മലപ്പുറം: കുടുംബങ്ങളിൽ നിന്നാരംഭിച്ച് സമൂഹമാകെ ഉറപ്പാക്കുന്ന ആരോഗ്യ പരിരക്ഷ ലക്ഷ്യമിട്ട് പ്രാഥമിക ആരോഗ്യ ഉപകേന്ദ്രങ്ങൾ ആരോഗ്യ സൗഖ്യ കേന്ദ്രങ്ങളായി മാറ്റുന്നു. ആർദ്രം പദ്ധതിയുടെ ഭാഗമായി ജില്ലയിൽ കുടുംബാരോഗ്യ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന 166 ഉപ കേന്ദ്രങ്ങളാണ് ഇത്തരത്തിൽ ശാക്തീകരിക്കുന്നത്. ഇതിനായി 6.63 കോടി രൂപയാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്. ആദ്യ ഘട്ടത്തിൽ 71 പ്രാഥമിക ആരോഗ്യ ഉപകേന്ദ്രങ്ങളാണ് പദ്ധതിയിൽ ഉൾപ്പെടുക. ഈ കേന്ദ്രങ്ങളിൽ ഏഴ് ലക്ഷം രൂപ ചെലവിൽ അടിസ്ഥാന സൗകര്യങ്ങൾ വിപുലമാക്കുന്ന പ്രവർത്തനങ്ങൾക്ക് അടുത്ത മാസം തുടക്കമാകും. പിന്നീട് ജില്ലയിലെ 589 ആരോഗ്യ ഉപകേന്ദ്രങ്ങിലേക്കും പദ്ധതി വ്യാപിപ്പിക്കും.
ഓരോ കുടുംബങ്ങളുടേയും ആരോഗ്യ സംബന്ധമായ വിഷയങ്ങളിൽ നിരന്തരം ഇടപെട്ട് ജനങ്ങൾക്കെല്ലാം സമഗ്രമായ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്ന വിധത്തിലാണ് ഈ കേന്ദ്രങ്ങളുടെ പ്രവർത്തനം ആരോഗ്യ വകുപ്പ് വിഭാവനം ചെയ്തിരിക്കുന്നത്. ജീവിത ശൈലീ രോഗങ്ങൾ സംബന്ധിച്ചും പകർച്ച വ്യാധികൾ പിടിപെടാനുള്ള സാധ്യതകളെകുറിച്ചും വ്യക്തമായ വിവര ശേഖരണം നടത്തി രോഗ വ്യാപനത്തിനുള്ള സാദ്ധ്യതകൾ തടയാനുള്ള പ്രവർത്തനങ്ങൾ ആരോഗ്യ സൗഖ്യ കേന്ദ്രങ്ങളിലൂടെ കാര്യക്ഷമമാക്കും. വിവിധ ആരോഗ്യ പ്രശ്നങ്ങളുള്ളവരെ കണ്ടെത്തി പ്രാഥമിക കൗൺസലിംഗ് നൽകുന്നതിനൊപ്പം തുടർ ചികിത്സ ആവശ്യമുള്ളവർക്ക് ഡോക്ടർമാരുടെ നേതൃത്വത്തിൽ ചികിത്സയും ഉറപ്പാക്കും.
ആദിവാസി മേഖലകളും തീരപ്രദേശങ്ങളും കേന്ദ്രീകരിച്ചാണ് പദ്ധതിയുടെ ആദ്യഘട്ടം നടപ്പാക്കുന്നത്. പോഷണം, ജീവിതശൈലീ രോഗ നിയന്ത്രണം, മാനസികാരോഗ്യം, ശിശു ക്ഷേമം, വയോജനാരോഗ്യം, വനിതാരോഗ്യം, കൗമാര ആരോഗ്യം, പകർച്ചവ്യാധി പ്രതിരോധം, പ്രഥമ ശുശ്രൂഷ, കൗൺസലിങ് തുടങ്ങിയ സേവനങ്ങളാണ് ഓരോ ആരോഗ്യ സൗഖ്യ കേന്ദ്രങ്ങളിലുമുണ്ടാകുക. ജൂനിയർ പബ്ലിക് നഴ്സ്, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ, ആരോഗ്യ പ്രവർത്തകർ എന്നിവർ ചേർന്ന് സമൂഹ ആരോഗ്യ പരിരക്ഷാ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. വാർഡ്തല ആരോഗ്യ പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തി പ്രാദേശികമായുള്ള പ്രാഥമിക ആരോഗ്യ ആവശ്യങ്ങൾ ഉറപ്പാക്കുകയും ആരോഗ്യ സൗഖ്യ കേന്ദ്രങ്ങളുടെ ലക്ഷ്യമാണ്.