cccc

പൊന്നാനി: വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ പൊന്നാനിയിലും തവനൂരും ഇടതുമുന്നണി സ്ഥാനാർത്ഥികളിൽ മാറ്റമുണ്ടാവില്ല. പൊന്നാനിയിൽ നിയമസഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണനും തവനൂരിൽ മന്ത്രി ഡോ.കെ.ടി. ജലീലും വീണ്ടും ജനവിധി തേടിയേക്കും. രണ്ടുതവണയിൽ കൂടുതൽ വിജയിച്ചവർ മത്സരിക്കേണ്ടതില്ലെന്ന സി.പി.എം തീരുമാനത്തിൽ ഇളവു ലഭിക്കുന്നവരുടെ കൂട്ടത്തിൽ പി. ശ്രീരാമകൃഷ്ണനും ഉൾപ്പെട്ടേക്കും. വിജയം ഉറപ്പിക്കാൻ ശ്രീരാമകൃഷ്ണനും കെ.ടി ജലീലും നിലവിലെ മണ്ഡലങ്ങളിൽ തന്നെ മത്സരിക്കട്ടെയെന്നാണ് ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തൽ.

പി. ശ്രീരാമകൃഷ്ണൻ തുടർച്ചയായി രണ്ടുതവണ പൊന്നാനിയിൽ നിന്നാണ് ജനവിധി തേടിയത്. 2011ലെ ആദ്യ മത്സരത്തിൽ നാലായിരത്തിൽപരം വോട്ടുകൾക്കായിരുന്നു വിജയം. 2011ൽ ഭൂരിപക്ഷം 15,​650 ആയി ഉയർന്നു. തുടർച്ചയായ വിവാദങ്ങളിൽ കുടുങ്ങിയെങ്കിലും ശ്രീരാമകൃഷ്ണന്റെ വിജയം പൊന്നാനിയിൽ ഉറപ്പാണെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.
സ്വർണ കള്ളക്കടത്ത് കേസിലെ മുഖ്യപ്രതിയുമായുള്ള പരിചയവും ഡോളർ കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് ചോദ്യം ചെയ്യുമെന്ന തരത്തിലുള്ള വാർത്തകളും നിയമസഭ സ്പീക്കർക്കെതിരെ സംസ്ഥാനതലത്തിൽ വലിയ വിവാദങ്ങൾക്ക് വഴിവച്ചെങ്കിലും പൊന്നാനി മണ്ഡലത്തിൽ ഇത് കാര്യമായ ചലനങ്ങൾ ഉണ്ടാക്കിയിട്ടില്ലെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.

നിയമസഭ സ്പീക്കർക്കെതിരായ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ പൊന്നാനി മണ്ഡലത്തിൽ ഇടതുമുന്നണി 13,​000ത്തിൽ പരം വോട്ടുകൾക്ക് മുന്നിലാണ്. സ്പീക്കർക്കെതിരെ യു. ഡി.എഫ് ഉയർത്തിയ പ്രചാരണങ്ങൾ പൊന്നാനിയിൽ വിലപ്പോയില്ലെന്നതിന് തെളിവായി നേതൃത്വം വിലയിരുത്തുന്നത് തദ്ദേശ തിരഞ്ഞെടുപ്പിലെ ഭൂരിപക്ഷമാണ്. മണ്ഡലത്തിലെ ഏക നഗരസഭയായ പൊന്നാനിയിൽ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിനാണ് ഇടതുമുന്നണി ഭരണം നിലനിറുത്തിയത്. വെളിയങ്കോട് പഞ്ചായത്തിൽ നറുക്കെടുപ്പിലൂടെ യു.ഡി.എഫ് ഭരണം പിടിച്ചെങ്കിലും മറ്റിടങ്ങളിൽ ഇടതു മുന്നണി വലിയ നേട്ടമുണ്ടാക്കി. പെരുമ്പടപ്പ്, ആലങ്കോട് പഞ്ചായത്തുകൾ ഇടതുപക്ഷം പിടിച്ചെടുത്തു.

പി. ശ്രീരാമകൃഷ്ണനെതിരെ യു.ഡി.എഫ് ഉയർത്തുന്ന വിവാദങ്ങളെ വികസനപ്രവർത്തനങ്ങൾ വച്ച് പ്രതിരോധിക്കാമെന്ന കണക്കുകൂട്ടലാണ് സി.പി.എമ്മിന്. മണ്ഡലത്തിൽ ശ്രീരാമകൃഷ്ണനുള്ള ജനകീയത പകരക്കാരനായി ആരെക്കൊണ്ടു വന്നാലും സാദ്ധ്യമാക്കാനാവില്ലെന്ന ഉറപ്പ് നേതൃത്വത്തിനുണ്ട്. ശ്രീരാമകൃഷ്ണനെ മത്സരരംഗത്തു നിന്ന് മാറ്റുന്നത് അദ്ദേഹത്തിനെതിരായ ആക്ഷേപങ്ങൾ ശരിവയ്ക്കുന്നതായി വ്യാഖ്യാനിക്കപ്പെടുമെന്നും വിലയിരുത്തപ്പെടുന്നു. തുടർ ഭരണസാദ്ധ്യത നിലനിൽക്കുന്നതിനാൽ ഉറപ്പുള്ള സീറ്റുകളിൽ പരീക്ഷണത്തിന് മുതിരേണ്ടതില്ലെന്ന തീരുമാനം ശ്രീരാമകൃഷ്ണന് മൂന്നാമതും പൊന്നാനിയിൽ നറുക്കു വീഴാൻ കാരണമാകും.

വിജയം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കെ.ടി. ജലീലിനെ വീണ്ടും തവനൂരിൽ പരിഗണിക്കുന്നത്. എല്ലാവിഭാഗം വോട്ടുകളും നേടാനുള്ള ജലീലിന്റെ കഴിവാണ് തവനൂരിൽ പുതിയ പരീക്ഷണം വേണ്ട എന്നതിലേക്ക് നേതൃത്വത്തെ എത്തിക്കുന്നത്. ജില്ലയിൽ കൂടുതൽ സീറ്റുകൾ എന്നതാണ് സി പി എം ലക്ഷ്യമിടുന്നത്. തവനൂരിലെ പഞ്ചായത്തുകളിൽ വലിയ ഭൂരിപക്ഷം ഇടതുമുന്നണിക്ക് നേടാനായിരുന്നു. വട്ടംകുളം പഞ്ചായത്താണ് ഇടതുമുന്നണിക്ക് തിരിച്ചടി നൽകിയത്.