മലപ്പുറം: ജില്ലയിൽ കൊവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ കൊവിഡാനന്തര ആരോഗ്യപ്രശ്നങ്ങൾ ലഘൂകരിക്കാനും കൊവിഡ് മരണങ്ങൾ കുറയ്ക്കാനും പനി, ജലദോഷം, തൊണ്ടവേദന, വയറുവേദന, വയറിളക്കം, കടുത്ത ക്ഷീണം തുടങ്ങിയ രോഗ ലക്ഷണങ്ങൾ ഉള്ളവർ നിർബന്ധമായും കൊവിഡ് പരിശോധന നടത്തണമെന്ന് ജില്ലാമെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന അറിയിച്ചു.
കഴിഞ്ഞ രണ്ടാഴ്ച്ചയായി കൊവിഡ് രോഗബാധിതരുടെ എണ്ണം വർദ്ധിക്കുകയാണ്. ജില്ലയിൽ ടെസ്റ്റ് പൊസിറ്റീവിറ്റി നിരക്ക് പത്തിന് മുകളിലാണ്. കൊവിഡ് മരണങ്ങളും ഏറുന്നു. ഒരു മാസത്തിനകം ടെസ്റ്റ് പൊസിറ്റീവിറ്റി നിരക്ക് പത്തിനു താഴെയെത്തിക്കാനും മരണനിരക്ക് കുറയ്ക്കാനുമാണ് ജില്ലാ ഭരണകൂടം ശ്രമിക്കുന്നതെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു.
കണ്ടുപിടിക്കപ്പെടാതെ പോകുന്ന കൊവിഡ് രോഗികൾക്ക് പ്രത്യക്ഷത്തിൽ രോഗലക്ഷണങ്ങൾ ഇല്ലാതിരിക്കുകയും വലിയ ബുദ്ധിമുട്ടുകളൊന്നും കൂടാതെ രോഗം മാറാനും സാദ്ധ്യതയുണ്ട്. എങ്കിലും അവരുമായി അടുത്തിടപഴകുന്ന പ്രായമായവർക്കും കിടപ്പുരോഗികൾക്കും പ്രമേഹം, അമിതവണ്ണം പോലുള്ള ജീവിതശൈലീരോഗങ്ങൾ ഉള്ളവർക്കും രോഗപ്പകർച്ച ഉണ്ടാകാനും ഗുരുതരാവസ്ഥയിലേക്ക് പോകാനും സാദ്ധ്യതയുണ്ട്. കൊവിഡ് ബാധിച്ചവരുമായി സമ്പർക്കപട്ടികയിൽ ഉള്ളവർ അഞ്ചു ദിവസങ്ങൾക്ക് ശേഷവും കേരളത്തിന് പുറത്തുനിന്നും വരുന്നവർ ഏഴു ദിവസങ്ങൾക്ക് ശേഷവും രോഗലക്ഷണങ്ങൾ ഉണ്ടായാലുടനെ ടെസ്റ്റ് ചെയ്യണം.
ആർ.ടി.പി.സി.ആർ. പരിശോധന നടത്തിയാൽ കൂടുതൽ രോഗബാധിതരെ കണ്ടെത്താനാവും. നേരത്തെതന്നെ മറ്റുള്ളവരുമായുള്ള സമ്പർക്കം ഒഴിവാക്കുന്നത് വഴി രോഗപ്പകർച്ച തടയാനും ഗുരുതരാവസ്ഥയിലേക്ക് പോകാതെ ചികിത്സകൾ ആവശ്യമായവർക്ക് നൽകാനും കഴിയും. കൊവിഡ് പരിശോധനയ്ക്കായി വിപുലമായ സൗകര്യങ്ങളാണ് ആരോഗ്യവകുപ്പ് ജില്ലയിൽ ഒരുക്കിയിട്ടുള്ളത്. എല്ലാ പ്രാഥമിക, സാമൂഹിക ആരോഗ്യകേന്ദ്രങ്ങൾ, താലൂക്ക് ആശുപത്രികൾ, ജില്ലാ ആശുപത്രികൾ എന്നിവിടങ്ങളിൽ രാവിലെ ഒമ്പതു മുതൽ വൈകിട്ട് നാലുവരെ ജനങ്ങൾക്ക് കൊവിഡ് രോഗ പരിശോധന സൗജന്യമായി നടത്താമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.