പ്രണയിച്ച പെൺകുട്ടിയെ വിവാഹം കഴിച്ചതിന്റെ പേരിൽ അവളുടെ ബന്ധുക്കളുടെ കൊലക്കത്തിക്ക് ഇരയാകേണ്ടി വന്നവരുടെ പട്ടികയിലേക്ക് അനീഷിന്റെ പേരും എഴുതിച്ചേർക്കപ്പെട്ടു. ക്രിസ്‌മസ് ദിവസം പാലക്കാട് തേങ്കുറുശിയിൽ നടന്ന ദുരഭിമാനകൊല പുരോഗമനവാദത്തിന്റെ മേലങ്കിയണിഞ്ഞു നിൽക്കുന്ന കേരളീയരുടെ ജാതിബോധത്തിന്റെ വ്യാപ്തിയും ആഴവും വ്യക്തമാക്കുന്നതാണ്. ഒരു സോഷ്യൽ ഓഡിറ്റിംഗ് നടത്തി സൂക്ഷ്മാർത്ഥത്തിൽ പരിശോധിച്ചാൽ ആശങ്കപ്പെടാൻ ഏറെയുണ്ടാകും അതിൽ.
കോടതിയടക്കം ദുരഭിമാനക്കൊല എന്ന് വിലയിരുത്തുകയും സമൂഹം ഏറെ ചർച്ചചെയ്യുകയും ചെയ്‌ത സംഭവുമായിരുന്നു കോട്ടയത്തെ കെവിന്റെ കൊലപാതകം. കോട്ടയം മാന്നാനത്തുള്ള ദളിത് ക്രൈസ്തവ കുടുംബത്തിലുള്ള കെവിനും റോമൻ കത്തോലിക്കാ വിഭാഗത്തിൽ നിന്നുള്ള നീനുവും തമ്മിലുള്ള പ്രണയവും വിവാഹവുമാണ് കെവിന്റെ കൊലപാതകത്തിൽ കലാശിച്ചത്. നീനുവിന്റെ വീട്ടുകാർ തന്നെയായിരുന്നു കൊലപാതകം നടത്തിയത്. സംഭവം ദുരഭിമാനക്കൊല തന്നെയെന്നു നിരീക്ഷിച്ച കോടതി 10 പ്രതികൾക്കും ഇരട്ട ജീവപര്യന്തം തടവ് വിധിച്ചു. പ്രതികളുടെ പ്രായം പരിഗണിച്ചാണ് വധശിക്ഷ ഒഴിവാക്കിയത്.
അതിന് മുമ്പ് 2018 മാർച്ച് 22നും കേരളം ഇത്തരമൊരു കൊലപാതകത്തിന് സാക്ഷ്യം വഹിച്ചിരുന്നു. ദളിത് യുവാവിനെ പ്രണയിച്ചതിന്റെ പേരിൽ കല്യാണത്തലേന്നാണ് മലപ്പുറം അരീക്കോട്ടെ ആതിരയെന്ന പെൺകുട്ടിക്ക് ജീവൻ നഷ്ടമായത്. സ്വന്തം അച്ഛനാണ് ആ പെൺകുട്ടിയുടെ ജീവനെടുത്തത്. സാമ്പത്തികമായി ഉയർന്ന നിലയിലായിരുന്ന ഒരു പട്ടാളക്കാരനെയാണ് ആതിര പ്രണയിച്ചതും കല്യാണം കഴിക്കാൻ തീരുമാനിച്ചതും. ആ വിവാഹം നടന്നാൽ താനെങ്ങനെ സമൂഹത്തിനു മുന്നിൽ തലയുയർത്തി നിൽക്കുമെന്നു ചോദിച്ചാണ് അച്ഛൻ മകളെ വെട്ടിക്കൊന്നത്. കോടതിയിൽ ആതിരയുടെ അമ്മയും സഹോദരനും കൂറുമാറിയതോടെ തെളിവുകളുടെ അഭാവത്തിൽ പ്രതി കുറ്റവിമുക്തനായി.
