പാലക്കാട്: പുതുവർഷത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് എസ്.എസ്.എൽ.സി, പ്ലസ് ടു ക്ലാസുകൾ ആരംഭിച്ചു. ഒരേസമയം 50 ശതമാനം കുട്ടികളെയാണ് സ്‌കൂളിൽ പ്രവേശിപ്പിച്ചത്. കുട്ടികളുടെ താപനില പരിശോധിച്ച ശേഷമാണ് ക്ലാസുകളിലേക്ക് കടത്തിവിട്ടത്.
ആദ്യത്തെ ആഴ്ച ഒരു ബെഞ്ചിൽ ഒരു കുട്ടി എന്ന നിലയിൽ ക്ലാസുകൾ ക്രമീകരിക്കണമെന്നാണ് നിർദ്ദേശം. കൊവിഡ് കാല പരിമിതികൾക്കിടയിലും സ്‌കൂളിൽ എത്താനായതിന്റെ സന്തോഷം കുട്ടികൾക്കുണ്ടായിരുന്നു.
മാർച്ചിലെ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസുകൾ വഴി പൂർത്തിയാക്കിയ പാഠഭാഗങ്ങളുടെ സംശയനിവാരണം, റിവിഷൻ എന്നിവയ്ക്ക് ഊന്നൽ നൽകിയാകും പഠനം മുന്നോട്ട് പോകുന്നത്. ജില്ലയിലാകെ 199 ഹൈസ്‌കൂളുകളും 182 ഹയർ സെക്കൻഡറി സ്‌കൂളുകളുമാണുള്ളത്. ഇതിൽ എസ്.എസ്.എൽ.സി റെഗുലർ വിദ്യാർത്ഥികൾ മാത്രം 39,000 ത്തോളം വരും. ഇതുകൂടാതെ പ്രൈവറ്റായി പഠിച്ച് പരീക്ഷ എഴുതുന്നവരുമുണ്ട്. പ്ലസ് ടു വിദ്യാർത്ഥികൾ 31000 പേരുണ്ട്. പ്ലസ്ടുവിൽ 300 കുട്ടികളിൽ കൂടുതലുള്ള സ്‌കൂളിൽ 25 ശതമാനവും കുറവാണെങ്കിൽ 50 ശതമാനം വിദ്യാർത്ഥികളുമാണ് ഹാജരാകേണ്ടത്.
സാമൂഹിക അകലം ഉറപ്പാക്കുന്നതിനായി ഒരു ക്ലാസിൽ പരമാവധി പത്ത് കുട്ടികൾ മാത്രമാണ് ഉണ്ടാകുക. ഇതിനായി കൂടുതൽ ക്ലാസ് മുറികൾ സജ്ജീകരിച്ചിട്ടുണ്ട്. രാവിലെയും ഉച്ചയ്ക്കു ശേഷവും മൂന്ന് മണിക്കൂർ വീതമാണ് ക്ലാസുകൾ. ഒരു സമയത്ത് 50 ശതമാനം അദ്ധ്യാപകർ മാത്രമാണ് ക്ലാസുകളിൽ ഉണ്ടാവുക.
ഹയർ സെക്കൻഡറിയിൽ സയൻസ് വിഷയങ്ങളുടെ പ്രാക്ടിക്കൽ ക്ലാസുകൾ ജനുവരിയിൽ തന്നെ പൂർത്തിയാക്കുമെന്നും അധികൃതർ പറഞ്ഞു.
സ്‌കൂളുകളിലെ ഭൗതികസാഹചര്യങ്ങൾക്ക് അനുസരിച്ച് സ്‌കൂൾ പി.ടി.എയ്ക്കും പ്രധാനദ്ധ്യാപകർക്കും ക്ലാസുകളിൽ ഉൾപ്പെടുത്തേണ്ട കുട്ടികളുടെ എണ്ണത്തിൽ തീരുമാനമെടുക്കാം. പൂർണമായി കൊവിഡ് മാനദണ്ഡം പാലിച്ചാണ് പ്രവർത്തനങ്ങൾ നടക്കുന്നത്. കൈകൾ സാനിറ്റൈസ് ചെയ്യുന്നതിനുള്ള സൗകര്യം എല്ലായിടത്തും ഒരുക്കിയിട്ടുണ്ട്. ഒരുക്കങ്ങൾ സംബന്ധിച്ച് സ്‌കൂളുകളിൽ എ.ഇ.ഒയുടെ നേതൃത്വത്തിൽ പരിശോധന നടത്തിവരുന്നുണ്ട്. ഒരാഴ്ചയ്ക്കു ശേഷം മാത്രമേ ഹാജർനില സംബന്ധിച്ചുള്ള നടപടികൾ സ്വീകരിക്കുകയുള്ളു.
പി.കൃഷ്ണൻ, ഡി.ഡി.ഇ