്മിനുള്ള ചുട്ട മറുപടി. മുസ്ളിം - ക്രിസ്ത്യൻ സമുദായ ബന്ധം ശക്തമാണെന്ന സന്ദേശമേകാനും കഴിഞ്ഞു.
മതമൗലികവാദികളുമായുള്ള കൂട്ടുകെട്ടിനായാണ് രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും പാണക്കാട്ടെത്തിയതെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്റെ പ്രസ്താവന വിവാദമായിരുന്നു. പാണക്കാട് തറവാടിനെ മതമൈത്രിയുടെ കേന്ദ്രമായി ഉയർത്തിക്കാട്ടാനാണ് ലീഗിന് ആഗ്രഹം
തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് നേരിട്ട തിരിച്ചടിയുടെ പശ്ചാത്തലത്തിൽ സഭാ നേതൃത്വങ്ങളുടെ അതൃപ്തി പരിഹരിക്കാൻ പി.കെ.കുഞ്ഞാലിക്കുട്ടിയെ ലീഗ് ചുമതലപ്പെടുത്തിയിരുന്നു. യു.ഡി.എഫിൽ ലീഗ് അമിതസ്വാധീനം ചെലുത്തുന്നെന്ന വികാരം ക്രൈസ്തവ സഭകൾക്കുണ്ടായിരുന്നു. സാമ്പത്തിക സംവരണത്തെ എതിർത്ത് ലീഗ് സമരത്തിനിറങ്ങിയതും ലൗ ജിഹാദ് ആരോപണങ്ങളും തുർക്കിയിലെ ഹാഗിയ സോഫിയ മ്യൂസിയം മുസ്ളിം പള്ളി ആക്കിയതിനെ അനുകൂലിച്ച് ലീഗ് മുഖപത്രത്തിൽ പാണക്കാട് സാദിഖലി തങ്ങളുടെ ലേഖനവും അകൽച്ച കൂട്ടി. ഇതു പരിഹരിക്കാൻ ഡിസംബറിൽ മലങ്കര കത്തോലിക്ക സഭ മേലദ്ധ്യക്ഷനുമായും താമരശ്ശേരി ബിഷപ്പുമായും കുഞ്ഞാലിക്കുട്ടി കൂടിക്കാഴ്ച നടത്തിയിരുന്നു. ഹാഗിയ സോഫിയ വിഷയത്തിൽ വീഴ്ച പറ്റിയതായി സഭാ നേതൃത്വത്തെ ലീഗ് അറിയിച്ചിരുന്നു.
തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ക്രിസ്ത്യൻ - മുസ്ളിം ചേരിതിരിവുണ്ടാക്കാൻ ചില രാഷ്ട്രീയകേന്ദ്രങ്ങൾ ശ്രമിക്കുന്നുണ്ടെന്നും അങ്ങനെയല്ലെന്ന് വ്യക്തമാക്കാൻ കൂടിയാണ് സന്ദർശനമെന്നും ഓർത്തഡോക്സ് സഭ അഹമ്മദാബാദ് ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ യൂലിയോസ് കൂടികാഴ്ച്ചയ്ക്ക് ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. കൊച്ചി ഭദ്രാനാധിപൻ ഡോ. യാക്കോബ് മാർ ഐറോനിയോസും മറ്റു സഭാപ്രതിനിധികളും ഒപ്പമുണ്ടായിരുന്നു. സൗഹൃദ സന്ദർശനമായിരുന്നെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുക്കാൽ മണിക്കൂറോളം നീണ്ട ചർച്ചയിൽ കെ.പി.എ. മജീദും പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പങ്കെടുത്തു.