2001 സെപ്തംബർ 18നാണ് കാസർകോട് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വിദ്യാനഗർ പടുവടുക്കം ബാലകൃഷ്ണൻ കൊല്ലപ്പെട്ടത്. ഇതര സമുദായത്തിലെ പെൺകുട്ടിയെ വിവാഹം കഴിച്ചതാണ് കൊലയ്‌ക്ക് പിന്നിലെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഈ പരമ്പരയിലെ അവസാനമായി വിളക്കിച്ചേർത്ത കണ്ണിമാത്രമാണ് തേങ്കുറുശിയിലെ അനീഷ്. ഇവിടെ പ്രതികൾ ഭാര്യാപിതാവും അമ്മാവനും. ദുരഭിമാനത്തിന്റെ കാരണം ജാതിയും സാമ്പത്തികമായ അന്തരവും.
കഴിഞ്ഞ സെപ്തംബർ 27നാണ് തേങ്കുറുശി ഇലമന്ദം സ്വദേശി അനീഷും ചെറുതുപ്പല്ലൂർ സ്വദേശിനി ഹരിതയും വിവാഹിതരായത്. വെള്ളാളപിള്ള വിഭാഗത്തിൽപ്പെടുന്ന പെൺകുട്ടി കൊല്ലൻ സമുദായംഗമായ അനീഷിനെ വിവാഹം കഴിച്ചതിലെ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് പ്രതികൾ വ്യക്തമാക്കിയിട്ടുണ്ട്. വിവാഹം കഴിഞ്ഞ് 90 ദിവസം ഒരുമിച്ച് താമസിക്കാൻ അനുവദിക്കില്ലെന്ന് പെൺകുട്ടിയുടെ അമ്മാവനും കേസിലെ രണ്ടാംപ്രതിയുമായ സുരേഷ് പലതവണ അനീഷിനെതിരെ കൊലവിളി നടത്തിയിരുന്നു. കൃത്യം 89-ാം ദിവസം അവരത് നടപ്പാക്കുകയും ചെയ്തു.
ജാതിരഹിത - മതേതര സമൂഹമാണെന്ന് ഊറ്റംകൊള്ളുന്ന കേരളത്തിൽ ഒന്നിന് പിറകേ ഒന്നായി ഇത്തരം കൊലപാതകങ്ങൾ അരങ്ങേറുന്നത് ഒട്ടും ആശാവഹമല്ലെന്നതാണ് തിരിച്ചറിയേണ്ട വസ്തുത. തൊലിപ്പുറത്തുള്ള ചികിത്സയല്ല ഇതിനാവശ്യം. വിദ്യാഭ്യാസത്തിലൂടെയുള്ള ബോധവത്കരണമാണ് ശാശ്വതം.
പ്രത്യേക നിയമം അനിവാര്യം
ഭരണഘടന നൽകുന്ന മൗലികാവകാശങ്ങയളുടെ ലംഘനമാണ് ദുരഭിമാന കൊലപാതകങ്ങളിലൂടെ സംഭവിക്കുന്നത് എന്ന് ഇന്ത്യൻ നീതിന്യായ കോടതികൾ പലതവണ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പക്ഷേ, നാളിതുവരെയായി ഒരു പ്രത്യേക നിയമം നടപ്പാക്കാൻ നമുക്ക് കഴിഞ്ഞിട്ടില്ലെന്നത് ദൗർഭാഗ്യകരമാണ്. ദുരഭിമാന കൊലകൾക്കെതിരെ നിയമഭേദഗതി ആവശ്യപ്പെട്ട് പാർലമെന്റിൽ ഒറ്റപ്പെട്ട ചില ശബ്ദങ്ങൾ ഉയർന്നിരുന്നെങ്കിലും അവയെല്ലാം പാതിവഴിയിൽ അവസാനിക്കുകയായിരുന്നു.
