മലപ്പുറം: ജില്ലാവികസന സമിതി യോഗം ജില്ലാകലക്ടർ കെ.ഗോപാലകൃഷ്ണന്റെ അധ്യക്ഷതയിൽ ഓൺലൈനിലൂടെ ചേർന്നു. തിരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തിൽ ഇനിയും ആരംഭിക്കാത്ത പ്രവൃത്തികൾ അടിയന്തരമായി ഏറ്റെടുത്ത് നടപ്പിലാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിന് ജില്ലാകലക്ടർ ജില്ലാതല ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. നടപ്പിലാക്കുന്ന എല്ലാ പ്രവൃത്തികളും ഉദ്യോഗസ്ഥർ കൃത്യമായ ഇടവേളകളിൽ പരിശോധിക്കണം. തുടർ നടപടികൾ ആവശ്യമെങ്കിൽ സ്വീകരിക്കാനും കലക്ടർ നിർദേശം നൽകി. ഫെബ്രുവരി 8, 9, 11 തിയതികളിൽ മന്ത്രിമാരുടെ അദ്ധ്യക്ഷതയിൽ വിവിധ താലൂക്കുകളിലായി നടത്തുന്ന 'സ്വാന്തനം' ജനസമ്പർക്ക പരിപാടിയിലേക്കുള്ള അപേക്ഷകൾ അക്ഷയ മുഖേനയോ ഓൺലൈനായോ ഫെബ്രുവരി രണ്ടിനകം സമർപ്പിക്കണമെന്ന് എ.ഡി.എം യോഗത്തിൽ അറിയിച്ചു. പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഫെബ്രുവരി 15ന് നടത്തുന്ന അദാലത്തിലേക്കുള്ള അപേക്ഷകൾ ഫെബ്രുവരി രണ്ട് മുതൽ എട്ട് വരെ ഓൺലൈനായോ നേരിട്ടോ സമർപ്പിക്കാമെന്ന് ഡെപ്യൂട്ടി ഡയറക്ടർ പഞ്ചായത്ത് അറിയിച്ചു. യോഗത്തിൽ എം.എൽ.എ മാരും, എംപിമാരുടെ പ്രതിനിധികളും വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥരും പങ്കെടുത്തു.