കുറ്റിപ്പുറം :കുറ്റിപ്പുറത്തു നിന്നും കൂടലൂർ വഴി തൃത്താലയിലേക്ക് പോകുന്ന വഴിയിൽ പട്ടിത്തറയിലെ ഇടത്താവളം യാത്രക്കാരെ സംബന്ധിച്ചിടത്തോളം ആശ്വാസ കേന്ദ്രമാവുന്നു. യാത്രയ്ക്കിടയിലെ ആലസ്യം ഒഴിവാക്കാൻ ഏറെ സഹായകമാണ് പുഴയോരത്ത് കാറ്റും തണലും നിറഞ്ഞ ഈ പ്രദേശം.
പ്രദേശത്തെ ബ്രദേഴ്സ് ലൈബ്രറിയുടെയും ഗ്രാമദീപം ക്ലബ്ബിന്റെയും നേതൃത്വത്തിലാണ് നിളാനദിയുടെ തീരത്ത് ഇടത്താവളം സജ്ജമാക്കിയിരിക്കുന്നത്. കരിങ്കല്ല് കൊണ്ട് പണിത തറകളും മുളങ്കാടും ആൽമരവുമെല്ലാം ഇടത്താവളത്തിന് സൗന്ദര്യമേറ്റുന്നു. ഉച്ചനേരത്താണ് യാത്രക്കാരുടെ തിരക്കേറുന്നത്. ഉച്ചഭക്ഷണം ഇവിടെ ഇരുന്നു കഴിക്കുന്നവരുമേറെ. നിളാനദിയിലെ കാറ്റും കൊണ്ട് സമയം ചെലവിടാൻ വൈകുന്നേരങ്ങളിൽ എത്തുന്നവരുടെ എണ്ണവും കുറവല്ല. ചിത്രകല ക്യാമ്പുകൾ പോലുള്ള സാംസ്കാരിക പരിപാടികൾക്കും ഇവിടം വേദിയാകുന്നു .
നാടിന്റെ പൈതൃകത്തെ സൂചിപ്പിക്കുന്ന വസ്തുക്കൾക്കും ഇവിടെ ഇടമുണ്ട്. പഴമയുടെ പ്രതീകങ്ങളായി കരിങ്കല്ലിന്റെ വെള്ളത്തൊട്ടിയും അത്താണിയും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. കൂടുതൽ സൗന്ദര്യവത്കരണം നടത്തി ഇവിടം കൂടുതൽ മെച്ചപ്പെടുത്താനുള്ള ഒരുക്കത്തിലാണ് ഒരുകൂട്ടം ആളുകൾ .
മിയോവാക്കി വനവത്കരണം നടപ്പാക്കിയും മറ്റും കൂടുതൽ വൈവിദ്ധ്യവത്കരിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. കൂടുതൽ ആളുകളെ ആകർഷിക്കാൻ ഇതു സഹാകരമാവുമെന്ന് പ്രതീക്ഷിക്കുന്നു
രാജീവ്, ബ്രദേഴ്സ് ലൈബ്രറി പ്രസിഡന്റ്