രാജസ്ഥാനിലെ ഖാപ് പഞ്ചായത്ത് തീരുമാനപ്രകാരം നടന്ന മനോജ് ബാബ്ലി ദുരഭിമാന കൊലയിൽ കർണാൽ ജില്ലാ കോടതി ജഡ്ജി വാണി ഗോപാൽ ശർമ, കുറ്റക്കാരായി കണ്ടെത്തിയ അഞ്ചു പ്രതികൾക്ക് വധശിക്ഷ വിധിച്ചിരുന്നു. ജില്ലാ കോടതിയുടെ ചരിത്രപരമായ ഈ വിധിക്കെതിരെ പ്രതികൾ പഞ്ചാബ് -ഹരിയാന ഹൈക്കോടതിയിൽ നൽകിയ അപ്പീൽ പരിഗണിച്ച് വധശിക്ഷ ജീവപര്യന്തമായി കുറച്ചിരുന്നു. മനോജ് ബാബ്ലി വധക്കേസ് വലിയ ചർച്ചയാവുകയും തുടർന്ന് ഖാപ് പഞ്ചായത്തുകൾ വിധിക്കുന്ന ദുരഭിമാന കൊലകൾ തടയണമെന്ന ആവശ്യം ശക്തമാവുകയും ചെയ്തു. കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്ക് ഇക്കാര്യത്തിൽ എന്തു ചെയ്യാൻ കഴിയുമെന്ന് പരമോന്നത കോടതി ചോദിച്ചതിനെ തുടർന്ന് 2010 ഓഗസ്റ്റ് അഞ്ചിന് ഈ വിഷയം അന്നത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി പി.ചിദംബരം ലോക്‌സഭയിൽ ചർച്ച ചെയ്തു. ദുരഭിമാന കൊലകളിൽ പരമാവധി ശിക്ഷ ഉറപ്പാക്കുന്ന ബില്ല് ലോക്‌സഭയിൽ അവതരിപ്പിക്കാനും അദ്ദേഹം ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.
അതേവർഷം തന്നെ അന്നത്തെ നിയമമന്ത്രി എം. വീരപ്പമൊയ്‌ലി ദുരഭിമാന കൊലപാതകങ്ങൾക്ക് പ്രത്യേക ശിക്ഷ നൽകുന്നതിനായി ഇന്ത്യൻ പീനൽ കോഡ് ഭേദഗതി ചെയ്യണമെന്ന ആവശ്യം മുന്നോട്ടു വച്ചെങ്കിലും ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് നിയോഗിച്ച പ്രത്യേക മന്ത്രിമാരുടെ സംഘം, ദുരഭിമാന കൊലപാതകങ്ങൾ ഇല്ലാതാക്കാൻ അപര്യാപ്തമാണെന്നു ചൂണ്ടിക്കാട്ടി വീരപ്പമൊയ്‌ലിയുടെ നിർദേശങ്ങൾ തള്ളിക്കളയുകയായിരുന്നു.
ദുരഭിമാന കൊലകൾ പ്രത്യേക കുറ്റമായി പരിഗണിക്കുക, ഇന്ത്യൻ എവിഡൻസ് ആക്ട് ഭേദഗതി ചെയ്യുക, കൊലപാതകത്തിൽ നേരിട്ടും അല്ലാതെയും പങ്കെടുത്തവർക്കും കടുത്ത ശിക്ഷ നൽകുക എന്നീ നിർദേശങ്ങളായിരുന്നു വീരപ്പമൊയ്‌ലി മുന്നോട്ടു വച്ചത്. സാങ്കേതിക കാരണം പറഞ്ഞാണ് ഈ നിർദ്ദേശങ്ങളെ തള്ളിയത്. നിയമം കൊണ്ടു മാത്രം കൊണ്ട് ദുരഭിമാന കൊലപാതകങ്ങളെ തടയാൻ കഴിയില്ലെന്നത് വസ്തുതയാണ് സാമൂഹ്യമായ മാറ്റമാണ് ഏകപരിഹാരം. സമൂഹത്തിൽ ചർച്ചകൾ ഉണ്ടാകണം, പുരോഗമന സമൂഹത്തിന് ജാത്യാഭിമാനം എത്രമേൽ മോശമാണെന്ന് ജനങ്ങൾ തിരിച്ചറിയുക തന്നെ വേണം.